അവർ കരുതിയത് എനിക്ക് ഭ്രാന്താണെന്ന്: 14 വർഷം സൈക്യാട്രിക് മരുന്നുകൾ: ഞെട്ടിച്ച് ലെനയുടെ വെളിപ്പെടുത്തൽ

Spread the love

മലയാളികളുടെ പ്രിയനടി ലെന തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ വ്യക്തിബന്ധങ്ങളെക്കുറിച്ചും വഴിത്തിരിവുകളെക്കുറിച്ചും പങ്കുവച്ച വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാകുന്നു. വെറും 12-ാം വയസ്സിൽ തുടങ്ങിയ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും, അത് വിവാഹത്തിലേക്കും പിന്നീട് പക്വമായ ഒരു വേർപിരിയലിലേക്കും എത്തിയതിനെക്കുറിച്ചാണ് താരം മനസ്സ് തുറന്നത്. തന്റെ ആദ്യ പ്രണയം കൂടിയായ അഭിയുമായി (അഭിലാഷ്) 23-ാം വയസ്സിലായിരുന്നു ലെനയുടെ വിവാഹം. സിനിമകളിൽ കാണുന്നതുപോലെ സുന്ദരമായ ഒരു പ്രണയകാലമായിരുന്നു അതെന്ന് ലെന ഓർക്കുന്നു. എന്നാൽ പ്രായമാകുന്തോറും ജീവിതത്തോടുള്ള കാഴ്ചപ്പാടുകളിൽ ഇരുവരും വ്യത്യസ്ത ധ്രുവങ്ങളിലായി.

 

ജീവിതത്തെ വളരെ ഗൗരവത്തോടെയും ചിട്ടയോടെയും കാണാൻ ലെന ആഗ്രഹിച്ചപ്പോൾ, മുൻ ഭർത്താവ് ജീവിതം ഒരു തമാശയായി ആഘോഷിക്കാൻ ഇഷ്ടപ്പെട്ടു. ഈ മാറ്റങ്ങൾ ഒടുവിൽ 30-ാം വയസ്സിൽ അവരെ വിവാഹമോചനത്തിൽ എത്തിച്ചു. വൈകാരികമായ തകർച്ചകൾക്കപ്പുറം, ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ മാറിയപ്പോൾ തികച്ചും പ്രായോഗികമായി എടുത്ത ഒരു തീരുമാനമായിരുന്നു തന്റെ വിവാഹമോചനമെന്ന് ലെന പറയുന്നു. കോടതി കാന്റീനിൽ ഇരുന്ന് ഒരു ഗുലാബ് ജാമുൻ പങ്കുവച്ച് കഴിച്ച്, സൗഹൃദത്തോടെ പിരിഞ്ഞ ആ നിമിഷത്തെക്കുറിച്ച് രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലാണ് മനസ്സു തുറന്നത്.

 

‘‘ഞങ്ങളുടെ വിവാഹമോചനം വൈകാരികമായ ഒരു തീരുമാനമായിരുന്നില്ല. മറിച്ച്, ഞങ്ങൾ രണ്ടുപേരും ജീവിതത്തിൽ രണ്ട് വ്യത്യസ്ത ദിശകളിലേക്കാണ് സഞ്ചരിക്കുന്നത് എന്ന തിരിച്ചറിവിൽ നിന്നെടുത്ത വളരെ പ്രായോഗികമായ ഒന്നായിരുന്നു അത്. കോടതിയിലെ കാന്റീനിൽ ഇരുന്ന് ഒരു ഗുലാബ് ജാമുൻ പങ്കുവെച്ച് കഴിച്ചുകൊണ്ടാണ് ഞങ്ങൾ ആ ബന്ധം അവസാനിപ്പിച്ചത്. ആ ഗുലാബ് ജാമുൻ കഴിച്ചു തീർന്നപ്പോഴേക്കും ഞങ്ങളുടെ വിവാഹബന്ധവും അവസാനിച്ചിരുന്നു. ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്; അടുത്തിടെ പോലും ഞങ്ങൾ തമ്മിൽ കണ്ടിരുന്നു. അദ്ദേഹം ഇപ്പോഴും സിംഗിൾ ആണെന്നാണ് ഞാൻ കരുതുന്നത്.

 

വിവാഹമോചന പത്രത്തിൽ ഒപ്പിട്ടു കഴിഞ്ഞപ്പോൾ, ‘ഓ, എല്ലാം കഴിഞ്ഞു’ എന്നോർത്ത് ചെറിയൊരു ഭാരം മനസ്സിൽ തോന്നിയിരുന്നു. കാരണം, 12ാം വയസ്സിൽ തുടങ്ങിയ ഒരു ബന്ധമാണ് എന്റെ 30ാം വയസ്സിൽ അവസാനിച്ചത്. എന്റെ ആദ്യ പ്രണയമായിരുന്നു അത്. ഇടയിൽ മറ്റൊരാൾക്കും എന്റെ ജീവിതത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. 12 വയസ്സിൽ പ്രണയം തുടങ്ങി 23-ൽ വിവാഹിതയാവുന്നു; അതൊരു സ്‌കൂൾ കാലഘട്ടത്തിലെ പ്രണയമായിരുന്നു.

