
തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമുമായി വ്യാപാരക്കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതുപ്രകാരം 20% ഇറക്കുമതി തീരുവയായിരിക്കും വിയറ്റ്നാമിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് ഇനി ബാധകം. യുഎസ്-വിയറ്റ്നാം വ്യാപാരക്കരാർ ഇന്ത്യൻ കമ്പനികൾക്ക് സമ്മര്‍ദമാകും. കാരണം, ട്രംപ് കഴിഞ്ഞ ഏപ്രിലിൽ പകരംതീരുവ പ്രഖ്യാപിച്ചപ്പോൾ 10% അടിസ്ഥാന തീരുവയും (ബെയ്സ് താരിഫ്) 46% തിരിച്ചടി തീരുവയും (റെസിപ്രോക്കൽ താരിഫ്) മൊത്തം 56% തീരുവയായിരുന്നു വിയറ്റ്നാമിനു ബാധകം.
ഇന്ത്യയ്ക്ക് 10% ബെയ്സ് താരിഫും 26% പകരംതീരുവയും ഉൾപ്പെടെ 36 ശതമാനമായിരുന്നു. പകരംതീരുവ നടപ്പാക്കുന്നത് ട്രംപ് ജൂലൈ 9 വരെ മരവിപ്പിച്ചിരുന്നു. ജൂലൈ 9നകം യുഎസുമായി വ്യാപാരക്കരാറിൽ എത്തിയില്ലെങ്കിൽ മാത്രമാകും പകരം തീരുവ ബാധകമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സമയപരിധിക്ക് മുൻപ് കരാറിലെത്താനും തീരുവഭാരം 56ൽ നിന്ന് 20 ശതമാനമായി കുറയ്ക്കാനും വിയറ്റ്നാമിന് കഴിഞ്ഞു.
അതേസമയം, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുന്നതേയുള്ളൂ. യുഎസിൽ നിന്നുള്ള കാർഷിക, ക്ഷീരോൽപന്നങ്ങൾക്ക് തീരുവ ഇളവുവേണമെന്ന ട്രംപിന്റെ ആവശ്യത്തിൽത്തട്ടി ചർച്ച നീളുകയാണ്. ട്രംപിന്റെ ആവശ്യം അംഗീകരിച്ചാൽ ഇന്ത്യയിലെ കർഷകർക്ക് തിരിച്ചടിയാകുമെന്നും രാജ്യത്ത് കടുത്ത പ്രതിഷേധങ്ങളുണ്ടാകുമെന്നും കേന്ദ്രം ആശങ്കപ്പെടുന്നുണ്ട്.
ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, സ്റ്റീൽ, വാഹനം, അലുമിനിയം, റബർ, മെഷിനറികൾ എന്നിവയാണ് പ്രധാനമായും വിയറ്റ്നാം യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്. യുഎസ്-വിയ്റ്റ്നാം ഡീൽ അതുകൊണ്ടുതന്നെ ഈ രംഗത്തെ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾക്ക് ഇന്നു സമ്മർദമായേക്കാം. ട്രംപ് ഏപ്രിലിൽ പകരംതീരുവ പ്രഖ്യാപിച്ചതും വിയറ്റ്നാം, ചൈന. ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് പകരംതീരുവ കുറവായിരുന്നതും ഇന്ത്യൻ കമ്പനികൾക്ക് നേട്ടമായിരുന്നു.
നിലവിൽ യുഎസിന് ഏറ്റവുമധികം വ്യാപാരക്കമ്മി (ട്രേഡ് ഡെഫിസിറ്റ്) ഉള്ള രാജ്യങ്ങളിലൊന്നാണ് വിയ്റ്റനാം എന്നതിനാൽ ഈ കരാർ ഏറ്റവുമധികം നേട്ടമാകുന്നത് യുഎസിനാണ്. ട്രംപിന് ഇതൊരു വിജയവുമാണ്. 2019ലെ 56 ബില്യൻ ഡോളറിൽ നിന്ന് 2024ൽ വ്യാപാരക്കമ്മി 123 ബില്യനായി ഉയർന്നിരുന്നു.