തിരുവനന്തപുരം∙ സംസ്ഥാനത്ത് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗകാരണമാകുന്ന അമീബ ശരീരത്തില്‍ കടക്കുന്നതിനെക്കുറിച്ചു കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടത്തി ആരോഗ്യവിദഗ്ധര്‍. വായുവിലൂടെ അമീബ ബാധിക്കാന്‍ സാധ്യതയുണ്ടോ എന്നതുള്‍പ്പെടെയുള്ള പഠനങ്ങളാണു നടക്കുന്നത്. അമേരിക്കയില്‍ ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ടു പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് ചര്‍ച്ചകളും വിലയിരുത്തലുകളും. തിരുവനന്തപുരത്ത് രോഗബാധിതരായി ചികിത്സയിലുള്ള കൂടുതല്‍ പേര്‍ക്കും മുന്‍പു കണ്ടുവരുന്ന രീതിയിലല്ല രോഗബാധ ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതരെ ആശങ്കയിലാക്കിയിരിക്കുന്നത്. വെള്ളത്തിലുള്ള നൈഗ്ലേരിയ ഫൗളരി വിഭാഗത്തില്‍ പെടുന്ന അമീബ മൂക്കിലൂടെ തലച്ചോറില്‍ പ്രവേശിച്ച് രോഗബാധയുണ്ടാക്കുന്നുവെന്ന പൊതുധാരണയാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ക്ക് ഇത്തരത്തില്‍ രോഗബാധയ്ക്കുള്ള ഒരു പശ്ചാത്തലവും ഇല്ല എന്നുറപ്പിച്ചതോടെ പുതിയ സാധ്യതകള്‍ പരിശോധിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. എന്തെങ്കിലും തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൂടുതലായി നല്‍കേണ്ടതുണ്ടോ എന്നതുള്‍പ്പെടെ വരും ദിവസങ്ങളില്‍ തീരുമാനമെടുക്കും.
*ആശങ്കയായി രണ്ടു തരം*
പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (പിഎഎം), ഗ്രാനുലോമാറ്റസ് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്നീ രണ്ടു തരം രോഗങ്ങളാണുള്ളത്. ഇതില്‍ പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ആണ് കൂടുതല്‍ അപകടകാരി എന്ന നിഗമനത്തില്‍ ആ വിഭാഗത്തിലാണ് കൂടുതല്‍ പഠനങ്ങളും മറ്റും നിലവിലുള്ളത്. ‘ബ്രെയിന്‍ ഈറ്റിങ് അമീബ’ എന്നറിയപ്പെടുന്ന നൈഗ്ലേരിയ ഫൗളരിയാണ് പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസിനു കാരണമാകുന്നത്. കുളങ്ങള്‍, തടാകങ്ങള്‍, നദികള്‍ എന്നിവിടങ്ങളിലെ വെള്ളത്തില്‍ ഉള്ള അമീബ തലച്ചോറിലെത്തി കോശങ്ങളെ നശിപ്പിച്ച് നീര്‍വീക്കമുണ്ടാക്കി മരണകാരണമാകുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് കുട്ടികള്‍ക്ക് ഉള്‍പ്പെടെ നിരവധി കേസുകള്‍ ഈ വിഭാഗത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. നൈഗ്ലേരിയ ഫൗളരിക്കു പുറമേ അകാന്തമീബ, സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബകളും രോഗത്തിനു കാരണമാകുന്നുണ്ട്.
മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. കൊച്ചുകുട്ടികളുടെ തലയോട്ടി വേണ്ട രീതിയില്‍ കട്ടിയില്ലാതെ വരുന്നതിനാല്‍ അവരില്‍ രോഗം കൂടുതലായി കാണുന്നു. രോഗം മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് പകരില്ല. നൈഗ്ലേരിയ ഫൗളരിക്ക് കടല്‍വെള്ളത്തില്‍ നിലനില്‍പ്പില്ല. 45.8 ഡിഗ്രി സെൽഷ്യസ് ചൂടില്‍ വരെ മനുഷ്യശരീരത്തില്‍ ഇതു നിലനില്‍ക്കും. കൂടുതലായി വേനല്‍ക്കാലത്താണ് രോഗബാധ വര്‍ധിക്കുന്നത്. ചൂടുള്ള വെള്ളത്തില്‍ കാണുന്ന സയാനോബാക്ടീരിയയാണ് അമീബയുടെ ഇഷ്ടഭക്ഷണം.
