തിരുവനന്തപുരം∙ വിഴിഞ്ഞത്ത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളെ മറയാക്കി. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരെ സിറ്റി ഡാന്‍സാഫ് പിടികൂടി. ദമയന്തിയുടെ മകളാണ് ബിന്ദു. വെങ്ങാനൂര്‍ നെല്ലിവിള ക്ഷേത്രത്തിനു സമീപം ഇന്നലെ രാത്രി 9.30ന് ആണ് സംഭവം. കാറില്‍ ഇവരുടെ മൂന്നു കുട്ടികളും ഉണ്ടായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവുമായി കാറില്‍ വരുമ്പോള്‍ രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം തമിഴ്നാട്ടില്‍ ഉല്ലാസയാത്ര കഴിഞ്ഞുവരുന്നുവെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്. കാറിന്റെ ഡിക്കിക്കുളളില്‍ സ്യൂട്ട്‌കെയ്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍.
ഡാന്‍സാഫ് സംഘത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വെങ്ങാനൂരില്‍വെച്ച് ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. കാര്‍ലോസിനെ മുന്‍പ് കഞ്ചാവുമായി എക്‌സൈസും ബിന്ദുവിനെ നാലു കിലോ കഞ്ചാവുമായി രണ്ട് മാസം മുന്‍പ് ഡാന്‍സാഫ് സംഘവും പിടികൂടിയിരുന്നു. പ്രതികളെ വിഴിഞ്ഞം പൊലീസിന് കൈമാറി.






