
ഗാസ: ‘ഭക്ഷണം കഴിച്ചിട്ട് നാല് മാസമായി, വല്ലപ്പോഴും കിട്ടുന്നത് കുറച്ചു റൊട്ടി ആണ്. അത് വെള്ളത്തിൽ മുക്കി കഴിക്കും, കുഞ്ഞുങ്ങൾക്കും നൽകും. ഇപ്പോൾ തീരെ കാഴ്ചയില്ല,കാലുകൾ തളർന്ന അവസ്ഥയിലാണ്,ഒന്ന് ബാത്‌റൂമിൽ പോകാൻ പോലും പറ്റുന്നില്ല’ ഗാസയിൽ ഭക്ഷ്യ ക്ഷാമം എത്രത്തോളം രൂക്ഷമാണെന്ന് സലീം അസ്ഫൂർ എന്ന വയോധികന്റെ ഈ വാക്കുകളിലൂടെ മനസിലാക്കാം.
ഷർട്ടില്ലാതെ എല്ലും തോലുമായ ശരീരവുമായി ഗാസയിലെ ഒരു ടെന്റിനുള്ളിലിരുന്ന് സലീം അസ്ഫൂർ പറഞ്ഞ ഇക്കാര്യങ്ങൾ സന്നദ്ധ സംഘടനയിലെ ഒരാൾ ഷൂട്ട് ചെയ്ത ശേഷം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചു. ഇതോടെ ഗാസ നേരിടുന്ന പട്ടിണിയെന്ന ആ വലിയ പ്രശ്‌നം ലോകത്തിന്റെ ശ്രദ്ധയിൽ വീണ്ടും ചർച്ചയായി മാറിയിട്ടുണ്ട്.
ഗാസയിൽ 12 പേരടങ്ങുന്ന ഒരു കുടുംബമാണ് 75 വയസുകാരനായ സലീം അസ്ഫൂറിന് ഉണ്ടായിരുന്നത്. സ്വത്തും പണവും എല്ലാം ഉണ്ടായിരുന്നു. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിൽ എല്ലാം നഷ്ടമായി .
ഇപ്പോൾ അകെ ഉള്ളത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഒരു ടെന്റ് മാത്രമാണ്. ഇസ്രയേല്‍ ആക്രമണങ്ങൾ നടക്കുന്നതിന് മുൻപ് 75 കിലോ ഗ്രാം ഭാരമുണ്ടായിരുന്നു സലീം അസ്ഫൂറിന്. ഇപ്പോൾ പട്ടിണി കാരണം ശരീരഭാരം 40 കിലോ ആയി കുറഞ്ഞു. ഭക്ഷണം കണ്ടെത്താനായി നടക്കാൻ പോലും കഴിയാത്ത അവസ്ഥ.
ടെന്റിൽ നിന്ന് ചിത്രീകരിച്ച വിഡിയോയിൽ 75 വയസുകാരനായ സലീം അസ്ഫൂർ പറയുന്ന ഒരു കാര്യമുണ്ട് ‘ഞാൻ മരിച്ചാൽ അതിന് കാരണം പട്ടിണിയാണ്, അതാണ് ഏറ്റവും വലിയ ആയുധവും’. ഗാസയിൽ ഇതുവരെ പട്ടിണി കാരണം മരിച്ചത് 217 പേരാണ്. ഇതിൽ 100 കുട്ടികളും ഉൾപ്പെടുന്നുണ്ട്.
പട്ടിണിമരണങ്ങൾ ഇനിയും ഉയർന്നേക്കാം എന്നാണ് ആഗോള സംഘടനകൾ പറയുന്നത്. ലോക രാജ്യങ്ങളുടെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഗാസ വലിയ മാനുഷിക ദുരന്തത്തിന്റെ കേന്ദ്രമാകുമെന്ന് നൂറിലധികം അന്താരാഷ്ട്ര സഹായ സംഘടനകളും മനുഷ്യാവകാശ ഗ്രൂപ്പുകളും മുന്നറിയിപ്പ് നല്‍കുന്നു.
ഈ വിഡിയോ ശ്രദ്ധയിൽപെട്ട യു എ ഇയുടെ ‘ഓപ്റേഷൻ ഷിവലറസ് നൈറ്റ് 3’ സംഘത്തിലെ അംഗങ്ങളും സഹപ്രവർത്തകരും സലീമിന്റെ ടെന്റിലെത്തി. ആവശ്യസാധനകൾ എല്ലാം എത്തിച്ചു നൽകി. അദ്ദേഹത്തിന് ഭക്ഷണം നൽകുകയും പുതിയ ഒരു ഷർട്ട് ധരിക്കാൻ സഹായിക്കുകയും ചെയ്തു. തനിക്ക് ചെയ്ത തന്ന സേവനത്തിന് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അദ്ദേഹം നന്ദി പറയുകയും ചെയ്തു.