ജോർജുകുട്ടിക്കും കുടുംബത്തിനും എന്തുസംഭവിക്കുമെന്ന് അറിയാൻ ഞാനും കാത്തിരിക്കുന്നു- ആശാ ശരത്ത്

Spread the love

ആരാണ് ഞങ്ങൾക്ക് നീതിയും സ്വാതന്ത്ര്യവും നൽകേണ്ടത്?… തലയുയർത്തി നിന്ന്, മുഖത്തുനോക്കി അവൾ ചോദിക്കുമ്പോൾ നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും ഒരുപാട് ആശകൾ അവിടെ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ആ വേദിയിൽ പെൺസ്വപ്നങ്ങളുടെ ആൾരൂപമായി ആശാ ശരത്ത്‌ നർത്തനമാടി. നടി എന്ന മേൽവിലാസത്തിൽ തിളക്കമാർന്ന വിജയങ്ങൾ നേടുന്ന നേരത്തും നൃത്തം എന്ന പ്രാണനെ ചേർത്തുപിടിച്ചാണ് ആശ മുന്നോട്ടുപോകുന്നത്. മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3 എന്ന സിനിമ വരാനിരിക്കേ നൃത്തത്തിലെയും അഭിനയത്തിലെയും പുതിയ വിശേഷങ്ങൾ പങ്കിട്ട് ആശാ ശരത്ത് സംസാരിക്കുന്നു…

 

ആശകൾ ആയിരം’ എന്ന സിനിമ മലയാളി പ്രേക്ഷകർ ഏറ്റെടുത്തതിന്റെ വലിയ സന്തോഷത്തിലാണ് ഞാൻ. ഇടക്കാലത്ത് ത്രില്ലർ സിനിമകളുടെ വേലിയേറ്റമായിരുന്ന മലയാളത്തിൽ കുടുംബപ്രേക്ഷകർ ഫീൽ ഗുഡ് സിനിമകൾ തേടി തിയേറ്ററിലേക്ക് തിരിച്ചുവരുന്ന കാഴ്ചയ്ക്കാണ് ആശകൾ ആയിരം സാക്ഷ്യമേകിയത്. ജീവിതഗന്ധിയായ വൈകാരികനിമിഷങ്ങളും നർമവും കോർത്തിണക്കി ഒരുക്കിയ സിനിമയാണ് അത്. അച്ഛന്റെയും മകന്റെയും രസകരമായ ഉരസലുകൾക്കിടയിൽ ഒരുപക്ഷം പിടിക്കാനാകാതെ ഉഴലുന്ന ഭാര്യയും അമ്മയുമായിട്ടാണ് ഇതിൽ എന്റെ കഥാപാത്രം. ഈ കഥാപാത്രത്തെപ്പറ്റി കേട്ടപ്പോൾ തോന്നിയ ഇഷ്ടം അതിൽ അഭിനയിച്ചപ്പോൾ കൂടിവരുകയായിരുന്നു. കരിയറിൽ ഇതുപോലെയുള്ള വേഷങ്ങൾ എന്നും വലിയ സന്തോഷവും പ്രതീക്ഷയുമാണ്.

 

മകളേ നിനക്കൊരു നൃത്തം

 

സിനിമയുടെ തിരക്കുകൾക്കിടയിലും നൃത്തം എന്ന പ്രാണനെ ഞാൻ എപ്പോഴും ചേർത്തുപിടിക്കുന്നുണ്ട്. ഇപ്പോൾ ഞാൻ അവതരിപ്പിക്കുന്ന ഏകാംഗനൃത്താവിഷ്‌കാരങ്ങൾ അതിനുതന്നെയാണ് അടിവരയിടുന്നത്. ‘മകളേ’ എന്ന പേരിൽ ഞാൻ ഇപ്പോൾ അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരത്തിന് പ്രേക്ഷകരിൽനിന്ന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. ഡൽഹിയിൽ ഈ പരിപാടി അവതരിപ്പിച്ചപ്പോൾ നടൻ സുരേഷ് ഗോപി അത് കാണാനെത്തിയിരുന്നു. ‘മകളേ’ എന്ന നൃത്താവിഷ്‌കാരം കണ്ടശേഷം വളരെ വൈകാരികമായാണ് സുരേഷേട്ടൻ എന്നോട് അതിനെപ്പറ്റി സംസാരിച്ചത്. കൊൽക്കത്തയിൽ ബലാത്സംഗം ചെയ്യപ്പെട്ട്‌ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കഥയാണ് ഞാൻ ആവിഷ്‌കരിച്ചിരിക്കുന്നത്. ആ പെൺകുട്ടിയുടെ അമ്മയുടെ മാനസികാവസ്ഥയിലൂടെയാണ് നൃത്താവിഷ്‌കാരം മുന്നോട്ടുപോകുന്നത്. അഭയയും നിർഭയയുമൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിൽ ആ അമ്മയുടെ രോദനത്തിന് വലിയ വേദനയുടെ ആഴങ്ങളുണ്ട്. ഞാനും ഒരമ്മയായതിനാൽ ആ വേദന ഉൾക്കൊണ്ടുതന്നെയാണ് ‘മകളേ’ എന്ന നൃത്താവിഷ്‌കാരം ഒരുക്കിയത്.

