ഊട്ടി ∙ വേനലവധിക്കാലത്ത് ഊട്ടി പൈതൃക ട്രെയിൻ പ്രത്യേക സർവീസ് നടത്തുമെന്നു സതേൺ റെയിൽവേ അറിയിച്ചു. മാർച്ച് 27 മുതൽ ജൂലൈ 6 വരെയുള്ള വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണു പ്രത്യേക സർവീസ്. വെള്ളി, ഞായർ ദിവസങ്ങളിൽ മേട്ടുപ്പാളയം–ഊട്ടി റൂട്ടിലും ശനി, തിങ്കൾ ദിവസങ്ങളിൽ ഊട്ടി–മേട്ടുപ്പാളയം റൂട്ടിലുമാണു പ്രത്യേക സർവീസുകൾ നടത്തുക.
രാവിലെ 9.10 ന് മേട്ടുപ്പാളയത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ 2.25ന് ഊട്ടിയിൽ എത്തും. ഊട്ടിയിൽ നിന്നു 11.25ന് യാത്ര തുടങ്ങുന്ന ട്രെയിൻ 4.20ന് മേട്ടുപ്പാളയത്തെത്തും. കൂടാതെ ഊട്ടി – കേത്തി – ഊട്ടി 3 സർവീസുകളും ഈ ദിവസങ്ങളിൽ നടത്തും. ദിവസേന രാവിലെ 7ന് മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്കും ഉച്ചയ്ക്കു 2ന് ഊട്ടിയിൽ നിന്നു മേട്ടുപ്പാളയത്തേക്കും ഉള്ള സർവീസുകൾ തുടരും. കൂനൂർ- ഊട്ടി ദിവസേന 4 സർവീസുകളുമുണ്ട്.







