
ചേർന്നാണ് വൈറസുകളുടെ സാന്നിധ്യം സംബന്ധിച്ച ഗവേഷണത്തിന് നേതൃത്വം നൽകിയത്. പ്രത്യേകമായി തയാറാക്കിയ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സമുദ്രജല സാംപിളുകളിലെ സൂക്ഷ്മാണുക്കളുടെ ജീനോമുകൾ ഇവർ കണ്ടെത്തി. ഈ കൂട്ടത്തിലാണ് ഇന്നോളം ശാസ്ത്രത്തിന്റെ കണ്ണിൽ പെടാതിരുന്ന 230 സമുദ്ര വൈറസുകളെ കണ്ടെത്തിയത്.
സമുദ്രത്തിലെ ജീവന്റെ നിലനിൽപ്പിനെക്കുറിച്ച്, പ്രത്യേകിച്ച് ആൽഗെകൾ, അമീബകൾ, എന്നിവയുൾപ്പെടെയുള്ള പ്രോട്ടിസ്റ്റുകൾ എന്നറിയപ്പെടുന്ന സമുദ്രജീവികളുടെ നിലനിൽപിനെക്കുറിച്ചു മനസ്സിലാക്കുന്നതിൽ ഈ വൈറസുകളെ തിരിച്ചറിയുന്നത് നിർണായകമാണെന്ന് ഗവേഷകർ പറയുന്നു. സമുദ്രത്തിലെ വലിയ വൈറസുകളുടെ വൈവിധ്യവും അവ വഹിക്കുന്ന പങ്കും ആൽഗെയും മറ്റു സമുദ്ര സൂക്ഷ്മാണുക്കളുമായി അവ എങ്ങനെ ഇടപഴകുന്നു എന്നതുമെല്ലാം കൃത്യമായി മനസ്സിലാക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമായ തരത്തിൽ വ്യാപിക്കുന്ന പായലുകൾക്ക് തടയിടാൻ സാധിക്കുമെന്നാണ് നിഗമനം.
ജീനോം ഡാറ്റബേസുകൾ, വിശകലനം നടത്തുന്നതിനുള്ള നൂതന ഉപകരണങ്ങൾ, പ്രത്യേകമായി തയാറാക്കിയ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ എന്നിവ ഇത്തരം വൈറസുകളെ കൂടുതലായി കണ്ടെത്തുന്നതിനും അവ എങ്ങനെ പടരുകയും പെരുമാറുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കുന്നതിനും ഗവേഷകരെ സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന് നദികളിലും തടാകങ്ങളിലും സമുദ്രങ്ങളിലും ജീവിക്കുന്ന പ്രകാശസംശ്ലേഷണം നടത്താൻ കഴിവുള്ള ഫൈറ്റോപ്ലാങ്തണുകളെ ഈ ഭീമൻ വൈറസുകൾ ഇല്ലാതാക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സമുദ്ര ഭക്ഷ്യ ശൃംഖല നിലനിൽക്കുന്നതിന് അനിവാര്യ ഘടകമായ ഫൈറ്റോപ്ലാങ്തണുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വൈറസുകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിലൂടെ സാധിക്കും.
കണ്ടെത്തിയിരിക്കുന്ന വൈറസുകളെ ആൽഗവൈറലുകൾ, ഇമിറ്റർവൈറലുകൾ എന്നിങ്ങനെ രണ്ടായാണ് ശാസ്ത്രജ്ഞർ തരംതിരിച്ചിരിക്കുന്നത്. ഇവയിൽ 100 മുതൽ 200 നാനോമീറ്റർ വരെ വ്യാസമുള്ള ആൽഗവൈറലുകളാണ് പ്രധാനമായും ഫോട്ടോസിന്തറ്റിക് ആൽഗെകളെ നശിപ്പിക്കുന്നത്. അതേസമയം വിവിധയിനം സമുദ്ര ജീവജാലങ്ങളിൽ അതിജീവിക്കാൻ സാധിക്കുന്ന തരം വഴക്കമുള്ള ജനിതിക പ്രത്യേകതകളാണ് ഇമിറ്റർവൈറലുകൾക്കുള്ളത്. മറ്റു വൈറസുകളെക്കാൾ വലിയതോതിൽ ഇവയ്ക്ക് സമുദ്ര ജീവജാലങ്ങളെ കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് പ്രത്യേകത.
വ്യത്യസ്ത സമുദ്ര പരിതസ്ഥിതികളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും താരതമ്യേന തണുപ്പ് കൂടുതലുള്ള മേഖലകളിലാണ് ഭീമൻ വൈറസുകളുടെ സാന്ദ്രത ഏറെയുള്ളത്. ബാൾട്ടിക് സമുദ്രം, അന്റാർട്ടിക് സമുദ്രം എന്നിവിടങ്ങളിലാണ് ഈ വൈറസുകളിൽ ഏറിയ പങ്കും ജീവിക്കുന്നത്. ഗവേഷണ വ്യാപ്തി വർധിപ്പിച്ചാൽ സമുദ്രത്തിലെ തണുത്ത പ്രദേശങ്ങളിൽ നിന്നും കൂടുതൽ വൈറസുകളെ കണ്ടെത്താനാവുമെന്നും ഗവേഷകർ പറയുന്നു.