
ഭോപാൽ∙ മധ്യപ്രദേശിലെ നരസിംഹ്‌പുരിൽ ആശുപത്രിക്കുള്ളിൽ കയറി 19 വയസ്സുകാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ജൂൺ 27നാണ് സന്ധ്യ ചൗധരിയെന്ന പ്ലസ് ടു വിദ്യാർഥിനിയെ അഭിഷേക് കോഷ്ടി എന്നയാൾ കൊലപ്പെടുത്തിയത്. സന്ധ്യ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് വിവരം. സുഹൃത്തിന്റെ സഹോദരന്റെ ഭാര്യയെ സന്ദർശിക്കാനെന്നു പറഞ്ഞ് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സന്ധ്യ വീട്ടിൽനിന്ന് ഇറങ്ങിയത്. ഉച്ചയോടെ തന്നെ കറുത്ത ഷർട്ട് ധരിച്ച് അഭിഷേകും ആശുപത്രിക്ക് സമീപം എത്തിയതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ആശുപത്രിയിലെ 22ാം നമ്പർ മുറിക്കു പുറത്തുവച്ച് സന്ധ്യയോട് സംസാരിക്കുന്നതും ദൃശ്യത്തിലുണ്ട്. പെട്ടെന്ന് സന്ധ്യയെ മർദിച്ചശേഷം അഭിഷേക് പെൺകുട്ടിയെ തറയിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് സന്ധ്യയുടെ നെഞ്ചിൽ കയറിയിരുന്ന ഇയാൾ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തറക്കുകയായിരുന്നു. ഇതിനുശേഷം സ്വന്തം കഴുത്തറക്കാൻ അഭിഷേക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ആശുപത്രിയിൽനിന്ന് പുറത്തുപോയ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃക്സാക്ഷികൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്.
തിരക്കേറിയ ആശുപത്രിക്കുള്ളിൽ പകൽ നടന്ന കൊലപാതകം ആർക്കും തടയാനായില്ലെന്നത് മധ്യപ്രദേശിലെ ആശുപത്രികളുടെ സുരക്ഷയെക്കുറിച്ച് ആക്ഷേപങ്ങളുയർത്തിയിട്ടുണ്ട്. അഭിഷേക് സന്ധ്യയെ കൊലപ്പെടുത്തുന്ന സമയം ആശുപത്രി ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരുമടക്കം ഒട്ടേെറപ്പേർ സമീപത്തുണ്ടായിട്ടും ആരും പ്രതിയെ തടയാൻ ശ്രമിക്കുന്നതായി ദൃശ്യങ്ങളിൽ ഇല്ല. ഡോക്ടർമാരും സുരക്ഷാ ഉദ്യോഗസ്ഥരുമടങ്ങുന്ന എമർജൻസി ഏരിയയിലാണ് ആക്രമണം നടന്നത്. സംഭവസമയം സമീപത്തെ ട്രോമ സെന്ററിനു മുന്നിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും സെന്ററിനുള്ളിൽ ഡോക്ടർമാരും നഴ്സുമാരും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിട്ടും ആരും അഭിഷേകിനെ തടയാൻ തയ്യാറായില്ല. രക്തം വാർന്ന് ഉടൻ സന്ധ്യ മരിച്ചു.
സംഭവം മൂന്നരയോടെയാണ് സന്ധ്യയുടെ വീട്ടുകാരെ അറിയിച്ചത്. വീട്ടുകാർ എത്തുമ്പോഴും മൃതദേഹം സംഭവസ്ഥലത്തു തന്നെ കിടക്കുകയായിരുന്നെന്നും ആരോപണമുണ്ട്. ഇതേത്തുടർന്ന് സന്ധ്യയുടെ വീട്ടുകാർ ആശുപത്രിക്കു മുന്നിലെ റോഡ് ഉപരോധിച്ചിരുന്നു. ഉത്തരവാദികൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ ഉറപ്പു നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.