ആഗോളതാപനം വെള്ളത്തിന്റെ ചൂട് വര്‍ധിപ്പിക്കുകയും അമീബയ്ക്ക് വളരാൻ അനുകൂല സാഹചര്യം ഉണ്ടാക്കുകയും വേനല്‍ക്കാലത്ത് ആളുകള്‍ കൂടുതലായി കുളങ്ങളിലും മറ്റും കുളിക്കുകയും ചെയ്യുന്നതാണു രോഗബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. രോഗാണുബാധ ഉണ്ടായി ഒന്നു മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണു രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, ജെന്നി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, സ്വബോധം നഷ്ടപ്പെടുന്ന അവസ്ഥ തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു.
∙*ഗ്രാനുലോമാറ്റസ് മെനിഞ്ചോ എന്‍സെഫലൈറ്റിസ്*
എന്നാല്‍ തീര്‍ത്തും വിഭിന്നമായ തരത്തിലാണ് ഗ്രാനുലോമാറ്റസ് മെനിഞ്ചോ എന്‍സെഫലൈറ്റിസിനു കാരണമാകുന്ന അകാന്തമീബിക് കിരാറ്റോകോണ്‍ജങ്ടിവിറ്റിസ് അമീബ ബാധിക്കുന്നത്. കണ്ണിന്റെ നേത്രപടലത്തിലൂടെ നേരിട്ട് കേന്ദ്രനാഡീവ്യൂഹത്തിലേക്ക് അമീബ വ്യാപിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതു വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കുകയുള്ളൂ. ഇതിനു പുറമേ വായുവിലൂടെ ശ്വാസകോശം വഴിയും ത്വക്കിലൂടെയും അമീബ ഉള്ളില്‍ കടന്നേക്കാമെന്നാണു കണ്ടെത്തല്‍. അകാന്തമീബിക് സര്‍വവ്യാപിയാണ്. വെള്ളത്തില്‍ മാത്രമല്ല പൊടിപടലങ്ങളിലും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഈ അമീബകള്‍ മൂക്കിലൂടെയോ തൊലിപ്പുറത്തു കൂടിയോ ശരീരത്തില്‍ പ്രവേശിക്കുന്നു. രക്തത്തിലൂടെയോ മൂക്കുവഴിയോ ഇവ മസ്തിഷ്‌കത്തിലെത്തുകയും രോഗം ഉണ്ടാകുകയും ചെയ്യും.
അമീബയുള്ള വെള്ളം ആവിയായി മൂക്കിലേക്കു വലിച്ചു കയറ്റിയാലും അകാന്തമീബിക് കാരണമുള്ള മസ്തിഷ്‌ക ജ്വരം ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളത്തില്‍ ഇറങ്ങുന്നവരുടെ ശരീരത്തിലെ തിരിച്ചറിയാന്‍പോലുമാകാത്ത മുറിവിലൂടെ അമീബ തലച്ചോറില്‍ എത്താന്‍ സാധ്യതയുണ്ട്. വെള്ളവുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാകുമ്പോള്‍ അതിനു കാരണം നൈഗ്ലേരിയയാണെന്ന് ഉറപ്പിച്ചു പറയാനാകില്ല. അകാന്തമീബയോ സാപ്പിനിയയോ ബാലമുത്തിയയോ ത്വക്കിലൂടെയും ഉള്ളില്‍ കടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് കുട്ടികളെയും ചെറുപ്പക്കാരെയുമാണ് കൂടുതലായി ബാധിക്കുന്നതെങ്കില്‍ ഗ്രാനുലോമാറ്റസ് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എല്ലാ പ്രായപരിധിയിലുമുള്ള ആളുകളെയും ബാധിക്കും. രോഗപ്രതിരോധശേഷി കുറഞ്ഞവരെയാകും അമീബ കൂടുതലായി ആക്രമിക്കുക. ഏതു കാലാവസ്ഥയിലും ഈ ഗ്രാനുലോമാറ്റസ് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിക്കാന്‍ സാധ്യതയുണ്ട്. ചെങ്കണ്ണ്, ത്വക്കിലെ അള്‍സര്‍ തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങളാണ്.
∙*അഞ്ചു മരുന്നുകളുടെ സംയുക്തം*
നട്ടെല്ലില്‍ നിന്നു സ്രവം കുത്തിയെടുത്തു പരിശോധിക്കുന്നതു വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്. പിന്നീട് പിസിആര്‍ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കും. അമീബയ്ക്കെതിരെ ഫലപ്രദമെന്നു കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണു ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരിലാണു രോഗം ഭേദമാക്കാന്‍ സാധിക്കുന്നത്. ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്തു ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്കു വെള്ളം ഒഴിക്കരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കാവുന്നതാണ്.