 

ആ ഏഴര വർഷത്തെ വിവാഹജീവിതം ഒരു കൗമാര സ്വപ്നത്തിന്റെ തുടർച്ച മാത്രമായിരുന്നു. സിനിമകളിൽ കാണുന്നതുപോലെയുള്ള പ്രണയം! ഞങ്ങൾ നല്ല സുഹൃത്തുക്കളും സാഹസികത ഇഷ്ടപ്പെടുന്നവരുമായിരുന്നു. എന്നാൽ പ്രായമാകുന്തോറും സ്ത്രീകൾ വേഗത്തിൽ പക്വത പ്രാപിക്കുന്നു. എനിക്ക് പരിചയമുള്ള ആ കൗമാരക്കാരൻ അപ്പോഴും വെറുതെ തമാശകൾ കാട്ടി നടക്കാൻ ആഗ്രഹിച്ചു. ജീവിതം എന്തിനാണ് ഇത്ര ഗൗരവമാക്കുന്നത്, എന്തിനാണ് ഫ്ലാറ്റ് വാങ്ങുന്നത് എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഒരാൾ ജീവിതത്തെ വളരെ ചിട്ടയോടെ കെട്ടിപ്പടുക്കാൻ നോക്കുമ്പോൾ മറ്റേയാൾ വെറുതെ ‘ചില്ല്’ ചെയ്ത് നടക്കാൻ ആഗ്രഹിക്കുന്നു. അവിടെയാണ് ഞങ്ങൾക്കിടയിൽ മാറ്റങ്ങൾ തുടങ്ങിയത്.

 

അതിനുശേഷം എനിക്ക് എന്റെ ജീവിതത്തെ പുതിയ രീതിയിൽ നോക്കിക്കാണേണ്ടി വന്നു. അന്ന് എനിക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ പോലും അറിയില്ലായിരുന്നു. ഒരു കത്തെഴുതാൻ അച്ഛനെയോ ഇമെയിൽ അയക്കാൻ അഭിയെയോ ആശ്രയിച്ചിരുന്ന ഞാൻ പെട്ടെന്ന് സ്വതന്ത്രയാകാൻ തീരുമാനിച്ചു. എന്റെ ജീവിതം എന്റെ നിബന്ധനകൾക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞാൻ ഉറപ്പിച്ചു. സാമ്പത്തികമായി സ്വതന്ത്രയാവുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പിജി പഠനത്തിനായി സിനിമയിൽ നിന്ന് വിട്ടുനിന്ന സമയത്തായിരുന്നു വിവാഹം. അതിനാൽ സിനിമയിൽ ഞാൻ അന്ന് സജീവമല്ലായിരുന്നു.

 

ഞാൻ എന്റെ പുസ്തകത്തിൽ എഴുതിയതുപോലെ, ജീവിതത്തിലെ ആ പരിഭ്രാന്തി നിറഞ്ഞ ഘട്ടത്തിലാണ് എനിക്ക് ‘ആത്മസാക്ഷാത്കാരം’ ഉണ്ടാകുന്നത്. അന്ന് എന്റെ കയ്യിൽ സമ്പാദ്യമില്ല, ജോലിയുമില്ല. അഭിയുടെ ശമ്പളത്തിലാണ് ഞങ്ങൾ ജീവിച്ചിരുന്നത്. കൊടൈക്കനാലിലെ ഒരു സാഹസിക യാത്രയ്ക്കിടയിൽ ‘എന്താണ് ദൈവം?’ എന്ന ചോദ്യം ചോദിച്ചപ്പോഴാണ് എന്റെ ബോധം ഉണരുന്നത്. അന്ന് ഞാൻ പരീക്ഷിച്ച ‘മാജിക് മഷ്റൂം’ പോലുള്ളവ ഇപ്പോൾ ഞാൻ ആർക്കും നിർദ്ദേശിക്കില്ല. അത് വളരെ അപകടകരമാണ്. ഓരോ വ്യക്തിയിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചിക്കാനാവില്ല. അത് എന്നെ ആശുപത്രിയിൽ എത്തിച്ചു.

