ഭോപാൽ ∙ മധ്യപ്രദേശിലെ ബാലാഗട്ട് ജില്ലയിൽ 23 വയസ്സുകാരിയെ നടുറോഡിൽ വച്ച് കുത്തി കൊലപ്പെടുത്തി. ജോലിക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന റിതു ഭണ്ഡാർക്കർ എന്ന യുവതിയെയാണ് റോഷൻ ധർവെ എന്ന യുവാവ് കുത്തി കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘‘കഴിഞ്ഞ അഞ്ച് വർഷമായി അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു. ജീവിതത്തിലും മരണത്തിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇപ്പോൾ അവൾ എന്നെ ചതിക്കുകയാണ്. എന്നെ കൊല്ലാൻ അവളും അവളുടെ സഹോദരന്മാരും ആളുകളെ വിട്ടിരിക്കുന്നു’’, കൊലപാതകത്തിനു ശേഷം പ്രതി വിളിച്ചുപറയുന്നത് വിഡിയോയിൽ കേൾക്കാം. സ്ഥലത്തുണ്ടായിരുന്ന സ്ത്രീ പ്രതിയോട് എന്തിനാണ് കൊല്ലുന്നതെന്ന് ചോദിച്ചപ്പോൾ, ‘‘അവളുടെ ജീവൻ രക്ഷിക്കാം, പൊലീസിനെ വിളിച്ച് അവളെ കൊണ്ടുപോകൂ’’, എന്നായിരുന്നു പ്രതിയുടെ മറുപടി.
മധ്യപ്രദേശിലെ ബൈഹാറിലെ ഒരു ഫർണിച്ചർ കടയിൽ ജോലി ചെയ്യുകയായിരുന്ന റിതു ദിവസവും ബസിലാണ് യാത്രചെയ്തിരുന്നത്. സംഭവസമയം യുവതി ബസ് കാത്ത് നിൽക്കുമ്പോഴാണ് പ്രതി ബൈക്കിലെത്തിയത്. ഇരുവരും ഏതാനും നിമിഷം സംസാരിക്കുകയും പിന്നീട് തർക്കം ഉണ്ടാക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് പ്രതി കത്തി എടുത്ത് യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് പ്രതിയെ മർദിച്ചു. പിന്നീട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.








