ഉറങ്ങും മുൻപ് പെർഫ്യൂം അടിക്കുന്ന ശീലമുണ്ടോ നിങ്ങൾക്ക്? ആശ്ചര്യം തോന്നാം, എങ്കിൽ ബെഡ് ടൈം പെർഫ്യൂം എന്നോരു ട്രെൻഡ് അടുത്ത് കാലത്തായി സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ മാത്രമല്ല പുതുതലമുറ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നത്. അവരുടെ മൂഡ് മാറ്റാനും പോസിറ്റീവായിരിക്കാനും പെർഫ്യൂം സഹായിക്കും.
പെര്‍ഫ്യൂമുകളുടെ സുഗന്ധത്തിനു ഒരു പ്രത്യേകതയുണ്ട്. അവ നമ്മെ ശാന്തമാക്കുകയും നമ്മുടെ ഓർമകളെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്യുന്നു. അതിന്റെ ഗന്ധം നമ്മെ ചില മനോഹര നിമിഷങ്ങളെയോ വ്യക്തികളെയോ ഓര്‍മപ്പെടുത്തും. നല്ലൊരു പെര്‍ഫ്യൂം ഗന്ധം നിങ്ങളെ ഒരു കുഞ്ഞിനെ പോലെ ഉറങ്ങാന്‍ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
മനുഷ്യന്റെ ഘ്രാണേന്ദ്രിയം വൈകാരികത ഉണര്‍ത്തുന്ന മസ്തിഷ്‌കഭാഗങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടാണ് നമ്മള്‍ അറിയാതെ തന്നെ ചില സുഗന്ധങ്ങള്‍ നമ്മളെ സന്തോഷിപ്പിക്കുകയോ, ശാന്തമാക്കുകയോ, ഗൃഹാതുരത്വമുണര്‍ത്തുകയോ ചെയ്യുന്നത്.
ഇതിന്റെ പ്രാധാന്യം മനസിലാക്കിയ ലോകത്തിലെ പ്രമുഖ പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ ഇപ്പോള്‍ ന്യൂറോസയന്റിസ്റ്റുകളുമായി ചേര്‍ന്ന് ആരോഗ്യത്തിനും ഉറക്കത്തിനുമായി പുതിയ സുഗന്ധങ്ങള്‍ വികസിപ്പിക്കുകയാണ്. ലാവണ്ടര്‍ പോലുള്ള സുഗന്ധങ്ങള്‍ ധാരാളം ബെഡ്‌റൂം പെര്‍ഫ്യൂമുകളില്‍ കാണാറുണ്ട്. ഇത് മാനസികമായി നമുക്ക് ഉറങ്ങാനുളള അന്തരീക്ഷം ഒരുക്കുന്നു.
എല്ലാ രാത്രിയും ഒരേ ശീലങ്ങള്‍ പിന്തുടരുന്നത് മസ്തിഷ്‌കത്തിന് ‘ഇനി വിശ്രമിക്കാന്‍ സമയമായിരിക്കുന്നു’ എന്ന സന്ദേശം നല്‍കും. അതിന് ഉറങ്ങും മുമ്പ് ലൈറ്റ് അണയ്ക്കുന്നത് പോലെ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതും സഹായകമാണ്. നിങ്ങളുടെ മനസ്സിനും ശരീരത്തിനും തൃപ്തികരമായ ഉറക്കവും സമ്മാനിക്കും.








