ന്യൂഡൽഹി∙ ബിഹാറിലെ കോൺഗ്രസ്–ആർജെഡി സഖ്യത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും തന്റെ മരിച്ചുപോയ അമ്മയെ അപമാനിച്ചെന്ന് മോദി ആരോപിച്ചു. രാജ്യത്തെ ഓരോ അമ്മയും സഹോദരിയുമാണ് അപമാനിക്കപ്പെട്ടതെന്നും മോദി പറഞ്ഞു.
‘‘ബിഹാറിൽ ആർജെഡി–കോൺഗ്രസ് വേദികളിൽ എന്റെ അമ്മയെ അപമാനിച്ചുള്ള വാക്കുകളുയർന്നു. ഇതിലൂടെ എന്റെ അമ്മയെ മാത്രമല്ല, രാജ്യത്തെ ഓരോ അമ്മയെയും സഹോദരിയെയുമാണ് അപമാനിച്ചത്. ഞാൻ അനുഭവിച്ചത്രയും വേദന ഇത് കേൾക്കുമ്പോൾ നിങ്ങൾക്കുണ്ടാകുമെന്ന് എനിക്കറിയാം.’’ – ബിഹാറിലെ വനിത സംരംഭകർക്ക് ധനസഹായം നൽകുന്ന പദ്ധതി വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു.
‘‘രാജകുടുംബത്തിൽ ജനിച്ച രാജകുമാരന്മാർക്ക് താഴേക്കിടയിലുള്ള ഒരു അമ്മയുടെയും മകന്റെയും കഷ്ടപ്പാടുകളറിയില്ല. വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ചവരാണവർ. അവർ വിശ്വസിക്കുന്നത് ബിഹാറിന്റെ അധികാരം അവരുടെ കുടുംബത്തിനാണെന്നാണ്. എന്നാൽ, താഴേക്കിടയിലുള്ള ഒരു അമ്മയുടെ മകനെ നിങ്ങൾ അനുഗ്രഹിച്ച് നിങ്ങളുടെ പ്രധാന സേവകനാക്കി. പ്രതിപക്ഷത്തിരിക്കുന്നവർക്ക് ഇത് ദഹിക്കുന്നില്ല. എന്നെ ചിലപ്പോൾ അവർ നീചനെന്നു വിളിച്ചു, താഴേക്കിടയിലുള്ളവനെന്നു വിളിച്ചു. എന്റെ അമ്മയ്ക്ക് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. എന്നിട്ടും എന്തിനാണ് ആർജെഡിയും കോൺഗ്രസും ചേർന്ന് അവരെ അപമാനിക്കുന്നത്?’’ –മോദി ചോദിച്ചു.
സ്ത്രീകൾ ദുർബലരാണെന്നു കരുതുന്നവരാണ് ഇത്തരം മോശം വാക്കുകൾ സ്ത്രീകൾക്കു നേരെ പ്രയോഗിക്കുന്നത്. ബിഹാറിലെ എൻഡിഎ സർക്കാർ സ്ത്രീ ശാക്തീകരണത്തിന് വലിയ പ്രാധാന്യമാണു നൽകുന്നത്. ഇത് ബിഹാറിലെ പെൺകുട്ടികൾക്കും സഹോദരിമാർക്കും മുന്നേറാനുള്ള വേദിയാകുമെന്നും മോദി പറഞ്ഞു.






