വിമാന ഇന്ധനവില 2 ലക്ഷം കടന്നു; ടിക്കറ്റ് കുതിക്കും: വിമാനയാത്ര ഇനി ‘ലക്‌ഷ്വറി’?

Spread the love

ന്യൂഡൽഹി∙ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ഫ്യുവൽ–എടിഎഫ്) വില ഇരട്ടിയിലേറെ വർധിപ്പിച്ചു. ഇതോടെ വിമാനടിക്കറ്റ് കുത്തനെ ഉയരുമെന്ന് ഏറെക്കുറെ ഉറപ്പായി. ആഭ്യന്തര വിമാനങ്ങൾക്കുള്ള ഇന്ധനത്തിന്റെ വിലയിൽ 115 ശതമാനവും രാജ്യാന്തര ഫ്ലൈറ്റുകൾക്കുള്ള ഇന്ധനത്തിന് 107 ശതമാനവുമാണ് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഡൽഹിയിൽ ആഭ്യന്തര വിമാനങ്ങൾക്കുള്ള ഇന്ധനവില 1,000 ലീറ്ററിന് 96,638.14 രൂപയായിരുന്നെങ്കിൽ ഇന്നു മുതൽ ഇത് 2,07,341.22 രൂപയായി ഉയർന്നു. ആദ്യമായാണ് എടിഎഫ് വില 2 ലക്ഷം കടക്കുന്നത്.

 

എന്നാൽ ഇന്ത്യൻ ഓയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വില നോൺ–ഷെഡ്യൂൾഡ് (ചാർട്ടേഡ്) സർവീസുകൾക്കുള്ള നിരക്കാണെന്നും, ഷെഡ്യൂൾഡ് സർവീസുകൾക്കുള്ള നിരക്ക് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് വിമാനക്കമ്പനി പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ വ്യക്തത വരുത്തിയിട്ടില്ല.

 

ഇന്ത്യയിൽ നിലവിൽ എല്ലാ മാസവും ഒന്നാം തീയതിയാണ് എടിഎഫ് വില പരിഷ്കരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സ്വാധീനം ഏപ്രിൽ ഒന്നിലെ നിരക്കിൽ പ്രതിഫലിക്കുമെന്നു വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു തന്നെ ഏതാനും ദിവസങ്ങൾക്കു മുൻപ് വ്യക്തമാക്കിയിരുന്നു. രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ കണക്കനുസരിച്ച് (അയാട്ട) രാജ്യാന്തര തലത്തിൽ എടിഎഫിന്റെ വില കഴിഞ്ഞ ഒരു മാസത്തിനിടെ വില ഇരട്ടിയായി (103.9%). ഏഷ്യയിലെ ശരാശരി വർധന 134 ശതമാനമാണ്.

 

വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ 40 ശതമാനവും ഏവിയേഷൻ ഇന്ധനത്തിനാണ് നീക്കിവയ്ക്കുന്നത്. ഡിസംബറിലെ ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ കേന്ദ്രം വിമാനക്കൂലിക്കു മേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കഴിഞ്ഞ ദിവസം പിൻവലിച്ചതോടെ യാത്രാക്കൂലി വർധിക്കുമെന്ന് ഉറപ്പായി.

 

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രഭാവം ഏപ്രിലിൽ വ്യോമയാന രംഗത്ത് പ്രതിഫലിക്കുമെന്നാണ് എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ കഴിഞ്ഞ ദിവസം ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നത്. പരിധിയില്ലാതെ യാത്രാക്കൂലി ഉയർത്തിയാൽ യാത്രക്കാർ കുറയും. അതുകൊണ്ട് വർധിപ്പിക്കലിന് ഒരു പരിധിയുണ്ടെന്നും സൂചിപ്പിച്ചിരുന്നു. അമേരിക്കൻ വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസ് വരും മാസങ്ങളിൽ 5% സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ധനവില, യാത്രക്കാരുടെ എണ്ണം എന്നിവയെ ആശ്രയിച്ച് ‘നമുക്കും ഇതുപോലെ അഡ്ജസ്റ്റ് ചെയ്യേണ്ടി’ വരാമെന്നാണ് കത്തിൽ കാംപ്ബെൽ വിൽസൺ പറഞ്ഞത്.

 

ഇന്ധനവിലയ്ക്കു പുറമേ കഴിഞ്ഞ ഒരു മാസത്തിനിടെ റദ്ദാക്കപ്പെടുന്ന ആയിരക്കണക്കിന് ഫ്ലൈറ്റുകൾ, ദൈർഘ്യമേറിയ ബദൽ റൂട്ടുകളിലെ പറക്കൽ എന്നിങ്ങനെയുണ്ടായ കോടികളുടെ നഷ്ടവും കമ്പനികൾക്ക് നികത്തേണ്ടിവരും. രാജ്യത്തെ പ്രധാന വിമാനക്കമ്പനികൾ ഈ മാസമാദ്യം തന്നെ ടിക്കറ് തുകയ്ക്കൊപ്പം ഇന്ധന സർചാർജ് ഏർപ്പെടുത്തിയിരുന്നു. ഇന്ധനവില കണക്കിലെടുത്ത് എയർ ന്യൂസിലൻഡും സ്കാൻഡിനേവിയൻ എയർലൈൻസും മേയ് വരെ ആയിരത്തിലേറെ സർവീസുകൾ വീതം വെട്ടിക്കുറയ്ക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.

  • Related Posts

    എൽപിജി കള്ളക്കടത്ത്; പിടിച്ചെടുത്തത് 1.26 കോടിയുടെ വസ്തുക്കൾ, സംഘം പിടിയിൽ

    Spread the love

    Spread the loveമുംബൈ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അന്തർസ്സംസ്ഥാന എൽപിജി കള്ളക്കടത്ത് സംഘം പിടിയിൽ. ഗ്യാസ് ടാങ്കറുകളിൽനിന്ന് പാചകവാതകം മോഷ്ടിച്ച് കടത്തുന്ന സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് 1.26 കോടി രൂപയുടെ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.   രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര…

    ഫെബ്രുവരിയിൽ വിവാഹം; പിന്നാലെ സ്ത്രീധനപീഡനം: സോഫ്റ്റ്‌വെയർ എൻജിനിയർ ജീവനൊടുക്കി

    Spread the love

    Spread the loveഹൈദരാബാദ്∙ സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിയായ ഇഷിത യാദവ് (26) ആണ് മരിച്ചത്. ഹൈദരാബാദിലെ മിയാപുർ മേഖലയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ വച്ചാണ് ഇഷിത ജീവനൊടുക്കിയത്. ഇതുമായി…

    Leave a Reply

    Your email address will not be published. Required fields are marked *