കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ നടക്കുന്ന മരംമുറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 05.12.2025 വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. പൊതുഗതാഗതം ഒഴികെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മറ്റെല്ലാ വാഹനങ്ങളും കുറ്റ്യാടി ചുരം വഴി പോകേണ്ടതാണ്. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പനമരം – നാലാം മൈൽ – കൊറോം വഴിയും, മീനങ്ങാടി ഭാഗത്ത് നിന്ന് വരുന്നവർ പച്ചിലക്കാട് – പനമരം – നാലാം മൈൽ വഴിയും, കൽപ്പറ്റ ഭാഗത്തു നിന്നുള്ളവർ പനമരം – നാലാം മൈൽ വഴിയും, വൈത്തിരി ഭാഗത്ത് നിന്ന് വരുന്നവർ പടിഞ്ഞാറത്തറ – വെള്ളമുണ്ട വഴിയും പോകേണ്ടതാണ്. കൂടാതെ വടുവൻചാൽ ഭാഗത്തു നിന്നും പോകുന്നവർ നാടുകാണി ചുരം വഴിയും യാത്ര തുടരുവാൻ ശ്രദ്ധിക്കുക. പോലീസ് നടപ്പാക്കുന്ന ഈ ഗതാഗത നിയന്ത്രണ നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.








