വിവാഹ സർട്ടിഫിക്കറ്റ് ഒഴികെ, ഞാനും ലിസിയും ഒരേ ജീവിതമാണ് നയിക്കുന്നത്: ആ സന്തോഷ വാർത്ത സ്ഥിരീകരിച്ച് പ്രിയദർശൻ

Spread the love

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ദമ്പതികളായിരുന്ന സംവിധായകൻ പ്രിയദർശനും നടി ലിസിയും പത്ത് വർഷത്തെ വേർപിരിയലിന് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന് സൂചന. നീണ്ട കാലത്തെ നിയമപോരാട്ടങ്ങൾക്കും വിവാഹമോചനത്തിനും ഒടുവിൽ തങ്ങൾ വീണ്ടും ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ച വിവരം പ്രിയദർശൻ തന്നെയാണ് ‘മിഡ്-ഡേ’ പത്രത്തിന് നൽകിയ അഭിമുഖത്തിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

 

ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും കൈകോർത്ത് എത്തിയത് മുതൽ ഇവരുടെ പുനസ്സമാഗമത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. തുടർന്ന് മാർച്ച് 16-ന് ലിസിയുടെ ചെന്നൈ സ്റ്റുഡിയോയിൽ വച്ച് സൂപ്പർ താരം മമ്മൂട്ടിക്കൊപ്പമുള്ള പ്രിയന്റെയും തന്റെയും ചിത്രം ലിസി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ആരാധകരുടെ പ്രതീക്ഷകൾ വർധിച്ചു. തങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നും എന്നാൽ വീണ്ടും ഒരു വിവാഹത്തിന് തൽക്കാലം പദ്ധതിയില്ലെന്നും പ്രിയദർശൻ ‘മിഡ്-ഡേ’യോട് വ്യക്തമാക്കി.

 

‘ഒരു വിവാഹ സർട്ടിഫിക്കറ്റ് ഒഴികെ, ഞങ്ങൾ പഴയതുപോലെ ഒരേ ജീവിതം തന്നെയാണ് ഇപ്പോൾ നയിക്കുന്നത്,’ പ്രിയദർശന്റെ വാക്കുകൾ.

 

മക്കളായ നടി കല്യാണി പ്രിയദർശൻ, സിദ്ധാർഥ് പ്രിയദർശൻ എന്നിവരുടെ നിരന്തരമായ പരിശ്രമവും ലിസിയുടെയും പ്രിയന്റെയും പരസ്പര ധാരണയുമാണ് ഈ പുനസ്സമാഗമത്തിന് വഴിയൊരുക്കിയതെന്ന് ഇവരുടെ കുടുംബത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ‘‘ഈ തീരുമാനം ഏകദേശം ആറോ എട്ടോ മാസങ്ങൾക്ക് മുൻപാണ് എടുത്തത്. ഇവർ വീണ്ടും വിവാഹം കഴിക്കില്ല. വിവാഹം എന്നത് കേവലം ഒരു കടലാസ് മാത്രമാണ്, സൗഹൃദത്തിനും കൂട്ടായ്മയ്ക്കും സ്നേഹത്തിനും ആണ് അവർക്ക് പ്രാധാന്യം,’’ കുടുംബ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

 

വിവാഹം എന്നത് കേവലം ഒരു രേഖ മാത്രമാണെന്നും സൗഹൃദത്തിനും പരസ്പരമുള്ള സ്നേഹത്തിനുമാണ് തങ്ങൾ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും പ്രിയദർശന്റെ മറുപടി സൂചിപ്പിക്കുന്നു. മക്കളായ കല്യാണി പ്രിയദർശനും സിദ്ധാർഥുമാണ് മാതാപിതാക്കളെ വീണ്ടും ഒരുമിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ആറ് മാസം മുമ്പ് തന്നെ ഇരുവരും ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനമെടുത്തിരുന്നു എന്നാണ് വിവരം.