 

എന്റെ ആത്മീയമായ ഉണർവിനെ മനസ്സിലാക്കാൻ എന്റെ വീട്ടുകാർക്കോ അന്നത്തെ ഭർത്താവിനോ സാധിച്ചില്ല. അവർ കരുതിയത് എനിക്ക് ഭ്രാന്താണെന്നാണ്. അങ്ങനെ എന്റെ കുടുംബം എന്നെ സൈക്യാട്രിക് ആശുപത്രിയിലാക്കി. അവിടെ വച്ച് എനിക്ക് മരുന്നുകൾ നൽകി എന്നെ അബോധാവസ്ഥയിലാക്കി. ആ മരുന്നുകൾ പെട്ടെന്ന് നിർത്തുമ്പോഴുണ്ടാകുന്ന വിറയലും പെരുമാറ്റ മാറ്റങ്ങളും കണ്ടപ്പോൾ അവർക്ക് എന്റെ ഭ്രാന്ത് കൂടുകയാണെന്നു തോന്നി. സത്യത്തിൽ അത് മരുന്നുകളുടെ പാർശ്വഫലങ്ങളായിരുന്നു.

 

ഏകദേശം 14 വർഷത്തോളം ഞാൻ മരുന്നുകൾ കഴിക്കേണ്ടി വന്നു. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. ഞാനൊരു പബ്ലിക് ഫിഗർ ആണ്, അതുകൊണ്ട് തന്നെ മരുന്ന് പെട്ടെന്ന് നിർത്തിയാൽ എന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുമെന്നും അത് ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും എനിക്കറിയാമായിരുന്നു. അത് വലിയൊരു കുഴപ്പമുണ്ടാക്കും.സത്യത്തിൽ എനിക്ക് ഭ്രാന്തായിരുന്നില്ല. ഞാൻ ചില പരമമായ സത്യങ്ങൾ കണ്ടെത്തിയ ആവേശത്തിലായിരുന്നു. പക്ഷേ, എന്റെ ചുറ്റുമുള്ളവർക്ക് അത് മനസ്സിലായില്ല. അവർ വിചാരിച്ചു എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. അങ്ങനെ എന്റെ അനുവാദമില്ലാതെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഒരുതരം തട്ടിക്കൊണ്ടുപോകൽ പോലെയായിരുന്നു അത്. അവിടെ എനിക്ക് ട്രാൻക്വിലൈസറുകൾ തന്നു. പത്ത് ദിവസത്തെ കടുത്ത മരുന്നുകൾക്ക് ശേഷം ഞാൻ വീട്ടിലെത്തുമ്പോൾ എന്റെ തലച്ചോറ് മരവിച്ച അവസ്ഥയിലായിരുന്നു.

 

ഈ മരുന്നുകൾ എന്നെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടു. എന്നെ ആരും മനസ്സിലാക്കുന്നില്ലെന്ന തിരിച്ചറിവ് എന്നെ തളർത്തി. അതിനേക്കാൾ വലിയ സങ്കടം, സാമ്പത്തികമായി ഞാൻ തകർന്നുപോയി എന്നതാണ്. 16 വയസ്സ് മുതൽ അഭിനയിച്ചും ആങ്കറിങ് ചെയ്തും സ്വന്തമായി പണം സമ്പാദിച്ചിരുന്ന എനിക്ക്, 24-ാം വയസ്സിൽ ആദ്യമായി എന്റെ ബാങ്ക് ബാലൻസ് പൂജ്യം ആയി മാറുന്നത് കാണേണ്ടി വന്നു. ആത്മീയമായ വലിയൊരു തിരിച്ചറിവ് ഉണ്ടാകുമ്പോൾ ഭൗതികമായ ലോകം തകർന്നടിയുമെന്ന് പറയാറുണ്ട്. ഞാൻ ആ ‘റോക്ക് ബോട്ടത്തിൽ’ എത്തിനിൽക്കുകയായിരുന്നു. മരുന്നുകൾ തരുന്ന തളർച്ചയും ഡിപ്രഷനും കാരണം എനിക്ക് ആത്മഹത്യാ ചിന്തകൾ പോലുമുണ്ടായി. എങ്കിലും എനിക്ക് എങ്ങനെയെങ്കിലും സാമ്പത്തികമായി സ്വതന്ത്രയാകണം എന്നുണ്ടായിരുന്നു.

 

എന്റെ അമ്മ കത്തോലിക്കയാണ്. ആ അവസ്ഥയിൽ ഒരു ഞായറാഴ്ച ഞാൻ അമ്മയോടൊപ്പം പള്ളിയിൽ പോയി. അവിടെ സെന്റ് ആന്റണീസിന്റെ രൂപത്തിന് മുന്നിൽ മുട്ടുകുത്തി നിന്ന് ഞാൻ പറഞ്ഞു, “എനിക്ക് എങ്ങനെയെങ്കിലും ഒരു വഴി കാണിച്ചു തരണം. ഇവിടെ നിന്ന് ഒരു വഴിയുണ്ടാകാതെ ഞാൻ എഴുന്നേൽക്കില്ല.” അതൊരു പ്രാർഥനയല്ലായിരുന്നു, മറിച്ച് ഒരുതരം ബ്ലാക്ക്മെയിലിങ് ആയിരുന്നു.

