കൊച്ചി ∙ 2022 സെപ്റ്റംബറിൽ ഹിമാചൽ പ്രദേശിലെ ഒരു വാഹന ഏജന്റ് ഡൽഹി മായാപുരിയിലുള്ള ഒരു കാർ വിൽപനക്കാരന് ടൊയോട്ട പ്രാഡോ കാർ വിറ്റതിന്റെ രേഖ കണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണു തള്ളി; വെറും ഒരു ലക്ഷം രൂപ. ഇത്ര വില കുറച്ചു കിട്ടുന്ന ഈ വാഹനങ്ങൾ എവിടേക്കു പോകുന്നു? ആ അന്വേഷണം അധികൃതരെ എത്തിച്ചത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലാണ്. ഹിമാചലിലെ ഏജന്റുമാരില്‍നിന്ന് പല കൈ മറിഞ്ഞ് 40 ലക്ഷം മുതൽ 60 ലക്ഷം വരെ രൂപയ്ക്കാണ് അവ കേരളത്തിലെത്തിച്ചു വിൽക്കപ്പെട്ടത്. ഇന്നു രാവിലെ മുതൽ 5 ജില്ലകളിലായി കസ്റ്റംസും കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥരും നടത്തുന്ന പരിശോധന സിനിമാ താരങ്ങളെയും യൂസ്ഡ് കാറുകൾ വിൽക്കുന്ന ഒട്ടേറെ ഷോറൂമുകളെയും കേന്ദ്രീകരിച്ചു കൂടിയാണ്.
നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്നെത്തിച്ച വാഹനങ്ങൾ ആഡംബര യൂസ്‍ഡ് കാർ വിൽപനകേന്ദ്രങ്ങളിലൂടെ പ്രമുഖരിലേക്ക് എത്തുന്ന വിവരം കസ്റ്റംസിനു കിട്ടിയിരുന്നു. 200 നടുത്ത് വാഹനങ്ങൾ ഇങ്ങനെ ഹിമാചൽ പ്രദേശിലും അവിടെനിന്നു വിവിധ സംസ്ഥാനങ്ങളിലും എത്തിച്ചതിന്റെ രേഖകൾ കസ്റ്റംസിന്റെ പക്കലുണ്ട്. ഇതിൽ ഇരുപതോളം വാഹനങ്ങൾ എത്തിയത് കേരളത്തിലാണ്. അവ വാങ്ങിയവരുടെ പട്ടികയും കസ്റ്റംസ് തയാറാക്കിയിരുന്നു എന്നാണു വിവരം. അതനുസരിച്ച്, കോട്ടയത്തും കൊച്ചിയിലും കോഴിക്കോട്ടും കൊല്ലത്തുമൊക്കെ ഈ വാഹനങ്ങൾ ഓടുന്നുണ്ട്. തിരുവനന്തപുരം പേരൂർക്കട, കൊല്ലം സ്വദേശികൾ വാങ്ങിയതു പ്രാഡോ. കൊച്ചി പള്ളുരുത്തി സ്വദേശിയുടേത് നിസാൻ പട്രോൾ, കോട്ടയം കുമാരനല്ലൂർ, നീണ്ടൂർ സ്വദേശികളും അങ്കമാലി, കടവന്ത്ര, കലൂർ സ്വദേശികളും വാങ്ങിയത് ടൊയോട്ട ലാൻഡ് ക്രൂസർ. ഇത്തരത്തിൽ, വിപണിയിൽ ഒരു കോടി രൂപ വരെ വിലയുള്ള ഒട്ടേറെ കാറുകളാണു പകുതി വിലയ്ക്കു പലരും സ്വന്തമാക്കിയത്.
സിനിമാ താരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ തുടങ്ങിയവർ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്ന കാര്യം കസ്റ്റംസ് അധികൃതർ നേരത്തേ കണ്ടെത്തിയിരുന്നു. ഇവർക്കു വാഹനം വിറ്റ ഏജന്റുമാർ അടക്കമുള്ളവരുടെ വിവരങ്ങളും ലഭിച്ചിരുന്നു. ഭൂട്ടാനിലെ സൈന്യം ഉപയോഗിച്ച് ഉപേക്ഷിക്കുന്നത് എന്ന പേരിലാണ് പല കാറുകളും ഹിമാചലിൽ റജിസ്റ്റർ ചെയ്യപ്പെടുന്നതും പിന്നീട് രാജ്യമൊട്ടാകെ ആവശ്യക്കാർക്ക് എത്തിക്കുന്നതും. ഇത്തരം വാഹനങ്ങൾ എവിടെനിന്ന്, എങ്ങനെ കൊണ്ടുവരുന്നു എന്ന കാര്യം വാങ്ങുന്ന ആളുകൾ പലപ്പോഴും അറിയാറില്ല എന്നാണ് ഇതുസംബന്ധിച്ച് അധികൃതര്‍ പറയുന്നത്. ഇത്തരത്തിൽ നികുതി അടയ്ക്കാതെ എത്തിച്ച കാറുകൾ പിടിച്ചെടുക്കുമെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഉടമകള്‍ നികുതിയും പിഴയും അടയ്ക്കേണ്ടി വരും.








