കൊച്ചി ∙ എംഎൽഎമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയുമടക്കം വ്യാജരേഖകൾ ചമച്ച് അവയവദാനത്തിന്റെ മറവിൽ അവയവ കച്ചവടം നടത്തുന്ന വൻ റാക്കറ്റിനെ കണ്ടെത്തി പൊലീസ്. റാക്കറ്റിന്റെ സൂത്രധാരനായ കാസർകോട് സ്വദേശി മുഹമ്മദ് നജീബ് കല്ലട്ര ഒളിവിലാണ്. ഇയാളുടെ ഭാര്യ റഷീദ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
വ്യാജരേഖകൾ തയാറാക്കാൻ ഇവരെ സഹായിച്ച കുറ്റത്തിന് കുന്നത്തുനാട് പള്ളിക്കരയിലെ ഒരു സ്റ്റുഡിയോയുടേയും കംപ്യൂട്ടർ സെന്ററിന്റെയും നടത്തിപ്പുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ മുതൽ കുന്നത്തുനാട്, തടിയിട്ടപറമ്പ്, അമ്പലമേട് പൊലീസ് വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകൾ ഇന്നു രാവിലെയാണ് അവസാനിച്ചത്. ഇതിനു പുറമെ 5 ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നടന്നുകൊണ്ടിരുന്ന വമ്പൻ അവയവ കച്ചവടത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
കുന്നത്തുനാട് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്ന 2 കേസുകൾ അനുസരിച്ച് നജീബ് കല്ലട്രയാണ് കേസിലെ ഒന്നാം പ്രതി. ഇവർ കൊച്ചി കേന്ദ്രീകരിച്ച് കല്ലട്ര മെഡിക്കൽ ടൂറിസം പ്രൈ. ലിമിറ്റഡ് എന്നൊരു സ്ഥാപനം നടത്തുന്നുണ്ട്. ചികിത്സ വേണ്ടവർക്ക് പ്രമുഖ ആശുപത്രികളുമായി ബന്ധപ്പെടുത്തിക്കൊടുക്കുന്ന ഇടനിലക്കാരുടെ ജോലിയാണ് തങ്ങൾക്ക് എന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. ആലുവ എടത്തലയിലാണ് സ്ഥാപനത്തിന്റെ ഓഫിസായി കാണിച്ചിരുന്നത്. ഒറ്റമുറിയാണ് ഇതെന്ന് പൊലീസ് കണ്ടെത്തി. പൂട്ടുപൊളിച്ച് ഇന്നലെ അവിടെ പരിശോധന നടത്തി.
ഈ സ്ഥാപനത്തിന്റെ മറവില്‍ യഥാർഥത്തിൽ നടന്നിരുന്നത് അവയവ കച്ചവടമാണെന്നാണ് പൊലീസ് പറയുന്നത്. സാധാരണ ഗതിയിൽ അവയവങ്ങൾ അടുത്ത ബന്ധുക്കൾക്കാണ് ഒരാൾക്ക് ദാനമായി നൽകാനാവുക. അങ്ങനെയല്ലാത്ത സാഹചര്യത്തിൽ ദാതാക്കളെ കണ്ടെത്തി അവയവം സ്വീകരിക്കും. ചിലർ ഇതിനായി പണവും നൽകും. ഇതിനായി ദാതാവ് അടുത്ത ബന്ധുവാണെന്ന് കാണിക്കാൻ വ്യാജരേഖകൾ ചമയ്ക്കുകയാണ് ചെയ്യുന്നത്. വ്യാജ ആധാർ, തിരിച്ചറിയൽ കാർഡുകൾ, ജനപ്രതിനിധികളുടെ ശുപാർശ കത്തുകൾ, അവരുടെ ലെറ്റർപാഡ്, സീലുകൾ, ഒപ്പ് ഇവയെല്ലാം വ്യാജമായി നിർമിച്ചായിരിക്കും അവയവദാനത്തിന് അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ നൽകുക.
