ഇടനിലക്കാരില്ല, വിൽപ്പന വഴിയോരത്ത്‌; വിദേശജോലി കളഞ്ഞ്‌ കൃഷിക്കിറങ്ങിയ വിഷ്ണുവിന്റെ ഡ്രീം ലൈഫ്

Spread the love

വിദേശത്തെ തിളക്കമാർന്ന കരിയർ, കൈ നിറയെ ശമ്പളം, സുഖസൗകര്യങ്ങൾ… ഇതൊക്കെ ഉപേക്ഷിച്ച് പൊരിവെയിലത്ത് മണ്ണിലിറങ്ങാൻ ഒരാൾ തയ്യാറാകുമോ? കർഷകന് എന്നും കണ്ണീരിന്റെയും നഷ്ടങ്ങളുടെയും കണക്കുകൾ മാത്രമാകും ബാക്കിയാകുക എന്ന ധാരണകളെ ഭേദിച്ച് കൃഷിയെ ശാസ്ത്രമായും ലാഭകരമായ ബിസിനസ്സായും മാറ്റുകയാണ് കൊല്ലം പുതുച്ചിറ സ്വദേശിയായ വിഷ്ണു. ഹോട്ടൽ മാനേജ്‌മെന്റ് ബിരുദവും വിദേശത്തെ ആറുവർഷത്തെ കരിയറും ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങുമ്പോൾ വിഷ്ണുവിന് ആശങ്കളൊട്ടും തന്നെ ഉണ്ടായിരുന്നില്ല. പരിചയസമ്പന്നരായ കർഷകർ ഒരു പുസ്തകമെന്നവിധം വിഷ്ണുവിന് മുന്നിലുണ്ടായിരുന്നു. സംശയങ്ങൾ ശാസ്ത്രീയമായും പ്രായോഗികമായും പരിഹരിച്ച് മുന്നോട്ടുപോകുന്ന ഈ യുവ കർഷകൻ കാലത്തിനൊപ്പം സഞ്ചരിച്ച് കൃഷിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്.

 

കുട്ടിക്കാലം മുതലേ അച്ഛനും അമ്മയും കൃഷി ചെയ്യുന്നത് കണ്ടു വളർന്ന വിഷ്ണുവിന് മണ്ണുമായുള്ള ബന്ധം അന്നേ തുടങ്ങിയതാണ്. കൃഷി ചെയ്യുമ്പോൾ കർഷകന് മാത്രം മനസ്സിലാകുന്ന ഒരു സന്തോഷം ഉണ്ട്. ഒരോ വിത്തും മുളച്ച് തൈ ആകുന്നതും വളരുന്നതും നോക്കി പരിചരിച്ച് ഒടുവിൽ അതിൽനിന്നു ഫലം ലഭിക്കുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊന്നിനും നൽകാൻ സാധിക്കില്ലെന്ന് ഈ യുവകർഷകൻ പറയുന്നു. അച്ഛനും അമ്മയും ചെറുപ്പം മുതലേ പകർന്നു നൽകിയതുക്കൊണ്ടാണ് തനിക്കിപ്പോൾ ആ സന്തോഷം അത്രമേൽ ആസ്വദിക്കാൻ കഴിയുന്നതെന്നും മുന്നോട്ടുള്ള യാത്രയിൽ അതിലും വലിയ പ്രചോദനം ആവശ്യമില്ലെന്നും വിഷ്ണു പറയുന്നു.

 

കോയമ്പത്തൂർ അമൃത ഇന്റർനാഷണൽ കാറ്റഗറി സ്കൂളിൽനിന്നു ബിഎസ്സി ഹോട്ടൽ മാനേജ്‌മെന്റ് പൂർത്തിയാക്കിയ ശേഷം ആറുവർഷം മിഡിൽ ഈസ്റ്റിൽ ജോലി ചെയ്തു. എന്നാൽ ,കൃഷിയിലുള്ള താല്പര്യവും ആ ജോലിയിൽനിന്നുള്ള സംതൃപ്തിയും തിരിച്ചറിഞ്ഞതോടെ നാട്ടിലെത്തി പൂർണ്ണസമയ കർഷകനായി മാറാൻ തീരുമാനിക്കുകയായിരുന്നു.

 

എക്‌സ്‌പെരിമെന്റൽ ഫാമിങ്

 

എക്‌സ്‌പെരിമെന്റൽ ഫാമിങ് ആണ് തന്റെ രീതിയെന്ന് വിഷ്ണു പറയുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പുതിയ വിത്തുകൾ നട്ടുപിടിപ്പിക്കുകയും അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രം മറ്റ് കർഷകരിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന വലിയൊരു ദൗത്യമാണ് ഇദ്ദേഹത്തിനുമുന്നിലുള്ളത്. എല്ലാ തരത്തിലുള്ള പച്ചക്കറി വിത്തുകളുടെയും പരീക്ഷണ- നിരീക്ഷണ ശാലയാണ് ഈ യുവാവിന്റെ കൃഷിയിടം. പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ചെടിക്കുണ്ടാകുന്ന രോഗങ്ങൾ, അതിന്റെ രോഗപ്രതിരോധ മാർഗങ്ങൾ, അതുപോലെ തന്നെ ചെയ്യേണ്ട വളപ്രയോഗങ്ങൾ… ഇതിനെ കുറിച്ചൊക്കെ വ്യക്തമായി പഠിക്കും. കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ നല്ല വിളവ് തരുന്ന വിത്തുകൾ തിരിച്ചറിഞ്ഞ് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം ഈ വിത്തുകൾ മറ്റു കർഷകർക്ക് കൂടി കൈമാറുകയും താൻ സ്വീകരിച്ച മാർഗങ്ങളും നിരീക്ഷണങ്ങളും പങ്കുവെച്ച് അവരെയും കൃഷിയിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നുണ്ട് ഈ യുവ കർഷകൻ.

