മുംബൈ∙ നാസിക് ടിസിഎസ് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന എച്ച് ആർ മാനേജർ നിദ ഖാൻ പിടിയിലായി. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാന്റെ അറസ്റ്റ്. 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നതനുസരിച്ച്, ഛത്രപതി സംഭജിനഗറിലെ നരേഗാവിലെ കൈസർ കോളനിയിലെ ഫ്ലാറ്റിൽ കഴിഞ്ഞ നാല് ദിവസമായി നിദ ഖാൻ മാതാപിതാക്കൾക്കും, സഹോദരനുമൊപ്പം താമസിക്കുകയായിരുന്നു. നിദാ ഖാൻ ഇവിടെയുണ്ടെന്ന സൂചനകൾ ലഭിച്ചതിന് പിന്നാലെ പൊലീസ് ഫ്ലാറ്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.
നാസിക് എസ്.ഐ.ടി, ഛത്രപതി സംഭജിനഗർ പോലീസ് കമ്മീഷണറേറ്റ്, ക്രൈം ബ്രാഞ്ച് എന്നിവർ സംയുക്തമായാണ് നിദ ഖാനെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിെയ റിമാൻഡ് ചെയ്തു. തുടന്നുള്ള ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി ഇവരെ നാസിക്കിലേക്ക് കൊണ്ടുപോയി. അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഖാൻ നേരത്തെ നാസിക് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. രണ്ട് മാസം ഗർഭിണിയാണെന്നും അതിനാൽ അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കോടതി ഇടക്കാലജാമ്യം നിഷേധിച്ചിരുന്നു.
2021 ഡിസംബറിലാണ് നിദാ ഖാൻകമ്പനിയിൽ ചേർന്നത്, ‘പ്രോസസ് അസോസിയേറ്റ്’ ആയി പ്രവർത്തിക്കുകയായിരുന്നു. ആരോപണങ്ങളെത്തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം, നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസുമായി (TCS) ബന്ധപ്പെട്ട ഒരു ബിപിഒ യൂണിറ്റിൽ നിന്ന് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ചില ജീവനക്കാർ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവർത്തന ശ്രമങ്ങൾ എന്നിവ നേരിട്ടതായി പരാതി നൽകി. പരാതികളെത്തുടർന്ന്, പോലീസ് നിരവധി ടീമുകളെ രൂപീകരിക്കുകയും ഖാനെ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.






