
ജൂലൈ അഞ്ചിന് വിനാശകരമായ സൂനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നുമുള്ള റയോ തത്സുകിയുടെ പ്രവചനം ലോകത്തെ തന്നെ ഭീതിയിലാക്കിയിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ജൂണ്‍ 23 നാണ്. 183 ഭൂചലങ്ങളാണ് അന്നേദിവസം ദ്വീപില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ 26- 27 ദിവസങ്ങളില്‍ ഈ ഭൂചലനങ്ങളുടെ എണ്ണം 15- 16 ആയി കുറയുകയും ചെയതു. പിന്നാലെ ജൂണ്‍ 29ന് 98 ഭൂചലനങ്ങളും ജൂണ്‍ 30 ന് 62 ഭൂചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി.
വ്യാഴാഴ്ചയും തെക്കുപടിഞ്ഞാറൻ ജപ്പാനിൽ 5.5 തീവ്രതയുള്ള ഭൂചലനം ഉണ്ടായി. ടോകര ദ്വീപ് ആണ് പ്രകമ്പനത്തിന്റെ കേന്ദ്രം. ടോക്കിയോയിൽ നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെയാണിത്. എപ്പോഴും കുലുങ്ങിക്കൊണ്ടിരിക്കുന്നത് പോലെയാണ് തോന്നുന്നതെന്ന് ജനങ്ങള്‍ പറഞ്ഞതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉറങ്ങാന്‍ പോലും ഭയമാണെന്ന് ടോകര ദ്വീപ് നിവാസികള്‍ പറയുന്നു.
ഇല്ലസ്ട്രേറ്ററായ റയോ, 1999 ല്‍ പ്രസിദ്ധീകരിച്ച ദ് ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകമാണ് ജപ്പാന്‍കാരുടെ ആധിക്ക് ആധാരം. ജാപ്പനീസ് ബാബ വാന്‍കയെന്നാണ് റയോയെ ജനങ്ങള്‍ വിളിക്കുന്നത്. തന്‍റെ വരയിലൂടെയാണ് 2011 ലെ ഭൂകമ്പം റയോ 1999ല്‍ തന്നെ പ്രവചിച്ച് വച്ചത്. 2011 മാര്‍ച്ചില്‍ മഹാദുരന്തമുണ്ടാകുമെന്നായിരുന്നു റയോ കുറിച്ചത്. 2021 ല്‍ കുറേക്കൂടി ഭീതിദമായ വിവരങ്ങളാണ് റയോ വെളിപ്പെടുത്തിയത്. ജപ്പാനും ഫിലിപ്പീന്‍സിനും ഇടയിലുള്ള സമുദ്രാന്തര്‍ ഫലകം വിണ്ടുകീറും. നാലുദിക്കിലേക്കും മാനം മുട്ടുന്ന തിരമാലകള്‍ ആഞ്ഞടിക്കും. 2011 ല്‍ ജപ്പാന്‍റെ തെക്കുപടിഞ്ഞാറന്‍ തീരത്തുണ്ടായതിന്‍റെ മൂന്നിരട്ടി വലിപ്പത്തില്‍ സൂനാമിത്തിരകള്‍ ആഞ്ഞടിക്കും’- എന്നാണ് പ്രവചനത്തില്‍ പറയുന്നത്.
ഇതുവരെ ഉണ്ടായ ഭൂചലനങ്ങള്‍ മൂലം കാര്യമായ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയില്ല. എങ്കിലും ഈ ഭൂചലനങ്ങള്‍ എന്ന് അവസാനിക്കുമെന്ന് പ്രവചിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് ജപ്പാന്‍റെ കാലാവസ്ഥാ ഏജന്‍സി. കഫെകളിലും ബാറുകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ജപ്പാന്‍ ചര്‍ച്ച ചെയ്യുന്നത് റയോയെ കുറിച്ചു മാത്രമാണ്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത്തരം പ്രവചനങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.