ആദ്യമായി പൂത്ത പനിനീർപ്പൂവ് രാവിലത്തെ കണിയായിരുന്നു!! ഒത്തിരി കാത്തിരുന്നു ഇതൊന്ന് വിരിയാൻ!! പെട്ടെന്ന്… റോക്കറ്റ് പോലെ പത്രം വീശിയെറിഞ്ഞു പത്രക്കാരൻ പയ്യൻ!! ലക്ഷ്യം തെറ്റിയില്ല! പനിനീർപൂവിതൾ തട്ടിത്തെറിപ്പിച്ചു കൂർത്ത റോസമുള്ളിൽ കുരുങ്ങി പത്രം!! അരിശത്തോടെ പത്രം വലിച്ചെടുത്തു! മുള്ളുകൊണ്ട് കീറി ചരമപേജ്! മനസ്സിലെവിടെയോ ഒരു വെള്ളിടി വെട്ടി!!ഈ മുഖം നല്ല പരിചയം!!ദേവദാസ് 40 വയസ്സ്!! ഈ മുഖത്തോടെ ചേർന്ന് നിൽക്കുന്ന ഒരു മുഖം!! ഈശ്വരാ.. ആയിരിക്കരുതേ എന്ന് പ്രാർഥിച്ചു!!
ഫോൺ തുറന്ന് പരതി, ശരിയാണ്!! തോളോട് ചേർന്ന് കീർത്തി!!
പത്രത്താളിലെ അവശേഷിച്ച വിവരങ്ങൾ നോക്കി!! ഭാര്യ കീർത്തി. മക്കൾ??
കോളേജ് ഗ്രൂപ്പിലെ വിശേഷങ്ങൾ എപ്പോഴും കീർത്തിയുടേതാണ്!! മക്കൾ അരുണിമയുടെയും ആർദ്രവിന്റെയും വിശേഷങ്ങളും ദേവേട്ടന്റെ വിദേശ യാത്രകളെ കുറിച്ചുമുള്ള വർണനകളും എന്നും കാണാം!!
കീർത്തി… ആരായിരുന്നു അവളെനിക്ക്??
സുഹൃത്ത്? ആയിരുന്നോ? ഹരീഷ് എപ്പോഴും കളിയാക്കും!! തനിക്കിപ്പോഴും പേടിയാ ആ കീർത്തിയെ!
ശരിയാണ്. വർഷങ്ങൾക്ക് മുൻപ് നാട്ടറിവുകൾ മാത്രമുള്ള ശരണ്യ എന്ന താൻ നഗരത്തിലെ പ്രശസ്തമായ കോളേജിലേക്ക് എത്തുമ്പോൾ വർണങ്ങൾ നിറഞ്ഞ വേഷങ്ങളും ചെത്തിമിനുക്കിയ വാചകങ്ങളും അന്യമായിരുന്നു!! ഫാഷൻ, സിനിമ, പ്രണയങ്ങൾ എന്നീ ചതുരങ്ങളിൽ മാത്രം സംവദിച്ചിരുന്ന കൂട്ടരിൽ തികച്ചും അന്യയായവൾ!!
‘ഈ നീണ്ട മുടിയൊക്കെ പഴഞ്ചൻ രീതിയാണെടോ ‘എന്ന പുച്ഛം നിറഞ്ഞ വാക്കിലൂടെ പരിചയപ്പെട്ടവൾ കീർത്തി! ഹോസ്റ്റലിൽ സഹമുറിയയായി ഇടിച്ചു കയറി വന്നപ്പോൾ ശരിക്കും ഞെട്ടലായിരുന്നു!!
പിന്നീട് ഇടംവലം തിരിയാനാവാതെ കീർത്തിയുടെ റിമോട്ട് കണ്‍ട്രോൾ ഭരണത്തിൻ കീഴിലായി!!എന്ത് ഇടണം, എവിടെ പോകണം എന്നൊക്കെ നിയന്ത്രണം തുടങ്ങിയപ്പോൾ എതിർക്കാതെ വയ്യെന്നായി!!
