ചെന്നൈ ∙ 500 കോടിയോളം രൂപ ചെലവിട്ടു നിർമിച്ച ജനനായകൻ തിയറ്ററിൽ എത്തുന്നതിനു മുൻപു ചോർന്നതോടെ നിർമാതാക്കളുടെ നഷ്ടം നികത്താൻ വിജയ് ഒരു ചിത്രത്തിൽ കൂടി അഭിനയിക്കുമെന്നു സൂചന. തിരഞ്ഞെടുപ്പിനു ശേഷം പുതിയ ചിത്രത്തിന്റെ ജോലി തുടങ്ങിയേക്കും. ജനനായകൻ നടന്റെ അവസാന ചിത്രമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. അതിനിടെ, കന്യാകുമാരിയിൽ ആരാധകൻ പൂക്കൾ എറിഞ്ഞപ്പോൾ പേടിച്ചോടിയതിൽ നടനു സമൂഹമാധ്യമങ്ങളിൽ പരിഹാസം വ്യാപകമായി.
ഞായറാഴ്ച ടിവികെ (തമിഴക വെട്രി കഴകം) പ്രചാരണ ചടങ്ങിനിടെ സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെയാണു ആരാധകൻ പൂക്കൾ എറിഞ്ഞത്. ഇതു കണ്ട് നടൻ പിന്നിലുള്ള വാഹനത്തിലേക്കു പേടിച്ചോടി. പൂക്കൾ എറിഞ്ഞതു ബോംബാണെന്ന് ഭയന്ന മട്ടിൽ വിജയ് ചാടിയിറങ്ങി സൈക്കിൾ ഉപേക്ഷിച്ച് പിന്നിലുള്ള വാഹനത്തിലേക്ക് പരിഭ്രമിച്ച് ഓടുകയായിരുന്നു. പൂക്കൾ പോലും പേടിക്കുന്നയാൾ എങ്ങനെ നേതാവാകുമെന്ന ചോദ്യമാണു പലരും ഉയർത്തിയത്. ഇന്നു തിരുപ്പൂരിലാണു വിജയിന്റെ പ്രചാരണം.
ആറു പേർ കൂടി അറസ്റ്റിൽ
‘ ജനനായകൻ’ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ആറു പേർ കൂടി അറസ്റ്റിലായി. ചിത്രം നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിച്ചതിൽ ഉത്തരവാദികളാണെന്ന് സംശയിക്കുന്ന 21 പേരുടെ വിവരങ്ങൾ നിർമാതാക്കളായ കെവിഎൻ പ്രൊഡക്‌ഷൻസ് പൊലീസിനു കൈമാറിയിരുന്നു. ആദ്യം ചിത്രത്തിലെ ചില ഭാഗങ്ങൾ മാത്രമാണു പ്രചരിച്ചത്. പിന്നാലെ സിനിമ പൂർണമായി ഇന്റർനെറ്റിലെത്തി.
ഉയർന്ന നിലവാരമുള്ള പകർപ്പ് മണിക്കൂറുകൾക്കുള്ളിൽ ഒട്ടേറെപ്പേർ ഡൗൺലോഡ് ചെയ്തു. ‘ജനനായകൻ’ സിനിമ കേബിൾ ടിവി വഴി പ്രദർശിപ്പിച്ച പ്രാദേശിക ചാനൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കരുമത്തംപട്ടി സോമനൂർ മെയിൻ റോഡ് റാം നഗറിൽ എസ്. പളനിസാമിയാണ് (44) അറസ്റ്റിലായത്.
ഒന്നരക്കോടി പിഴ: ഡിവിഷൻ ബെഞ്ചിൽ അപ്പീലുമായി വിജയ്
വരുമാനം മറച്ചുവച്ചതിന് ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ അടയ്ക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വിജയ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ‘പുലി’ എന്ന ചിത്രത്തിനു വാങ്ങിയ 15 കോടി രൂപയുടെ പ്രതിഫലം ആദായനികുതി റിട്ടേൺ രേഖകളിൽ നിന്നു മറച്ചുവച്ചെന്നായിരുന്നു കേസ്. 15 കോടി രൂപ വെളിപ്പെടുത്തിയിട്ടില്ലെന്ന് 2015ൽ വിജയിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണു കണ്ടെത്തിയത്.