 

വാഴ നനയുമ്പോൾ ചീരയും നനയും

 

വിവിധ പ്രദേശങ്ങളിലായി ഒരേക്കറോളം ഭൂമിയിലാണ് കൃഷി. മണ്ണും കർഷകരുമാണ് പാഠപുസ്തകം. എത്ര പഠിച്ചാലും തീരാത്ത പുതിയ പുതിയ പാഠങ്ങളാണ് പ്രകൃതി ഒരുക്കിവെച്ചിരിക്കുന്നത്. പ്രകൃതിക്കൊപ്പം സഞ്ചരിക്കുക, മണ്ണറിഞ്ഞ് കൃഷിയിറക്കുക എന്നതാണ് തന്റെ നയമെന്നാണ് വിഷ്ണു പറയുന്നത്. ഏകവിള കൃഷി കർഷകന് ഒരിക്കലും ലാഭം തരില്ല എന്നതുപോലെ തന്നെ വ്യക്തമായ ധാരണയില്ലാതെ ഒരുപാട് വിളകൾ ഒരേ സമയം കൃഷി ചെയ്യുന്നതും നഷ്ടങ്ങൾക്ക് കാരണമാകാം. കൃത്യമായ പരിചരണം ഉറപ്പുവരുത്താൻ സാധിക്കുന്നത്ര വിളകൾ നിശ്ചിതസ്ഥലത്ത് കൃഷി ചെയ്യുകയെന്നതാണ് സ്വീകരിക്കുന്ന നയം. വാഴയ്ക്കൊപ്പം ഇടവിളയായി ചീര കൃഷി ചെയ്യുന്നു. വഴുതന, തക്കാളി, പാവൽ, പടവലം, കുക്കുമ്പർ, പയർ, പച്ചമുളക് മുതലായവയും വിഷ്ണുവിന്റെ കൃഷിയിടത്തിൽ തഴച്ചുവളരുന്നു.

 

ഒട്ടനവധി കാര്യങ്ങൾ. ചെറിയ തോതിൽ തുടങ്ങി വിളയുടെ ഓരോ കാലവും അടുത്തറിഞ്ഞ് തെറ്റുകളിൽനിന്നും വീഴ്ചകളിൽനിന്നും പഠിച്ച് അവ തിരുത്തി കൂടുതൽ സ്ഥലത്തേക്കും കൂടുതൽ വിളകളിലേക്കും കൃഷി വ്യാപിപ്പിക്കുന്നതായിരിക്കും ഉചിതമെന്ന് വിഷ്ണു പറയുന്നു.

 

വിദേശത്തെ നല്ല ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞപ്പോൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൃഷിയോടുള്ള താത്പര്യമാണ് വിഷ്ണുവിന്റെ യാത്രയുടെ വിജയം. കൃഷിയിൽ ഭാവി ഉണ്ടോ എന്ന് ചോദിച്ചവർക്ക് മുന്നിൽ ഭാവി മാത്രമല്ല, നേട്ടങ്ങളുടെ വലിയ നിര തന്നെ ചൂണ്ടികാണിക്കാനുണ്ട് വിഷ്ണുവിന്. പ്രാക്ടിക്കൽ വർക് ഷോപ്പുകളും ഫാം ടൂറിസം അടക്കമുള്ള കാലത്തിനനുസൃതമായ കൃഷി സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തി മുന്നോട്ട് പോകുകയാണ് ഈ യുവ കർഷകൻ.

  • Related Posts

    കൊഴുപ്പ് കൂടിയ ഭക്ഷണം സ്തനാർബുദ സാധ്യത വർധിപ്പിക്കും, പുതിയ പഠനം

    Spread the love

    Spread the loveകൊഴുപ്പ് കൂടിയ ഭക്ഷണശീലം സ്തനാർബുദ സാധ്യത കൂട്ടുമെന്ന് ന്യൂജഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പഠനം. ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ ട്യൂമർ വളർച്ചയെ സ്വാധീനിക്കുകയും ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ പോലുള്ള വേഗത്തിൽ പടരുന്ന സ്തനാർബുദങ്ങൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്ന് പഠനത്തിൽ…

    കാത്തിരിപ്പ് വിഫലം; വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the loveബെംഗളൂരു ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. തിരച്ചിൽ ആരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ…

    Leave a Reply

    Your email address will not be published. Required fields are marked *