 

സിബി മലയിലിന്റെ മകൻ ജോ സിബിയുടെ വിവാഹത്തിനാണ് ഇരുവരും ഒന്നിച്ചത്. രണ്ടു പേരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം എന്നാണ് പ്രിയദർശനെയും ലിസിയേയും ഒരുമിച്ചു കണ്ടപ്പോൾ പറഞ്ഞതെന്ന് സിബി മലയിൽ മനോരമ ഓൺലൈനോടു പറഞ്ഞിരുന്നു. വർഷങ്ങൾക്കു ശേഷമാണ് ഒരു പൊതു ചടങ്ങിന് ഇരുവരും ഒന്നിച്ചെത്തുന്നത്. വേദിയിൽ നിന്ന് പ്രിയദർശന്റെ കൈ പിടിച്ചിറങ്ങുന്ന ലിസിയും ആരാധകർക്ക് കൗതുക കാഴ്ചയായി.

 

‘‘മകന്റെ വിവാഹത്തിന് ലിസിയെ എന്റെ ഭാര്യ ബാലയാണ് ഫോണിൽ വിളിച്ചത്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പ്രിയനേയും വിളിച്ചു. വർത്തമാനത്തിനിടെ ലിസി വിവാഹത്തിന് വരുന്നുണ്ടെന്ന കാര്യം പ്രിയനോടും പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് വന്നോളാം എന്നാണ് പ്രിയൻ അപ്പോൾ പറഞ്ഞത്. പറഞ്ഞതുപോലെ തന്നെ അവർ ഒരുമിച്ച് വന്നു. വേർപിരിഞ്ഞതിനുശേഷം ആദ്യമായാണ് ഒന്നിച്ചു വരുന്നത്. അപ്പോൾ ഞാൻ അവരെ ചേർത്തു നിർത്തി പറഞ്ഞത്, രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ ഒരുപാടു സന്തോഷം എന്നാണ്. ലിസി എന്റെ ആദ്യ സിനിമയിലെ നായികയാണ്. ഞാനും പ്രിയദർശനവും നവോദയയിൽ അസിസ്റ്റന്റ് ഡയറക്ടേഴ്സായി പ്രവർത്തിച്ചിട്ടുണ്ട്. പ്രിയന്റെ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെയാണ് ലിസി ആദ്യമായി നായികയാകുന്നത്.

 

ഞങ്ങൾ മൂന്നുപേരും തമ്മിൽ വല്ലാത്തൊരു സ്നേഹബന്ധമുണ്ട്. അടുപ്പമുണ്ട്. മുത്താരംകുന്നിൽ ലിസിയെ നായിക ആക്കാൻ കാരണം പ്രിയനാണ്. മദ്രാസിൽ ഒരേ അപ്പാർട്ട്മെന്റിൽ രണ്ടു ഫ്ലോറുകളിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. എന്റെ മോളും കല്യാണിയും ഒന്നിച്ച് ഒരേ ക്ലാസിലാണ് പഠിച്ചത്. കുടുംബവുമായും ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണ്. അവരെ വീണ്ടും ഒന്നിച്ചു കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. വിവാഹബന്ധം വേർപ്പെടുത്തുമ്പോൾ മക്കൾക്കുണ്ടാകുന്ന വിഷമം ഞങ്ങൾക്കു മനസ്സിലാകും. അമ്മുവിനെയും ചന്തുവിനെയും ഇവരുടെ വേർപിരിയൽ ബാധിക്കുമല്ലോ. അതിൽ ഞങ്ങൾക്കു വലിയ സങ്കടം ഉണ്ടായിരുന്നു. രണ്ടുപേരും ഒന്നിച്ചു വന്നപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷം ആയി. അതും എന്റെ മകൻ പുതിയൊരു ജീവിതം തുടങ്ങിയ ദിവസം… ആ ചടങ്ങ് ഇങ്ങനെയൊരു മനോഹര നിമിഷത്തിന് നിമിത്തമായെന്ന് അറിയുമ്പോൾ ശരിക്കും സന്തോഷം,’’– സിബി മലയിൽ പറഞ്ഞത്.

