ഹോർമുസ് കടലിടുക്കിലെ തന്ത്രപരമായ നീക്കങ്ങളാണ് താൻ നടത്തുന്നതെന്ന് ട്രംപ് അവകാശപ്പെടുന്നു, അതേസമയം പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും വീണ്ടും പുകയുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് ഇറാൻ നയതന്ത്ര കാര്യാലയങ്ങൾ രംഗത്ത്. ഹോർമുസ് കടലിടുക്കിലെ തന്ത്രപരമായ നീക്കങ്ങളെയും ട്രംപിന്റെ നയങ്ങളെയും പരിഹസിച്ചുകൊണ്ട് ഹംഗറിയിലെ ഇറാനിയൻ എംബസി പങ്കുവെച്ച എഐ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
‘ഓസ്റ്റിൻ പവേഴ്സിലെ’പ്രശസ്തമായ ഒരു രംഗത്തെ ആസ്പദമാക്കിയാണ് ഈ പരിഹാസ വിഡിയോ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ഓസ്റ്റിൻ പവേഴ്സ് ഒരു ചെറിയ ലഗേജ് കാർട്ട് ഇടുങ്ങിയ ഇടനാഴിയിൽ കുടുക്കുന്നതും, അത് തിരിക്കാൻ പാടുപെടുന്നതും പോലെയാണ് ട്രംപിനെയും വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
വിഡിയോയിൽ പറയുന്നത്:
ഏകദേശം 34 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ, ടെസ്‌ല ലോഗോയുള്ള ഒരു ചെറിയ വാഹനത്തിൽ ട്രംപ് ഹോർമുസ് കടലിടുക്കിനെ സൂചിപ്പിക്കുന്ന ഇടുങ്ങിയ പാതയിലൂടെ വരികയാണ്. എന്നാൽ നിമിഷങ്ങൾക്കകം വാഹനം പാതയിൽ കുറുകെ കുടുങ്ങുന്നു. പുറത്തുകടക്കാൻ കഴിയാതെ ട്രംപ് വാഹനം മുന്നോട്ടും പിന്നോട്ടും എടുക്കാൻ ശ്രമിക്കുന്നതും എന്നാൽ ഒരിഞ്ച് പോലും നീങ്ങാൻ കഴിയാത്തതുമാണ് വിഡിയോയുടെ കാതൽ.
‘ഹോർമുസ് കടലിടുക്ക് കടക്കാനുള്ള ട്രംപിന്റെ ശ്രമം’ എന്ന അടിക്കുറിപ്പോടെയാണ് എംബസി ഈ വിഡിയോ എക്സിൽ (X) പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്മേൽ അമേരിക്ക നടത്തുന്ന നീക്കങ്ങൾ ഫലം കാണില്ലെന്ന സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നത്.
ശതകോടീശ്വരൻ ഇലോൺ മസ്‌കുമായുള്ള ട്രംപിന്റെ അടുത്ത ബന്ധത്തെ സൂചിപ്പിക്കാനാണ് വിഡിയോയിൽ സൈബർ ട്രക്ക് മാതൃകയിലുള്ള വാഹനം ഉൾപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ വിഡിയോ ഇതിനോടകം എട്ടു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
നേരത്തെയും സമാനമായ രീതിയിൽ ട്രംപിനെ പരിഹസിക്കുന്ന എഐ വിഡിയോകൾ ഇറാൻ പുറത്തുവിട്ടിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധി നിലനിൽക്കെ നയതന്ത്ര യുദ്ധത്തിനൊപ്പം തന്നെ ഇത്തരത്തിലുള്ള ‘സൈബർ ട്രോളുകളും’ ശക്തമാക്കുകയാണ് ഇറാൻ.







