യുക്രെയ്ൻ വിഷയത്തിൽ നിലപാട് അടിമുടി മാറ്റി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ തടസ്സം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയാണെന്നും യുക്രെയ്ന്റെ ചില ഭാഗങ്ങൾ റഷ്യയ്ക്കു വിട്ടുനൽകണമെന്നും നേരത്തേ ആവശ്യപ്പെട്ട ട്രംപ്, ഇന്നലെ യുഎന്നിലെ തന്റെ പ്രസംഗത്തിൽ നിലപാട് തിരുത്തി. റഷ്യ വെറും കടലാസ് പുലിയാണെന്നും 3 ദിവസം കൊണ്ട് നിർത്താമായിരുന്ന യുദ്ധം മൂന്നരവർഷമായിട്ടും നടക്കുകയാണെന്നും ട്രംപ് പരിഹസിച്ചു. യുക്രെയ്ൻ ജയിക്കുമെന്നും കൈവിട്ട ഭൂമിയെല്ലാം യുദ്ധത്തിന് മുൻപത്തെ സ്ഥിതിയിലേക്ക് തിരിച്ചുപിടിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
നേരത്തേ അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷവും ട്രംപ് വിമർശനങ്ങൾ തൊടുത്തത് സെലെൻസ്കിക്ക് നേരെയായിരുന്നു. എന്നാൽ, പുട്ടിൻ വലിയ കുരുക്കിലേക്കാണ് നീങ്ങുന്നതെന്നും റഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലും ഇന്നലെ ട്രംപ് വ്യക്തമാക്കി. അതിർത്തി കടന്നാൽ റഷ്യൻ ഡ്രോണുകൾ വെടിവച്ചിടാൻ യൂറോപ്യൻ രാഷ്ട്രങ്ങളോടും നാറ്റോയോടും ട്രംപ് ആവശ്യപ്പെട്ടു. നാറ്റോയ്ക്ക് ആയുധങ്ങൾ നൽകുന്നത് യുഎസ് തുടരും; അതുകൊണ്ടവർക്ക് വേണ്ടതു ചെയ്യാം – ട്രംപ് പറഞ്ഞു.
റഷ്യൻ യുദ്ധത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയും ചൈനയും നാറ്റോ രാഷ്ട്രങ്ങളുമാണെന്ന തന്റെ വാദം ട്രംപ് യുഎന്നിലും ആവർത്തിച്ചു. ട്രംപിന്റെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്ന് സെലെൻസ്കിയും പറഞ്ഞു. അതേസമയം, ആവേശം കൊള്ളേണ്ടെന്ന പ്രതികരണവുമായി റഷ്യ രംഗത്തെത്തി. ട്രംപിന്റെ ഓരോ ട്വീറ്റിലും ആവേശം വേണ്ടെന്ന് യുഎന്നിലെ റഷ്യൻ ഡപ്യൂട്ടി അംബാസഡർ ദിമിത്രി പോല്യാൻസ്കി പറഞ്ഞു.
റഷ്യ ക്ഷമ പരീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. സമാധാന ഉടമ്പടിക്കായാണ് യുഎസ് ശ്രമിക്കുന്നത്. അതിനു സാധ്യമാകാത്ത സാഹചര്യമാണെങ്കിൽ വേണ്ടത് ചെയ്യാനും അറിയാം. യുക്രെയ്ന് പുറമേ മറ്റ് യൂറോപ്യൻ രാജ്യങ്ങളുെട വ്യോമമേഖലയിലേക്കും റഷ്യ ഡ്രോണുകളും യുദ്ധവിമാനങ്ങളും അയക്കുന്നത് പ്രകോപനമാണെന്നും റൂബിയോ പറഞ്ഞു.
പുട്ടിന്റെ നിലപാടിൽ യുഎസിന് കടുത്ത അമർഷമുണ്ട്. റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധം പരിഗണിക്കും. യൂറോപ്യൻ യൂണിയനും അതിനു ശ്രമിക്കേണ്ടതാണെങ്കിലും അവരത് ചെയ്യുന്നില്ല. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇപ്പോഴും റഷ്യൻ എണ്ണ വാങ്ങുന്നുവെന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും റൂബിയോ വ്യക്തമാക്കി.








