മാനന്തവാടി ∙ വൻകിട തോട്ടങ്ങളിൽ നിന്ന് മാത്രമല്ല ചെറുകിട കൃഷിയിടങ്ങളിൽ നിന്നും മരം മുറിച്ച് നീക്കുന്നത് വ്യാപകമാകുന്നു. പ്രതിദിനം നിരവധി ലോഡ് മരങ്ങളാണ് ജില്ലയിൽ നിന്നും ചുരം ഇറങ്ങുന്നത്. ഇത് മറികടക്കാൻ മരം സംരക്ഷിക്കുന്ന കർഷകർക്ക് സർക്കാർ പ്രോത്സാഹനം നൽകണമെന്ന് നിർദേശം ഉയർന്നിട്ടുണ്ട്. കൃഷി നാശവും വിലയിടിവും വരുത്തി വച്ച വൻ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഭൂരിഭാഗം കർഷകരും കിട്ടുന്ന വിലയ്ക്ക് മരങ്ങൾ മുറിച്ച് നീക്കുന്നത്. വീട് നിർമാണത്തിനോ ഫർണിച്ചർ നിർമാണത്തിനോ ഉപയോഗിക്കാത്ത സോഫ്റ്റ് വുഡ് ഇനം വ്യാവസായിക ആവശ്യങ്ങൾക്കായാണ് മുറിച്ച് നീക്കുന്നത്.
താന്നി, മാവ്, മഹാഗണി, വെങ്കണ, സിൽവർ തുടങ്ങിയ മരങ്ങളാണ് കൂടുതലായും ഇങ്ങനെ മുറിച്ച് കൊണ്ടുപോകുന്നത്. പ്രധാനമായും എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലേക്കാണ് ഇൗ മരങ്ങൾ എത്തുന്നത്. 6 ചക്ര ലോറിയിൽ 15 ടൺ, 10 ചക്ര ലോറിയിൽ 20 ടൺ, 12 ചക്ര ലോറിയിൽ 25 ടൺ എന്ന തോതിലാണ് മരം കയറ്റുന്നത്. ഇത്തരത്തിൽ 10 മുതൽ 20 ലോറി വരെ ചുരം ഇറങ്ങുന്നു എന്നാണ് കണക്ക്. ടണ്ണിന് ശരാശരി 4000 രൂപയാണ് പാഴ്മരങ്ങൾക്ക് വില ലഭിക്കുന്നത്. കുറഞ്ഞത് 2 അടി വീതി എങ്കിലും ഉള്ള മരങ്ങളാണ് ഇങ്ങനെ കയറ്റി അയയ്ക്കുക. യുദ്ധ ഭീതിയെ തുടർന്ന് പാചക വാതക ക്ഷാമം നേരിട്ട് തുടങ്ങിയതോടെ വിറകിനും വില കൂടുന്നുണ്ട്.
ഇതിന് പുറമേ ജില്ലയിൽ തന്നെ പാഴ്മരങ്ങൾ ഷീറ്റാക്കി മാറ്റുന്ന പീലിങ് മില്ലുകളിലേക്കും വലിയതോതിൽ മരം എത്തുന്നുണ്ട്. പ്ലൈവുഡ് ഫാക്ടറികൾ അടക്കമുള്ള വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരം ഷീറ്റുകൾ ഉപയോഗിക്കുക. മാനന്തവാടി താലൂക്കിൽ മാത്രം ഇത്തരം 4 പീലിങ് മില്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ബംഗാളിലെ തിരഞ്ഞെടുപ്പ് കാരണം തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് പോയതിനാൽ പെരുമ്പാവൂരിൽ അടക്കമുള്ള മില്ലുകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണെന്ന് മരം വ്യാപാരികൾ പറയുന്നു. ഇവർ തിരിച്ചെത്തുന്ന മുറയ്ക്ക് മരം വിപണി വീണ്ടും സജീവമാകും. മരം മുറിക്കാനുള്ള ഉയർന്ന കൂലിയും ഉയർന്ന വാഹന വാടകയും കാരണം കർഷകർക്ക് മരം മുറിച്ച് വിറ്റാലും കാര്യമായ തുക ലഭിക്കില്ല.
എല്ലാ വർഷവും ചോല നീക്കാനുള്ള ഭീമമായ കൂലിയും പാഴ്മരങ്ങൾ മുറിച്ച് നീക്കിയിടത്ത് പുതിയ വിളകൾ വച്ച് പിടിപ്പിക്കാമെന്നതും കാരണമാണ് ചെറുകിടക്കാർ മരങ്ങൾ വിൽപന നടത്താൻ തയാറാകുന്നത്. അനുദിനം ചൂട് കൂടുന്ന ഇപ്പോഴത്തെ കാലാവസ്ഥയിൽ വൻ തോതിൽ മരം മുറിച്ച് നീക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇത് കണക്കിലെടുത്ത് തരിശ് കിടക്കുന്ന സ്ഥലങ്ങളിൽ മരങ്ങൾ വച്ച് പിടിപ്പിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കണം എന്ന ആവശ്യം പരിസ്ഥിതി പ്രവർത്തകർ ഏറെ നാളായി ഉയർത്തി വരുന്നതാണ്.







