കണ്ണൂർ ∙ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ലോൺ ആപ്പിന്റെ ഭീഷണിയുമുണ്ടായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചു. ഏപ്രിൽ 9 ന് നിതിന്റെ ഫോണിലേക്ക് 98 സന്ദേശങ്ങൾ വന്നു. ഫോൺ കോളുകളും വാട്സാപ് മെസേജുകളും ഉൾപ്പെടെയാണിത്. ‘ഇൻസ്റ്റ പേ’ എന്ന ആപ്പിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്. നിതിൻ രാജിന്റെ അധ്യാപികയ്ക്കും ആപ്പിൽ നിന്ന് സന്ദേശം എത്തി. അധ്യാപകയ്ക്ക് നിരന്തരം കോളുകളും മെസേജുകളും വന്നതോെടയാണ് പ്രിൻസിപ്പലിനെ അറിയിച്ചത്. അധ്യാപിക പരാതി നൽകുമെന്ന നിലപാടിലായിരുന്നു.
പ്രിൻസിപ്പൽ വെള്ളിയാഴ്ച നിതിനെ ഓഫിസിലേക്ക് വിളിപ്പിച്ചു. ലോൺ ആപ്പിലേക്ക് അധ്യാപികയുടെ നമ്പർ റജിസ്റ്റർ ചെയ്തത് താനല്ല എന്നായിരുന്നു നിതിൻ പറഞ്ഞത്. എന്നാൽ നിതിൻ തന്നെയാണ് നമ്പർ റജിസ്റ്റർ ചെയ്തതെന്ന് കണ്ടെത്തിയെന്നാണ് കോളജ് അധികൃതർ നൽകുന്ന വിവരം. പ്രിൻസിപ്പലും മറ്റൊരു അധ്യാപകനുമായിരുന്നു ഓഫിസിലുണ്ടായിരുന്നത് എന്നാണ് അറിയുന്നത്. പ്രിൻസിപ്പൽ ഫോൺ പിടിച്ചുവച്ചു. തുടർന്ന് നിതിൻ ഓഫിസിൽ നിന്ന് പുറത്തേക്ക് വന്നത് വളരെ വിഷമത്തോടെയാണ് എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, സംഭവത്തില്‍ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല. മതിയായ തെളിവുകള്‍ ശേഖരിച്ചിട്ട് മതി അറസ്റ്റെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നിലവില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകരും ഒളിവില്‍ തുടരുകയാണ്. ഇന്നലെ അന്വേഷണസംഘം തിരുവനന്തപുരത്ത് എത്തി രക്ഷിതാക്കളുടെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
വിദ്യാർഥികൾ ഡോ. എം.കെ. റാമിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. റാം നിരന്തരം നിതിനെ ജാതിയമായി അധിക്ഷേപിച്ചിരുന്നുെവന്നാണ് വിദ്യാർഥികളുടെ വെളിപ്പെടുത്തൽ. എന്നാൽ അധിക്ഷേപം മാത്രമല്ല മരണത്തിനു കാരണമായതെന്നാണ് പൊലീസ് അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. സ്റ്റാഫ് റൂമിൽ എന്താണ് സംഭവിച്ചതെന്നാണ് പൊലീസ് കാര്യമായി അന്വേഷിക്കുന്നത്.