വായനയും പഠിത്തവുമൊക്ക ഒന്നിനും അടിയറ വയ്ക്കാൻ അന്നും ആഗ്രഹിച്ചിരുന്നില്ല! ഒരു പാവം പ്രൈമറി സ്കൂൾ മാഷായ അച്ഛന്റെ വിയർപ്പറിഞ്ഞു വളർന്ന ബാല്യ കൗമാരങ്ങൾ തന്നെ അങ്ങനെ ആക്കി തീർത്തിരുന്നു!! ക്ലാസ്സിൽ കീർത്തി നിറഞ്ഞു നിന്നിരുന്നു!!ഏറ്റവും സ്റ്റൈലിഷായ വേഷവിധാനങ്ങളിലൂടെ, മനോഹരമായ സംസാര രീതിയിലൂടെ.. കീർത്തിയുടെ വാക്കുകളിലൂടെ അവളുടെ വീടും, ബന്ധുക്കളും, നാടുമൊക്കെ ചിരപരിചിതമായിരുന്നു ഞങ്ങൾക്കൊക്കെ!! ഇടവൂർ മന എന്ന അവളുടെ വീട്ടുപേരൊക്കെ ഇന്നും മറന്നിട്ടില്ല!! രണ്ടു സിംഹങ്ങൾ ഇരിക്കുന്ന മതിലും മുറ്റത്തെ കൂറ്റൻ മാവും ഒക്കെ എല്ലാവർക്കും പരിചിതമായിരുന്നു-വാക്മയ ചിത്രമായിട്ടുകൂടി!! വിദേശത്തു നിന്നും ചേട്ടൻ വരുമ്പോൾ നിറയെ ചോക്ലേറ്റ്, പേനയൊക്കെ ആയി അവളെത്തും!!
സ്കൂൾ തലത്തിൽ ഗായിക, എഴുത്തുകാരി എന്നൊക്കെ താൻ അറിഞ്ഞിരുന്നെങ്കിലും കോളേജിൽ ആ ഒരു കഴിവ് ആർക്കും അറിയില്ലായിരുന്നു! ഒരു പ്രധാന കാരണം കീർത്തിയായിരുന്നു!!’അയ്യേ, പട്ടിക്കാട്ടിലെ സ്കൂളിൽ ഈ പൊട്ട പാട്ടൊക്കെ മതിയാവും, ഇവിടെ നീ നാണം കെടും ‘
വാക്കുകളിലെ പുച്ഛത്തിനുപരി അസൂയയുടെ ചവർപ്പും തിരിച്ചറിഞ്ഞിരുന്നു!!
പക്ഷെ ഹരീഷുമായി ഉണ്ടായ സൗഹൃദം വീണ്ടും യുവജനോത്സവ വേദിയിലെത്തിച്ചു!! തികച്ചും രഹസ്യമായിരുന്നു പ്രണയത്തിലെത്തിയ ഹരീഷുമായുണ്ടായ സൗഹൃദം!! ലേശം സംശയം കീർത്തിക്കുണ്ടായിരുന്നോ? ഹരീഷിനെ കുറിച്ചുള്ള കുറ്റാരോപണങ്ങൾ കീർത്തി മന്ത്രം പോലെ തന്നിൽ ചൊരിഞ്ഞിരുന്നു!!
ജില്ലാ തലത്തിൽ പാട്ടിനും കവിതക്കും ഒന്നാം സ്ഥാനം!!
അന്ന് രാത്രി ഉറങ്ങിയില്ല!! മിഠായിപ്പൊതിയൊക്കെ തലേന്നേ വാങ്ങിവച്ചു!! ക്ലാസ്സിലെ എല്ലാവരുടെയും അനുമോദനങ്ങൾ ഒക്കെ സ്വപ്നം കണ്ടുറങ്ങി!! പക്ഷെ.. കണക്കുകൂട്ടിയതുപോലൊന്നും നടന്നില്ല!! മിടിക്കുന്ന ഹൃദയത്തോടെ ക്ലാസ്സിലേക്ക് കടക്കും മുൻപേ ആരവം കേട്ടു!!ക്ലാസ്സിലാകെ മധുരപലഹാരങ്ങൾ!!
‘എടോ, കീർത്തിയുടെ ട്രീറ്റ്. അവളുടെ കല്യാണം ഉറപ്പിച്ചു!! അവൾ അമേരിക്കയിലേക്ക് പറക്കാൻ പോവുകയാ ‘
ചിരിച്ചു മറിഞ്ഞു കീർത്തി.!! ഒരേ മുറിയിൽ ആയിട്ട് കൂടി ഒന്നും അറിഞ്ഞില്ലല്ലോ എന്ന് അന്തിച്ചു!!
തന്റെ മിഠായി കവർ തിരക്കിനിടയിൽ വീണു പൊട്ടി!!
ആരോ ഒരു മിഠായി എടുത്തു.’എന്തോ സമ്മാനം കിട്ടിയല്ലേ എന്ന ഒഴുക്കൻ അഭിനന്ദനങ്ങൾ എവിടെയോ കേട്ടു.
പിന്നീട് ആ കല്യാണലോചനയെ കുറിച്ചു ചോദിച്ചപ്പോൾ കീർത്തി പൊട്ടിച്ചിരിച്ചു കടന്നുപോയി.
പിന്നീട് കാലങ്ങൾ കഴിഞ്ഞു ജോലി, കല്യാണം…
സമൂഹമാധ്യമത്തിലൊന്നും സജീവമല്ലാതിരുന്നതുകൊണ്ട് ആരെയും കുറിച് വിവരമില്ലാതായി!!
ഒരിക്കൽ വീണ്ടും കീർത്തി തന്നെയാണ് വീണ്ടും തേടിപിടിച്ചതും ഗ്രൂപ്പിലേക്ക് ചേർത്തതും!
കീർത്തിക്ക് മാറ്റങ്ങളൊന്നും ഇല്ല!! ബിസിനസ് മാഗ്‌നറ്റ് ആയ ദേവേട്ടനും മനോഹരമായ ഫോട്ടോകളും ഒക്കെ ആയി..
ഹരീഷ് ചോദിച്ചു ‘പോകണോ ‘
വലിയ യാത്രയാണ്.
അവൾ നിർബന്ധിച്ചു!!
നീണ്ട യാത്ര സമ്മാനിച്ച മടുപ്പും പേറിയാണ് എത്തിയത്!!, വഴി കീർത്തിയുടെ വർണനയിലൂടെ മനപാഠം!
ഇടവൂർ മനയെന്ന പേരുകോറിയ ഫലകത്തിന്റെ ഒരുവശത്ത് കൂറ്റൻ ഗേറ്റ്. സിംഹങ്ങൾ ഇരിക്കുന്ന മതിൽ!!പക്ഷെ.. പക്ഷെ.. പൂട്ടിയിട്ടിരിക്കുന്ന ഗേറ്റ്.!ഒരു മരണ വീടിന്റെ പ്രതീതി തീരെയില്ല!! ഗേറ്റിനു മുന്നിൽ പുല്ലു പറിക്കുന്ന ഒരു വൃദ്ധൻ സംശയത്തോടെ നോക്കി!!
ഹരീഷ് സംശയത്തോടെ ചോദിച്ചു!!’കീർത്തിയുടെ വീടല്ലേ? ”
“കീർത്തിയോ? അതാരാ?
“ഇവിടുത്തെ കുട്ടി??’
“ഇവിടുത്തെ കുഞ്ഞിന്റെ പേര്
മൈഥിലിന്നാ. അവര് അമേരിക്കയിലാണ് വർഷങ്ങളായിട്ട്!! ഇടക്കൊക്കെ വരും ”
‘ഒരു മരണം നടന്ന വീട്. ദേവദാസ്?’
തിരിച്ചറിയലിന്റെ ആശ്വാസം ആ വൃദ്ധന്റെ മുഖത്തു.
‘ഓ, ദേവന്റെ.. ആ പെണ്ണിന്റെ പേര് കീർത്തിന്നാ. അവളുടെ അമ്മയാണ് ഈ വീട്ടിൽ ജോലിക്ക് നിൽക്കുന്നെ. പഠിപ്പിച്ചതൊക്കെ ഇവരാ. പെങ്കൊച്ചും വലിയ വീട്ടിലെ കൊച്ചിന്റെ മാതിരിയാ നടപ്പ്. പാവമാ. ആ കുടിയനെ കെട്ടി പെട്ടുപോയി. അവനാണെൽ പണിക്കും പോവില്ല. തൂങ്ങിയതാ!!പിള്ളേരൊന്നും ഇല്ലാത്തതും നന്നായി.’
ഇടിമഴ പെയ്ത പോലെ!! ഹരീഷ് ചേർത്ത് പിടിച്ചു.! ദൂരെ കാണുന്ന തേക്കാത്ത വീട്ടിലെ ഉടമയെ കുറിച്ചോർത്തു നീറി.
പെട്ടെന്നൊരു കാഴ്ച്ചയിൽ കീർത്തി വിങ്ങിപ്പൊട്ടി!!
പൊട്ടിപ്പൊട്ടി കരഞ്ഞു!! കൈകൾ കോർത്തു അവളോട് ചേർന്ന് നിക്കുമ്പോൾ അവളോട് വല്ലാത്ത സ്നേഹം തോന്നി. ഈ യാത്രയെയും.







