ജിദ്ദ∙ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനത്തിനകത്ത് ജോർദാൻ യുവതിക്ക് സുഖപ്രസവം. ക്വാലാലംപൂരിൽ നിന്നുള്ള സൗദിയ വിമാനത്തിൽ ജോർദാനിലെ അമ്മാനിലേക്ക് ജിദ്ദ വഴി യാത്ര ചെയ്യുകയായിരുന്ന 22 വയസ്സുകാരിയാണ് ജിദ്ദയിൽ പ്രസവിച്ചത്. ട്രാൻസിറ്റ് യാത്രക്കാരിയായ ഇവർക്ക് ജിദ്ദയിൽ ലാൻഡ് ചെയ്ത ഉടൻ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
ഉടൻ എമർജൻസി മെഡിക്കൽ ടീമുകൾ വിമാനത്തിലെത്തി യുവതിയെ പരിശോധിച്ചു. അധികം വൈകാതെ യുവതി കുഞ്ഞിന് ജന്മം നൽകി. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും ഇരുവരെയും ജിദ്ദയിലെ ആരോഗ്യ മന്ത്രാലയ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതർ പറഞ്ഞു.