 

അപരാജിതമാരുടെ വേദനകൾ

 

‘മകളേ’ എന്ന നൃത്താവിഷ്‌കാരം 30 മിനിറ്റ് ദൈർഘ്യമുള്ളതാണെങ്കിൽ ഒന്നരമണിക്കൂറോളം നീളുന്നതാണ് ‘അപരാജിത’ എന്ന നൃത്താവിഷ്‌കാരം. നാലു സ്ത്രീകളെയാണ് ഞാൻ ഇതിൽ അവതരിപ്പിക്കുന്നത്. കാലവും കാലഘട്ടവും മാറിയാലും അന്നും ഇന്നും സ്ത്രീകൾ നേരിടുന്ന അവഗണനയും സങ്കടങ്ങളും വേദനകളും ഒന്നുതന്നെയാണ്. പുരാണത്തിലെ ദമയന്തിയാണ് ഈ നൃത്താവിഷ്‌കാരത്തിലെ ആദ്യ കഥാപാത്രം. നളൻ കാട്ടിൽ ഉപേക്ഷിക്കുന്ന ദമയന്തി പക്ഷേ, ഭർത്താവിന്റെ സാമീപ്യവും പ്രണയവും കൊതിക്കുന്ന ഒരുവളാണ്. പക്ഷേ, അവളുടെ മനസ്സ് കാണാതെയാണ് നളൻ അവളെ കാട്ടിൽ ഉപേക്ഷിക്കുന്നത്. ദമയന്തിയുടെ മനസ്സിന്റെ സംഘർഷങ്ങളിലൂടെയും വേദനകളിലൂടെയുമാണ് ‘അപരാജിത’ എന്ന നൃത്താവിഷ്‌കാരം കടന്നുപോകുന്നത്. പുരാണത്തിലെ മുരുകന്റെ ഭാര്യയായ ദേവയാനിയാണ് ഇതിലെ രണ്ടാമത്തെ കഥാപാത്രം. മുരുകൻ വള്ളിയെ പ്രണയിക്കുമ്പോൾ വേദനകളുടെയും പരിഭവങ്ങളുടെയും ആഴങ്ങളിലേക്ക് വീണുപോകുന്ന ദേവയാനിയുടെ മനസ്സ് പലരും കാണാതെപോകുന്നുണ്ട്. ആ മനസ്സാണ് ഞാൻ ആവിഷ്‌കരിക്കാൻ ശ്രമിച്ചത്. മുലക്കരം ചോദിച്ചവർക്കുമുന്നിൽ മുല ഛേദിച്ച് പ്രാണൻവെടിഞ്ഞ നങ്ങേലിയാണ് മറ്റൊരു കഥാപാത്രം. ഒരു സ്ത്രീക്ക് നീതിലഭിക്കാൻ അവൾ പ്രാണൻതന്നെ വെടിയണോയെന്ന ചോദ്യം നങ്ങേലി ഉയർത്തുന്നുണ്ട്. ഈ മൂന്ന് കഥാപാത്രങ്ങളും പിന്നിട്ട് ഇന്നിലേക്കെത്തുമ്പോൾ അവിടെയാണ് നാലാമത്തെ കഥാപാത്രം വരുന്നത്. ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന ഉത്ര എന്ന യുവതിയെ കേരളം മറന്നുകാണില്ല. അവളുടെ വേദനകളും സങ്കടങ്ങളുമാണ് ഞാൻ അവതരിപ്പിക്കുന്നത്.

