
അബുദാബി ∙ ആദ്യമായെടുത്ത അബുദാബി ബിഗ് ടിക്കറ്റിൽ ഏകദേശം 47 കോടി രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം നേടിയിട്ടും അബുദാബിയിൽ തയ്യൽ ജോലി ചെയ്യുന്ന ബംഗ്ലദേശ് സ്വദേശി സബൂജ് മിയാ അമീർ ഹുസൈൻ ദിവാൻ ഇപ്പോഴും അത് വിശ്വസിക്കാൻ തയ്യാറല്ല. വിജയിച്ചെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടും പണം കയ്യിൽ കിട്ടിയാലേ താൻ വിശ്വസിക്കൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ബംഗ്ലദേശിലെ മാധ്യമങ്ങളിൽ നിന്ന് പോലും വിവരമന്വേഷിച്ച് ഒട്ടേറെ ഫോൺ കോളുകൾ വരുന്നുണ്ടെങ്കിലും ഒന്നും വിശ്വസിക്കാൻ കഴിയില്ലെന്ന മറുപടിയിൽ വിളിച്ചവർ കൺഫ്യൂഷനിലായി. വിജയിച്ച വിവരം കുടുംബാംഗങ്ങളെ അറിയിച്ചപ്പോൾ, താൻ ടിക്കറ്റെടുത്തിരുന്നു എന്നും വിജയിച്ചോ ഇല്ലയോ എന്ന് ഉറപ്പില്ലായിരുന്നു എന്നും പറഞ്ഞതോടെ അവരും കടുത്ത ആശങ്കയിലായി. താൻ സ്വപ്നംപോലും കാണാത്തത്ര പണം ഒരു നിമിഷം കൊണ്ട് ലഭിച്ച് ജീവിതം മാറിമറയാൻ പോകുന്നതിന്റെ അമ്പരപ്പിലാണ് ഈ സാധുമനുഷ്യൻ.
∙ അബുദാബി മന്ത്രിച്ചു, ടിക്കറ്റെടുക്കൂ, ഭാഗ്യം വന്നുചേരും
കഴിഞ്ഞ 18 വർഷമായി ദുബായിൽ തയ്യൽക്കാരനായി ജോലി ചെയ്യുകയാണ് സബൂജ്. സുഹൃത്തുക്കൾ പലപ്പോഴും പലരും ബിഗ് ടിക്കറ്റ് എടുക്കാൻ നിർബന്ധിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. എന്നാൽ അടുത്തിടെ ഒരു ജോലിയുമായി ബന്ധപ്പെട്ട് അബുദാബിയിലെത്തിയപ്പോൾ ടിക്കറ്റെടുക്കാൻ മനസ്സ് മന്ത്രിച്ചെന്ന് സബൂജ് പറയുന്നു.
500 ദിർഹം മുടക്കി ടിക്കറ്റെടുക്കാൻ ആദ്യം അദ്ദേഹം മടിച്ചു. ഇത്രയും വലിയ തുക ടിക്കറ്റെടുക്കാൻ കളയുന്നത് ശരിയാണോ എന്ന് ഞാൻ ചിന്തിച്ചു. പക്ഷേ, എന്റെ മനസ്സ് ഉറച്ചുനിന്നു. ജൂലൈ 29-നാണ് സബൂജ് ടിക്കറ്റെടുത്തത്. ടിക്കറ്റെടുത്തതിന് ശേഷം താൻ എല്ലാ ദിവസവും വിജയിക്കുമെന്ന് മനസ്സ് പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചു ദിവസത്തിന് ശേഷമാണ് സബൂജിനെ ഭാഗ്യം തേടിയെത്തിയത്.
∙ ആദ്യം മക്കയിൽ ചെന്ന് ഉംറ നിർവഹിക്കണം
സമ്മാനം ലഭിച്ചാൽ ആദ്യം മക്കയിൽ പോയി ഉംറ നിർവഹിക്കാനാണ് സബൂജിന്റെ ആഗ്രഹം. അതിനുശേഷം പണം എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. പണം കിട്ടിയാൽ അത് എങ്ങനെ ഉപയോഗിക്കണമെന്ന് ദൈവം വഴി കാണിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാം ദൈവത്തിന്റെ കൈകളിലാണ്.