കുടുംബ വഴക്കിനെ തുടർന്ന് റഷീദ തന്നെയാണ് തങ്ങളുടെ പ്രവൃത്തികളെക്കുറിച്ചു പൊലീസിനെ അറിയിച്ചതെന്നും അതല്ല, പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകള്‍ ആരംഭിക്കുകയായിരുന്നു എന്നും വ്യത്യസ്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്. കിഴക്കമ്പലത്തിനടുത്തുള്ള പള്ളിക്കര കേന്ദ്രീകരിച്ചാണ് വ്യാജരേഖകളുടെ നിർമാണം നടക്കുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്നത്തുനാട് പൊലീസ് ഇന്നലെ രാവിലെ രണ്ടു സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. സൺ കമ്യൂണിക്കേഷൻസ്, സൈൻ എച്ച്ഡി ഡിജിറ്റൽ സ്റ്റുഡിയോ എന്നിവിടങ്ങളിലായിരുന്നു പരിശോധന. തുടർന്നാണ് പൊലീസിനെ തന്നെ ഞെട്ടിച്ചുകൊണ്ട് വലിയ തോതിൽ വ്യാജരേഖകൾ കണ്ടെടുത്ത്.
എറണാകുളം എംപി ഹൈബി ഈഡൻ, ആലത്തൂർ എംപി കെ.രാധാകൃഷ്ണൻ, ഉദുമ എംഎൽഎ ആയിരുന്ന സി.ആർ.കുഞ്ഞമ്പു, കൂത്തുപറമ്പ് എംഎൽഎ ആയിരുന്ന കെ.പി.മോഹനൻ, അരൂർ എംഎൽഎ ആയിരുന്ന ദലീമ, കാഞ്ഞിരപ്പള്ളി എംഎൽഎയും ചീഫ് വിപ്പുമായിരുന്ന എൻ.ജയരാജ്, അമ്പലപ്പുഴ ഡപ്യൂട്ടി സൂപ്രണ്ട്, തൃശൂർ സിറ്റി കുന്നംകുളം സബ് ഡിവിഷൻ എസിപി, കൊച്ചിയിലെ രണ്ടു സ്വകാര്യ ആശുപത്രികൾ തുടങ്ങിയവരുടെ പേരിലെല്ലാം വ്യാജരേഖകൾ ചമച്ചിട്ടുണ്ടെന്ന് എഫ്ഐആറിൽ പറയുന്നു. വ്യാജ ലെറ്റർപാഡുകൾ നിർമിച്ച് അതിൽ സാക്ഷ്യപത്രങ്ങൾ നല്‍കിയതും പൊലീസ് വെരിഫിക്കേഷനായി ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിനുള്ള കത്തുകളും പൊലീസ് കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. വിവിധ സർക്കാർ ഓഫിസുകളുടേയും സർക്കാർ ഉദ്യോഗസ്ഥരുടേയും പ്രമുഖ ഡോക്ടർമാരുടേയും സീലുകളും ഒപ്പുകളും വ്യാജമായി നിർമിച്ചതും പൊലീസ് കണ്ടെടുത്തു.
സൺ കമ്യൂണിക്കേഷൻസിന്റെ നടത്തിപ്പുകാരായ സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ്, എച്ച്ഡി ഡിജിറ്റൽ സ്റ്റുഡിയോ ജീവനക്കാരൻ സനോജ് കെ.പി എന്നിവരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ആസിഫ് എന്ന മറ്റൊരാൾ കൂടി പ്രതിപ്പട്ടികയിലുണ്ട്. വ്യാജ രേഖകൾ തയാറാക്കാനുള്ള കാര്യങ്ങൾ നജീബ് വാട്സ്ആപ് വഴി നൽകിയിരുന്നു എന്നും ഇതുപയോഗിച്ച് വ്യാജരേഖകൾ ഉണ്ടാക്കി നൽകുകയാണ് ഇവർ ചെയ്തിരുന്നത് എന്നുമാണ് പൊലീസ് പറയുന്നത്. ഇതിനായി ഇവർ പണം വാങ്ങുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. നജീബും ഭാര്യയും താമസിച്ചിരുന്ന കരിമുകൾ പോത്തനാംപറമ്പിലെ ഫ്ലാറ്റിലെ പരിശോധന ഇന്നു രാവിലെയാണ് അവസാനിച്ചത്. ആഡംബര ജീവിതമാണ് ഇവർ നയിച്ചിരുന്നത്.





