
ദുബായ് ∙ ഈ വർഷം ഒക്ടോബർ 1 മുതൽ ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കും. യാത്രക്കാർക്ക് 100 വാട്ട്-മണിക്കൂറിൽ താഴെ ശേഷിയുള്ള ഒരു പവർ ബാങ്ക് മാത്രമേ കൈവശം വയ്ക്കാൻ കഴിയൂ. എന്നാൽ അതുപയോഗിച്ച് മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യാനും വിമാനത്തിന്റെ പവർ സപ്ലൈ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനും അനുവദിക്കില്ല. ശേഷി റേറ്റിങ് വ്യക്തമാക്കിയ പവർ ബാങ്കുകൾ മാത്രമേ സ്വീകരിക്കൂ.
പവർ ബാങ്കുകൾ വിമാനത്തിനകത്തെ സ്റ്റോവേജ് ബിനിൽ സൂക്ഷിക്കാൻ പാടില്ല. സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിന്റെ കീഴിലെ ബാഗിലോ മാത്രമേ വയ്ക്കാവൂ. ചെക്ക്-ഇൻ ബാഗേജിൽ കൊണ്ടുപോകുന്നതും തുടർന്നും അനുലവദിക്കുന്നതല്ല. ലിഥിയം അയൺ അല്ലെങ്കിൽ ലിഥിയം പോളിമർ ബാറ്ററിയാണ് അധികവും പവർ ബാങ്കുകളിൽ ഉള്ളത്. ഇവയിൽ ‘തെർമൽ റൺഎവേ’ എന്ന അപകടസാധ്യത കൂടുതലാണെന്ന് എമിറേറ്റ്‌സ് നടത്തിയ സുരക്ഷാ പരിശോധനയിൽ കണ്ടെത്തി. ബാറ്ററി അധികം ചാർജ് ചെയ്‌താലോ കേടായാലോ അതിന്റെ ഉള്ളിലെ ചൂട് നിയന്ത്രണം വിട്ട് തീപിടിത്തം, പൊട്ടിത്തെറി, വിഷവാതകങ്ങൾ പുറപ്പെടുക തുടങ്ങിയ അപകടങ്ങൾ ഉണ്ടാകാം.
ലോകവ്യാപകമായി പവർ ബാങ്ക് സംബന്ധമായ വിമാനാപകടങ്ങൾ വർധിച്ചതിനെത്തുടർന്ന് സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തരാവസ്ഥയുണ്ടായാൽ കാബിൻ ക്രൂവിന് വേഗത്തിൽ പ്രതികരിക്കാനുമായി വിമാനത്തിനുള്ളിൽ ഇവയുടെ ഉപയോഗം പൂർണമായും നിരോധിക്കാൻ തീരുമാനിച്ചതാണെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ വിമാനങ്ങളും ഇത്തരത്തിൽ നിലപാടെടുക്കുമോ എന്നാണ് പ്രവാസി മലയാളികൾ ഉറ്റുനോക്കുന്നത്.