കണിയാപുരം∙ ലഹരി വാങ്ങാനായി 700 രൂപ നൽകാഞ്ഞ ബന്ധുവിന്റെ വീടിന് രാത്രി യുവാവ് തീയിട്ടു. വീടിനു മുന്നിൽ കൈ ഞരമ്പ് മുറിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് അവിടെ നിന്നു പുറത്തു ചാടിയാണ് അക്രമം നടത്തിയത്. ആലുംമൂട് ലക്ഷംവീട് കോളനിയിൽ അമീനയും കുടുംബവും വാടകയ്ക്കു താമസിക്കുന്ന അൻസി മൻസിലിനു തീയിട്ട ശേഷം അമീനയുടെ സഹോദരിയുടെ പുത്രൻ ഫൈസൽ (28) മംഗലപുരം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
ഭീഷണി ഭയന്ന് കുടുംബാംഗങ്ങൾ രാത്രി ബന്ധുവീട്ടിലേക്കു മാറിയതിനാലാണ് കൂടുതൽ അത്യാഹിതം ഒഴിവായത്. ബന്ധുക്കളെ കൊന്ന് തീയിടുമെന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെ ഫൈസൽ മുഴക്കിയ ഭീഷണി അവഗണിച്ച പൊലീസിനു സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. ബന്ധുക്കൾ വീട്ടിലില്ലെന്ന വിവരം അറിയാതെയാണ് ഫൈസൽ വീടിന് തീയിട്ടതെന്നു പൊലീസ് പറഞ്ഞു. ലഹരിക്ക് അടിമയായ ഫൈസലിനെ എത്തിച്ച വിവരം മെഡിക്കൽകോളജ് എയ്ഡ്പോസ്റ്റിലും സുരക്ഷാവിഭാഗത്തിലും പൊലീസ് അറിയിക്കാഞ്ഞതാണ് ദുരന്തത്തിനു കാരണമായത്. ഭീഷണിയിൽ ഭയമുണ്ടെന്ന അമീനയുടെ പരാതി പൊലീസ് നിസ്സാരമായെടുത്തു.
പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. വീട്ടുപകരണങ്ങൾ, മകൾ അസീനയുടെ എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ, കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ , ബാങ്ക് ,ആശുപത്രി രേഖകൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം കത്തിനശിച്ചു. പാചകവാതക സിലിണ്ടർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു 4 വീടുകൾക്കപ്പുറത്തു പതിച്ചു. ഫൈസൽ ബുധൻ രാത്രി 7 മണിയോടെ അമീനയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടതാണ് തുടക്കം. ഭീഷണിപ്പെടുത്തി ലഹരിക്കായി പണം വാങ്ങൽ പതിവായതിനാൽ അമീന നൽകിയില്ല.
രണ്ട് പെൺമക്കളെയും കൂട്ടി വീട്ടിൽ നിന്നു മാറുകയും ചെയ്തു. ഇതോടെയാണ് ഫൈസൽ കൈ ഞരമ്പ് മുറിക്കുന്നത്. വിവരമറിഞ്ഞ് അമീനയും ഭർത്താവ് ഷാജഹാനും പിന്നാലെ മംഗലപുരം പൊലീസും എത്തി ഫൈസലിനെ ആംബുലൻസിലേക്ക് മാറ്റി. അമീനയേയും കുടുംബത്തേയും കൊന്ന് വീടിനു തീയിടുമെന്ന് ഇതിനിടെ പൊലീസിനു മുന്നിൽ വച്ചു തന്നെ ഫൈസൽ ഭീഷണി മുഴക്കി. എന്നാൽ ഒരു കണ്ണിന് കാഴ്ചയില്ലാത്ത ഷാജഹാനെ മാത്രം നിർബന്ധിച്ച് ഫൈസലിന് ഒപ്പം ആംബുലൻസിൽ കയറ്റിവിട്ട ശേഷം മംഗലപുരം പൊലീസ് മടങ്ങിപ്പോയി. രാത്രി ആശുപത്രിയിൽ നിന്നു ഷാജഹാൻ വീട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ ഫൈസലും പുറത്തു ചാടുകയായിരുന്നു.





