ടൊയോട്ട ലാൻഡ് ക്രൂസറും ലാൻഡ് റോവറും ടാറ്റ എസ്‍യുവികളും തുടങ്ങി ഭൂട്ടാൻ മിലിറ്ററി ലേലം ചെയ്ത നിരവധി വാഹനങ്ങൾ ഇന്ത്യയിൽ കടത്തിയെന്ന് റിപ്പോർട്ടുകൾ. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി എന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഉയർന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ലാൻഡ് ക്രൂസർ, ലാൻഡ് റോവർ എസ്‍യുവികളും പെട്രോളിങ്ങിനായി ഉപയോഗിക്കുന്ന ടാറ്റ എസ്‍യുവികളും പട്ടാളക്കാരെയും കാർഗോയും കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങളാണ് ഇന്ത്യയിലേക്ക് കടത്തിയത്.
ഭൂട്ടാൻ മിലിറ്ററി ലേലത്തിൽ വയ്ക്കുന്ന വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഹിമാചൽപ്രദേശിൽ റജിസ്റ്റർ ചെയ്തു നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചു എന്നാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസും അന്വേഷണം തുടങ്ങി. കേരളത്തിലും 20 എസ്‌യുവികൾ വിറ്റതായി അന്വേഷണ ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചു. ഇവയുടെ നമ്പറുകൾ വീണ്ടും മാറ്റിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു.
കേരളത്തിൽ 25 ലക്ഷം രൂപയ്ക്കു കാർ വാങ്ങിയ വ്യക്തിയെ അന്വേഷണ സംഘം കണ്ടെത്തി. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച കാറാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പ്രാഥമിക തെളിവെടുപ്പിൽ ലഭിച്ച വിവരം. സംസ്ഥാന മോട്ടർവാഹന വകുപ്പും അന്വേഷണം തുടങ്ങി. ഇറക്കുമതി തീരുവ അടയ്ക്കാതെ കടത്തിക്കൊണ്ടുവരുന്ന വാഹനങ്ങൾ ഭൂട്ടാൻ റജിസ്ട്രേഷൻ നമ്പറിൽ ഇന്ത്യയിൽ സർവീസ് നടത്താൻ പാടില്ല.
ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വാഹനമാണെന്നു തെറ്റിദ്ധരിപ്പിക്കാൻ ഹിമാചൽപ്രദേശിൽ റജിസ്റ്റർ ചെയ്യുന്നത്; കൂടുതലും ഷിംല റൂറലിലാണ് (എച്ച്പി 52). ഒരു ലക്ഷം രൂപയ്ക്കു വാങ്ങിയ ഒരു കാർ 10 ലക്ഷത്തിനും 3 ലക്ഷത്തിനു വാങ്ങിയ എസ്‌യുവി 30 ലക്ഷത്തിനും വിറ്റിട്ടുണ്ട്.ഇത്തരം വാഹനങ്ങൾ ഭൂട്ടാനിൽനിന്നു കടത്തിക്കൊണ്ടുവരാനും ഹിമാചലിൽ വീണ്ടും റജിസ്റ്റർ ചെയ്യാനും ഉദ്യോഗസ്ഥരും ഏജന്റുമാരുമടങ്ങുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്.