 

ഞാൻ അവിടെ മുട്ടുകുത്തി നിൽക്കുമ്പോൾ പള്ളിക്ക് പുറത്ത് നിൽക്കുന്ന അമ്മയ്ക്ക് ഒരു ഫോൺ കോൾ വന്നു. പ്രവീൺ ആയിരുന്നു അത്. ഞാൻ സീരിയലിൽ അഭിനയിക്കുമോ എന്ന് ചോദിക്കാനാണ് അദ്ദേഹം വിളിച്ചത്. സിനിമ മാത്രം ചെയ്യുന്ന ഞാൻ സീരിയൽ ചെയ്യുമോ എന്ന് അവർക്ക് സംശയമുണ്ടായിരുന്നു. അമ്മ എന്നോട് വന്ന് ചോദിച്ചു. ആ നിമിഷം എനിക്ക് മനസ്സിലായി, ദൈവം എനിക്ക് വഴി കാണിച്ചു തന്നിരിക്കുന്നു എന്ന്. പ്രാർഥിച്ചു തീരുന്നതിന് മുൻപേ എനിക്ക് മറുപടി ലഭിച്ചു.

 

അങ്ങനെയാണ് ഞാൻ ‘ഓമനത്തിങ്കൾ പക്ഷി’ എന്ന സീരിയലിൽ എത്തുന്നത്. അന്ന് മരുന്നുകളുടെ പാർശ്വഫലം കാരണം 20 കിലോയോളം ഞാൻ കുറഞ്ഞിരുന്നു. ആ സീരിയലിലെ കഥാപാത്രവും ജീവിതത്തിൽ തകർന്നുപോയ, ഗർഭിണിയായ, പണമില്ലാത്ത ഒരു പെൺകുട്ടിയുടേതായിരുന്നു. എന്റെ അപ്പോഴത്തെ അതേ അവസ്ഥ! ആ സീരിയലിൽ ഞാൻ കരയുന്നതൊക്കെ എന്റെ യഥാർഥ വിഷമത്തിൽ നിന്നായിരുന്നു. ആ ജോലി എനിക്ക് വേണ്ടി മാത്രം നെയ്തെടുത്തത് പോലെയായിരുന്നു. അവിടെ നിന്നാണ് ഞാൻ വീണ്ടും സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയത്.

 

വീട്ടുകാർ പോലും എന്നെ ചോദ്യം ചെയ്ത സമയത്തു നിന്ന് 20 വർഷമെടുത്തിട്ടാണെങ്കിലും ഞാൻ പറയുന്നത് ശരിയാണെന്ന് തെളിയിക്കാൻ എനിക്ക് കഴിഞ്ഞു. കാരണം എനിക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു. എന്റെ സത്യം പരീക്ഷിച്ചറിഞ്ഞ ശേഷം, ഇന്ന് ഒരു വിജയിയായി നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ ഇത് വിളിച്ചുപറയാൻ എനിക്ക് ഭയമില്ല.’’– ലെന പറയുന്നു.

  • Related Posts

    ‘പേട്രിയറ്റ്’; വിമർശനങ്ങൾക്ക് അണിയറ പ്രവർത്തകരുടെ മറുപടി, വിമതന്റെ വ്‌ളോഗ് രംഗവും പുറത്ത്

    Spread the love

    Spread the love‘     പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിനന്ദനം നേടി പ്രദർശനം തുടരുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രം പേട്രിയറ്റിന്റെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ചിത്രത്തിന് മേൽ നടക്കുന്ന ഓൺലൈൻ ആക്രമണങ്ങൾക്കും മനഃപൂർവമുള്ള തരം…

    ‘അനധികൃതമായി ഷൂട്ട്, ടൊവിനോ തലയില്‍ മുണ്ടിട്ട് ഓടി’; ക്യാപ്ഷന് പിന്നിലെ സത്യം വെളിപ്പെടുത്തി ബേസില്‍

    Spread the love

    Spread the love    മലയാളികളുടെ പ്രിയപ്പെട്ട കോമ്പോയാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒരുമിച്ചെത്തുമ്പോഴൊക്കെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത് മറക്കാനാകാത്ത നിമിഷങ്ങളാണ്. ടൊവിനോയുടെ കരിയറിലെ നിര്‍ണായ വിജയങ്ങളായ ഗോദയും മിന്നല്‍ മുരളിയും ഒരുക്കിയത് ബേസിലാണ്. നിരവധി സിനിമകളില്‍ ഒരുമിച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *