കൊച്ചി: പാമ്പുകളെ കൊല്ലുന്നത് കുറ്റകൃത്യമാണെന്ന് സര്‍പ്പ ആപ്പിന്റെ സംസ്ഥാന നോഡല്‍ ഓഫീസറും ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ വൈ മുഹമ്മദ് അന്‍വര്‍. പാമ്പു കടിയേറ്റാല്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ധനസഹായത്തെക്കുറിച്ചും അദ്ദേഹം ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
”സംരക്ഷിത വന്യജീവികളാണ് പാമ്പുകള്‍. സ്വയരക്ഷയ്ക്ക് വേണ്ടി പാമ്പുകളെ കൊല്ലുന്നവര്‍ക്കെതിരെ പൊതുവെ കേസെടുക്കാറില്ല. പക്ഷെ മനപ്പൂര്‍വ്വം പാമ്പുകളെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുകയാണെങ്കില്‍ കേസെടുക്കാം. അത്തരത്തില്‍ പാമ്പുകളെ കൊല്ലുന്നത് ക്രൈം ആണ്. ഏഴ് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. പാമ്പുകളെ വളര്‍ത്തുന്നതും കുറ്റമാണ്.” അദ്ദേഹം പറയുന്നു.
പാമ്പ് കടിയേറ്റ് മരിച്ചാല്‍ വനം വകുപ്പില്‍ നിന്നും നഷ്ടപരിഹാരം കിട്ടുമെന്നാണ് അദ്ദേഹം പറയുന്നത്. വന്യജീവികളില്‍ നിന്നുള്ള ആക്രമണത്തില്‍ പരുക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്താല്‍ വനം വകുപ്പ് നഷ്ടപരിഹാരം നല്‍കും. നഷ്ടപരിഹാരം എന്ന നിലയിലല്ല അത്. മനുഷ്യ ജീവന് ഇനിയെത്ര നഷ്ടപരിഹാരം നല്‍കിയാലും പരിഹാരമാകത്തുമില്ല. ആ തിരിച്ചറിവില്‍ സമാശ്വാസ ധനസഹായം എന്ന പേരാണ് ഉപയോഗിക്കുകയെന്നും അദ്ദേഹം പറയുന്നു.
പതിനാല് ലക്ഷം രൂപയാണ് വന്യ ജീവികളുടെ ആക്രമണത്തില്‍ മരിച്ചാല്‍ കൊടുക്കുക. വനത്തിന് പുറത്ത് വച്ച് പാമ്പ് കടിയേറ്റ് മരിച്ചാല്‍ നാല് ലക്ഷം രൂപയാണ് ധനസഹായം കൊടുക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് ഇത് നല്‍കുന്നത്. പക്ഷെ എല്ലാ സംസ്ഥാനത്തിലും ഈ ധനസഹായം നല്‍കുന്നില്ല. ചുരുക്കം സംസ്ഥാനങ്ങളിലേ ഉള്ളൂവെന്നും അദ്ദേഹം പറയുന്നു.
പാമ്പുകള്‍ വന്യ ജീവികള്‍ ആയതിനാല്‍ ചികിത്സ ധനസഹായമുണ്ട്. ചികിത്സ വേണ്ടി വന്നവര്‍ക്ക് ബില്ലുകള്‍ സമര്‍പ്പിക്കാം. അക്ഷയ സെന്റര്‍ വഴി അപേക്ഷിക്കാം. ഒരു ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ ഉടനടി റീ-ഇമ്പേഴ്‌സ് ചെയ്യും. ആദിവാസി വിഭാഗത്തിലുള്ളവരാണെങ്കില്‍ ഒരു ലക്ഷം എന്ന പരിധിയില്ല. എത്രയാണോ ചെലവായത്, അത്ര തന്നെ നല്‍കുമെന്നും അദ്ദേഹം പറയുന്നു.





