ഇറാന് താൽക്കാലിക ആശ്വാസം: 5 ദിവസത്തേക്ക് ആക്രമിക്കില്ല, ഇടവേള പ്രഖ്യാപിച്ച് ട്രംപ്

Spread the love

വാഷിങ്ടൻ∙ ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ 5 ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. ട്രംപിന്റെ സമൂഹമാധ്യമമായ ട്രൂത്ത് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

‘‘യുഎസും ഇറാനുമായി കഴിഞ്ഞ രണ്ടുദിവസങ്ങളായി ഫലപ്രദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. ചർച്ചകളുടെ ഫലമായി ഇറാനിലെ ഊർജ സംരക്ഷണ പ്ലാന്റുകൾക്കും മറ്റും നടത്തിയ എല്ലാ സൈനിക നടപടികളും 5 ദിവസത്തേക്ക് നിർത്തിവയ്ക്കാൻ പ്രതിരോധ വകുപ്പിനോട് നിർദേശിച്ചു’’– ട്രംപ് കുറിച്ചു.

 

അതേസമയം, ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്ന ചില കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ (ഏകദേശം 18.8 കോടി രൂപ) ഈടാക്കാനാണ് തീരുമാനം. ഇസ്രയേൽ–യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കപ്പൽപ്പാതയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇറാന്റെ തീരുമാനം.

 

‘ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്ന ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ ട്രാൻസിറ്റ് ഫീസായാണ് ഈടാക്കുക. ഇത് ഇറാന്റെ ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നത്. യുദ്ധത്തിന് വലിയ വില നൽകേണ്ടതുണ്ട്’- ഇറാൻ പാർലമെന്റ് അംഗവും ഇറാനിയൻ ദേശീയ സുരക്ഷാ കമ്മിറ്റി അംഗവുമായ അലാദിൻ ബറോജെർഡി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ്ങിനോട് (IRIB) പറഞ്ഞു. ടോൾ ഇതിനോടകം നടപ്പാക്കി തുടങ്ങിയെന്നാണ് വിവരം. ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇറാൻ കൈക്കൊള്ളുന്ന നിർണായക തീരുമാനമാണിത്. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു പങ്കും ഹോര്‍മുസിലൂടെയാണ് കടന്നുപോകുന്നത്.

 

നേരത്തെ. വൈദ്യുതനിലയങ്ങൾ തകർത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന ഇറാൻ ഗൾഫ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. കടൽ വെള്ളം ശുദ്ധീകരിച്ചു കുടിവെള്ളമാക്കുന്ന ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും ഡിസാലിനേഷൻ കേന്ദ്രങ്ങൾ തകർക്കുമെന്നാണു ഭീഷണി. 48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതനിലയങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.

 

അതിനിടെ, ബഹ്റൈനിൽ വ്യാപക നാശത്തിനിടയാക്കിയ സ്ഫോടനം ഇറാന്റെ ആക്രമണത്തിൽ നിന്നല്ലെന്നു വ്യക്തമായി. ഇറാൻ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെ യുഎസ് അയച്ച പേട്രിയട്ട് ഇന്റർസെപ്റ്റർ മിസൈലാണു നാശമുണ്ടാക്കിയതെന്നു കണ്ടെത്തി. ഈ മാസം 9നു പുലർച്ചെയാണു മനാമയ്ക്കു സമീപമുള്ള സിട്ര ദ്വീപിലെ മഹാസയിൽ ആക്രമണം നടന്നത്.

 

തിങ്കളാഴ്ച പുലർച്ചെ ഇസ്രയേലിൽ ഇറാൻ വീണ്ടും ആക്രമണം നടത്തി. ഇറാൻ മിസൈലുകൾ അയച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്നും ഇസ്രയേൽ പറഞ്ഞു.

  • Related Posts

    വിമാനം ഇറങ്ങിയാൽ ഉടൻ അറസ്റ്റ്?; 13 അംഗ സംഘത്തെ കാത്ത് ഓസ്‌ട്രേലിയ, 4 വനിതകളും 9 കുട്ടികളും എത്തുക നാളെ

    Spread the love

    Spread the love  മെൽബൺ∙ സിറിയിലെ ക്യാംപിൽ കഴിഞ്ഞിരുന്ന ഐഎസ് ഭീകരന്മാരുടെ ഭാര്യമാരിൽ ചിലരും കുട്ടികളും നാളെ (വ്യാഴം) ഓസ്‌ട്രേലിയയിൽ എത്തും. ഇവർക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാരിന് എത്ര ചെലവ് വരുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി ആന്തണി ആൽബനീസ് മൗനം തുടരുകയാണ്.…

    ‘എഐക്ക് അത്ര സ്വാതന്ത്ര്യം വേണ്ട’, ഭീഷണി തിരിച്ചറിഞ്ഞ് യുഎസ്; പുതിയ നിയമം കൊണ്ടുവരും

    Spread the love

    Spread the loveന്യൂയോര്‍ക്ക് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി അമേരിക്ക. പുതിയ എഐ മോഡലുകള്‍ പുറത്തിറക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ പരിശോധന നിര്‍ബന്ധമാക്കാനാണ് നീക്കം.   എഐ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കുറക്കണമെന്നതായിരുന്നു നേരത്തെ ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ സുരക്ഷാ…

    Leave a Reply

    Your email address will not be published. Required fields are marked *