ന്യൂഡൽഹി ∙ അംഗബലത്തിൽ കെ.സി.വേണുഗോപാൽ; പല ഘടകങ്ങളിൽ വി.ഡി.സതീശൻ; സീനിയോറിറ്റിയിൽ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കും മുൻപു പരിഗണിക്കേണ്ട ഗുണവും ദോഷവും വിശദമാക്കിയാണ് എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു റിപ്പോർട്ട് നൽകിയത്. നിയമസഭാകക്ഷിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനം സാധ്യമാകാത്ത സാഹചര്യമുണ്ടെന്ന വാക്കാൽ വിശദീകരണവും നിരീക്ഷകർ അറിയിച്ചു. നിയമസഭാകക്ഷിയിലെ പിന്തുണയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുത്ത മറ്റു സംസ്ഥാനങ്ങളിലെ മാതൃക നിലവിൽ കേരളത്തിൽ അടിച്ചേൽപിക്കാനാകില്ലെന്ന ബോധ്യം ഹൈക്കമാൻഡിനുമുണ്ട്.
∙ നിരീക്ഷകർ റിപ്പോർട്ട് ചെയ്ത വിഷയങ്ങൾ
നിയമസഭാകക്ഷി: 63 കോൺഗ്രസ് എംഎൽഎമാർക്കിടയിൽ വൻഭൂരിപക്ഷമാണു കെ.സി.വേണുഗോപാലിനുള്ളത്. ഇതെക്കുറിച്ചു ചോദിച്ചപ്പോൾ നിരീക്ഷകരിലൊരാൾ പറഞ്ഞത് അദ്ദേഹം ഒരുപാട് മുൻപിലാണ് എന്നാണ്. നാൽപതിലേറെപ്പേരുടെ പിന്തുണ കെസിക്കു ലഭിച്ചു. 5 പേർ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നാണ് അറിയിച്ചത്. കെസിക്കുള്ള പിന്തുണ പറഞ്ഞപ്പോൾത്തന്നെ സതീശനെയോ രമേശിനെയോ പിന്തുണച്ചവരുമുണ്ട്.
പ്രതിസന്ധി: എംഎൽഎമാരുടെ പിന്തുണ പ്രധാന ഘടകമെങ്കിലും കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ ഇതു മാത്രം പരിഗണിക്കാനാകുമോ? വിശേഷിച്ചും കെസി ഹൈക്കമാൻഡിന്റെ ഭാഗമായിരിക്കുമ്പോൾ. ഏകപക്ഷീയ തീരുമാനമായി അതു വ്യാഖ്യാനിക്കപ്പെടാം.
സതീശന്റെ പ്രാധാന്യം: 10 വർഷത്തെ ഇടവേളയ്ക്കു ശേഷം കോൺഗ്രസിനും യുഡിഎഫിനും തിളക്കമുള്ള ജയം സമ്മാനിച്ചതിന്റെ പ്രധാന ക്രെഡിറ്റ് പ്രതിപക്ഷനേതാവിനാണ്. കേവലം പദവിക്കപ്പുറം ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കാൻ സതീശനു കഴിഞ്ഞു. ജനങ്ങൾക്കിടയിൽ ഇതു ചർച്ചയാണ്.
പ്രതിസന്ധി: പാർട്ടി അണികൾക്കിടയിലും പൊതുസമൂഹത്തിലും സതീശൻ മുഖ്യമന്ത്രിയാകണമെന്ന പൊതുവികാരമുണ്ട്. മുഖ്യമന്ത്രിപദമല്ലാതെ മറ്റൊന്നും വേണ്ടെന്ന നിലപാട് സതീശൻ സ്വീകരിച്ചാൽ പ്രതിസന്ധിയുണ്ടാകും. സതീശനായി തെരുവിൽ അണികളുടെ പ്രതിഷേധവും പ്രചാരണവും ശക്തമാകുന്നതും അവഗണിക്കാനാകില്ല. അതേസമയം, അതുണ്ടാക്കുന്ന സമ്മർദത്തിന്മേലാണു തീരുമാനമെന്നു വരികയുമരുത്.
ഭരണപരിചയം: പ്രായത്തിലും പ്രവർത്തനത്തിലും രമേശ് ചെന്നിത്തലയാണു സീനിയർ. സംസ്ഥാന, കേന്ദ്ര മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ ആനുകൂല്യം കെസിക്കുണ്ട്. പ്രതിപക്ഷനേതാവെന്ന ദൗത്യം നിറവേറ്റിയെന്നു വിശ്വസിക്കുന്ന സതീശൻ മന്ത്രിയായിട്ടില്ലെങ്കിലും ഭരണസംവിധാനത്തെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു.
പ്രതിസന്ധി: സാമ്പത്തികഞെരുക്കം അടക്കം വെല്ലുവിളികൾ സർക്കാരിനു മുന്നിൽ ഉറപ്പായിരിക്കെ ഭരണപരിചയം പ്രധാനമാണ്. അതേസമയം, സീനിയോറിറ്റി പരിഗണിക്കാതെയും താരതമ്യേന പുതിയ നേതാക്കൾക്ക് അവസരം നൽകിയും ബിജെപി ദേശീയരാഷ്ട്രീയത്തിൽ പുതിയ പരീക്ഷണം നടത്തുമ്പോൾ കോൺഗ്രസിന്റെ തീരുമാനത്തിനു പല വ്യാഖ്യാനങ്ങളുണ്ടാകാം. കോൺഗ്രസിന്റെ ഭാവി കൂടി തീരുമാനത്തിൽ പരിഗണിക്കണം.
ഉപതിരഞ്ഞെടുപ്പ്: ചില എംഎൽഎമാർ ഉപതിരഞ്ഞെടുപ്പ് ഗുണകരമാകില്ലെന്ന അഭിപ്രായം പങ്കിട്ടു. ഘടകകക്ഷികൾക്കും ഇതേ അഭിപ്രായം.
പ്രതിസന്ധി: കെസി മുഖ്യമന്ത്രിയായാൽ ഒരു നിയമസഭാ സീറ്റിലേക്കും ലോക്സഭയിൽ അദ്ദേഹം പ്രതിനിധീകരിക്കുന്ന ആലപ്പുഴയിലും ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടിവരും. അത് ഇപ്പോഴത്തെ വിജയത്തിന്റെ തിളക്കം നഷ്ടപ്പെടുത്തുമോ എന്നതിൽ ആലോചന വേണം.