 

മലയാള സിനിമയിലെ താര ദമ്പതികളായിരുന്ന സംവിധായകൻ പ്രിയദർശനും നടി ലിസിയും 24 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചു പിരിയാൻ തീരുമാനിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. 1990 ലായിരുന്നു ലിസി–പ്രിയൻ വിവാഹം. പ്രിയദർശൻ സിനിമകളിലെ സ്ഥിരം നായികയായിരുന്നു ലിസി. സിനിമാ തിരക്കുകൾക്കിടയിൽ ഇരുവരും തമ്മിലുണ്ടായ സൗഹൃദം പ്രണയമാകുകയായിരുന്നു. സിദ്ധാർഥ്, കല്യാണി എന്നിവരാണ് മക്കൾ.

 

2015 ലാണ് പിരിയാൻ തീരുമാനിച്ച വിവരം ഇരുവരും പ്രഖ്യാപിച്ചത്. അത് അടുത്ത സുഹൃത്തുക്കളെപ്പോലും ഞെട്ടിച്ചു. എന്തുകൊണ്ട് പിരിയുന്നു എന്നു പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, പിരിയുന്നതിലെ വേദനയും ഇരുവരും പങ്കുവച്ചിരുന്നു. ആത്മസുഹൃത്തുക്കളായ സുരേഷ് കുമാറും മോഹൻലാലുമടക്കം പലരും പലതവണ ഇടപെട്ടിട്ടും അവരുടെ തീരുമാനം മാറ്റാനായിരുന്നില്ല. സംയുക്ത ഹർജി 2016 ൽ കോടതി തീർപ്പാക്കി നിയമപ്രകാരം വിവാഹമോചനം അനുവദിച്ചു.

 

പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകിയെന്നും ഇപ്പോൾ അവർ വളരെ നല്ല സൗഹൃദത്തിലും പരസ്പര ബഹുമാനത്തോടെയാണ് ജീവിക്കുന്നതെന്നും ആലപ്പി അഷ്റഫ് വെളിപ്പെടുത്തിയിരുന്നു. രണ്ടുപേരും മറ്റു വിവാഹം കഴിക്കാത്ത സ്ഥിതിക്ക് ഒരുമിച്ച് ജീവിക്കുന്നത് മാതൃകാപരമായ തീരുമാനമായിരിക്കുമെന്നും അങ്ങനെ തന്നെ സംഭവിക്കട്ടയെന്നും ആലപ്പി അഷ്റഫ് പറയുകയുണ്ടായി.

  • Related Posts

    ബോക്സ് ഓഫീസിൽ രൺവീർ സിങ് തരംഗം; ‘ധുരന്ധർ 2’ മൂന്നു ദിവസത്തിനുള്ളിൽ 500 കോടി ക്ലബ്ബിൽ

    Spread the love

    Spread the loveആദിത്യ ധർ സംവിധാനം ചെയ്ത ബോളിവുഡ് സ്പൈ ത്രില്ലർ ചിത്രം ‘ധുരന്ധർ: ദി റിവഞ്ച്’ (ധുരന്ധർ 2) ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. റിലീസ് ചെയ്ത് കേവലം മൂന്നു ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 500 കോടി രൂപ…

    ജോർജുകുട്ടിക്കും കുടുംബത്തിനും എന്തുസംഭവിക്കുമെന്ന് അറിയാൻ ഞാനും കാത്തിരിക്കുന്നു- ആശാ ശരത്ത്

    Spread the love

    Spread the loveആരാണ് ഞങ്ങൾക്ക് നീതിയും സ്വാതന്ത്ര്യവും നൽകേണ്ടത്?… തലയുയർത്തി നിന്ന്, മുഖത്തുനോക്കി അവൾ ചോദിക്കുമ്പോൾ നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും ഒരുപാട് ആശകൾ അവിടെ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ആ വേദിയിൽ പെൺസ്വപ്നങ്ങളുടെ ആൾരൂപമായി ആശാ ശരത്ത്‌ നർത്തനമാടി. നടി എന്ന മേൽവിലാസത്തിൽ തിളക്കമാർന്ന…

    Leave a Reply

    Your email address will not be published. Required fields are marked *