 

ദൃശ്യം വീണ്ടും വരുമ്പോൾ

 

മലയാളികളെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3 എന്ന സിനിമയാണ് ഇനി വരാനുള്ളത്. എല്ലാവരെയുംപോലെ ഞാനും ആകാംക്ഷയോടെത്തന്നെയാണ് ആ സിനിമയെ കാത്തിരിക്കുന്നത്. ദൃശ്യം 1 പോലെയല്ല ദൃശ്യം 2 എന്നും അതുപോലെയായിരിക്കില്ല ദൃശ്യം 3 എന്നുമാണ് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞത്. ജോർജ് കുട്ടിക്കും കുടുംബത്തിനും എന്തു സംഭവിക്കുമെന്നറിയാൻ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ട്. ഗീതാ പ്രഭാകർ എന്ന എന്റെ കഥാപാത്രത്തിന് ഇപ്പോൾ അഞ്ചാറുവർഷത്തെ വ്യത്യാസമുണ്ടാകും. കാരണം അത്രയും വർഷങ്ങൾക്കുശേഷമാണ് ദൃശ്യം 3 വരുന്നത്. എന്നെപ്പോലെ ജോർജ് കുട്ടിക്കും റാണിക്കും മക്കൾക്കുമൊക്കെ പ്രായം കൂടിയിട്ടുണ്ട്. മൂന്നു സിനിമകളുടെ നീണ്ട കാലത്തിനിടയിൽ നമുക്കെല്ലാം വലിയ മാറ്റങ്ങൾ വരുമല്ലോ, അതുകൊണ്ടുതന്നെ ജീവിതം കടന്നുപോകുന്നതുപോലെയാണ് ദൃശ്യം എന്ന സിനിമയുടെ അഭിനയകാലത്തെ ഞാൻ അനുഭവിക്കുന്നത്.

 

വീണ്ടും ചില വീട്ടുകാര്യങ്ങൾ

 

ദുബായിൽ നൃത്തവിദ്യാലയവുമായി കഴിയാൻതുടങ്ങിയിട്ട് വർഷങ്ങളേറെയായി. അതിനിടയിൽ പലപ്പോഴും നാട്ടിൽ വരാറുണ്ട്. ഇത്തവണ നാട്ടിൽവന്നശേഷം പശ്ചിമേഷ്യൻ സംഘർഷംമൂലം ദുബായിലേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല. അവിടെ നൃത്തവിദ്യാലയവും കുട്ടികളും സ്റ്റാഫുമൊക്കെ എങ്ങനെയാണെന്ന ആശങ്കയുണ്ട്. പക്ഷേ, സംഘർഷം തുടരുമ്പോൾ ഇപ്പോൾ യാത്രചെയ്യാൻ പറ്റില്ലല്ലോ. വിദേശവാസം കഴിഞ്ഞ മക്കൾ ഇപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചുവന്നുവെന്ന സന്തോഷവും ഇതിനിടയിലുണ്ട്. ഇംഗ്ലണ്ടിലെ പഠനം കഴിഞ്ഞ് മകൾ ഉത്തര ഇപ്പോൾ ഭരതനാട്യത്തിൽ പിഎച്ച്.ഡി. ചെയ്യുകയാണ്. കാനഡയിലായിരുന്ന മകൾ കീർത്തന ഇപ്പോൾ തിരിച്ചെത്തി ബെംഗളൂരുവിൽ ജോലിചെയ്യുകയാണ്. ഏഴു വർഷമായി കാനഡയിലായിരുന്ന കീർത്തന തിരിച്ചുവന്നത് ഒരമ്മ എന്നനിലയിൽ വലിയ സന്തോഷമാണ്. മക്കൾ വളർന്ന് സെറ്റായിക്കൊണ്ടിരിക്കുമ്പോൾ ഞാനും ശരത്തേട്ടനും ഹാപ്പിയാണ്.

  • Related Posts

    ‘പേട്രിയറ്റ്’; വിമർശനങ്ങൾക്ക് അണിയറ പ്രവർത്തകരുടെ മറുപടി, വിമതന്റെ വ്‌ളോഗ് രംഗവും പുറത്ത്

    Spread the love

    Spread the love‘     പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിനന്ദനം നേടി പ്രദർശനം തുടരുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രം പേട്രിയറ്റിന്റെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ചിത്രത്തിന് മേൽ നടക്കുന്ന ഓൺലൈൻ ആക്രമണങ്ങൾക്കും മനഃപൂർവമുള്ള തരം…

    ‘അനധികൃതമായി ഷൂട്ട്, ടൊവിനോ തലയില്‍ മുണ്ടിട്ട് ഓടി’; ക്യാപ്ഷന് പിന്നിലെ സത്യം വെളിപ്പെടുത്തി ബേസില്‍

    Spread the love

    Spread the love    മലയാളികളുടെ പ്രിയപ്പെട്ട കോമ്പോയാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒരുമിച്ചെത്തുമ്പോഴൊക്കെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത് മറക്കാനാകാത്ത നിമിഷങ്ങളാണ്. ടൊവിനോയുടെ കരിയറിലെ നിര്‍ണായ വിജയങ്ങളായ ഗോദയും മിന്നല്‍ മുരളിയും ഒരുക്കിയത് ബേസിലാണ്. നിരവധി സിനിമകളില്‍ ഒരുമിച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *