മറ്റൊരു കുടുംബത്തെ കൂടെ കണ്ണീരിലാക്കാനില്ല’; ഉള്ളുരുകുമ്പോഴും ‘തെറ്റുകാരന് ‘ മാപ്പുനൽകി മലയാളി ദമ്പതികൾ

Spread the love

ഷാർജ ∙ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ വാഹനം കവർന്നത് ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണ്മണിയെ. ഉള്ളുരുകുന്ന വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മാതൃകയാവുകയാണ് മലയാളി ദമ്പതികൾ.

 

മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ 22 മാസം മാത്രം പ്രായമുള്ള അലൻ റൂമി ആണ് ഈ മാസം 11ന് ഷാർജയിലുണ്ടായ അപകടത്തിൽ മരിച്ചത്. മകന്റെ മരണത്തിൽ പരാതിയില്ലെന്ന് ഷറഫുദ്ദീനും സഫ്നയും പൊലീസിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.

 

സന്ദർശക വീസയിൽ ഷാർജയിൽ ഭർത്താവിന്റെ അടുത്ത് മകനെയും കൊണ്ട് എത്തിയതായിരുന്നു സഫ്ന. ‘ഫ്ലാറ്റിന് സമീപം മണൽ വിരിച്ച പാർക്കിങ് ഏരിയയിൽ മാലിന്യം നിക്ഷേപിക്കാൻ സഫ്ന പോയപ്പോൾ കൂടെയുണ്ടായിരുന്ന അലൻ പെട്ടെന്ന് കയ്യിൽ നിന്ന് കുതറി ഓടുകയും തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനം എടുക്കുന്നതിനിടയിൽ കുട്ടി അതിനടിയിൽപ്പെടുകയുമായിരുന്നു. എല്ലാം നിമിഷങ്ങൾക്കുള്ളിലായിരുന്നു. ഡ്രൈവർക്ക് കുട്ടിയെ കാണാൻ സാധിക്കുമായിരുന്നില്ല. അദ്ദേഹത്തെ ക്രൂശിച്ചതുകൊണ്ട് ഞങ്ങളുടെ മകനെ തിരികെ കിട്ടില്ലല്ലോ, മറ്റൊരു കുടുംബം കൂടി കണ്ണീരിലാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’ – വിതുമ്പലോടെ ഷറഫുദ്ദീൻ പറഞ്ഞു.

 

അപകടം നടന്നയുടൻ ആംബുലൻസിനായി കാത്തുനിൽക്കാതെ ഡ്രൈവർ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം ജീവൻ രക്ഷിക്കാനായില്ല. റമസാനും പെരുന്നാളും ഒന്നിച്ച് ആഘോഷിക്കാനും ഏപ്രിൽ 23ന് അലന്റെ രണ്ടാം പിറന്നാൾ വിപുലമായി നടത്താനും പദ്ധതിയിട്ടിരിക്കെയാണ് ഈ ദുരന്തം. മൃതദേഹം ദുബായിൽ സംസ്കരിച്ച ശേഷം ദമ്പതികൾ നാട്ടിലേക്ക് മടങ്ങി. ഡ്രൈവർക്കെതിരെ പരാതിയില്ലെന്ന് മടങ്ങുന്നതിന് മുൻപ് തന്നെ ഇവർ ഷാർജ പൊലീസിനെ അറിയിച്ചിരുന്നു. കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയിലാണ്.

  • Related Posts

    കൊഴുപ്പ് കൂടിയ ഭക്ഷണം സ്തനാർബുദ സാധ്യത വർധിപ്പിക്കും, പുതിയ പഠനം

    Spread the love

    Spread the loveകൊഴുപ്പ് കൂടിയ ഭക്ഷണശീലം സ്തനാർബുദ സാധ്യത കൂട്ടുമെന്ന് ന്യൂജഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പഠനം. ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ ട്യൂമർ വളർച്ചയെ സ്വാധീനിക്കുകയും ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ പോലുള്ള വേഗത്തിൽ പടരുന്ന സ്തനാർബുദങ്ങൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്ന് പഠനത്തിൽ…

    കാത്തിരിപ്പ് വിഫലം; വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the loveബെംഗളൂരു ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. തിരച്ചിൽ ആരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ…

    Leave a Reply

    Your email address will not be published. Required fields are marked *