
പെരിന്തൽമണ്ണ ∙ ജയിലിലുള്ള ഭർത്താവിനെ ജാമ്യത്തിലെടുക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു യുവതിയെ സംഘം ചേർന്നു പീഡിപ്പിച്ച സംഭവത്തിൽ ആറു പേർ അറസ്റ്റിൽ. മഞ്ചേരി സ്വദേശിയായ യുവതിയെ പെരിന്തൽമണ്ണയിലെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചെന്നാണു പരാതി. പീഡനത്തിന് ഒത്താശ ചെയ്ത ദമ്പതികളും ലോഡ്ജ് നടത്തിപ്പുകാരനും അടക്കമുള്ളവരാണ് അറസ്റ്റിലായത്. ജൂലൈ 27ന് ആയിരുന്നു സംഭവം.
ലോഡ്ജ് നടത്തിപ്പുകാരൻ മണ്ണാർക്കാട് അരിയൂർ ആര്യമ്പാവ് കൊളർമുണ്ട വീട്ടിൽ രാമചന്ദ്രൻ (63), തിരൂർ വെങ്ങാലൂർ കുറ്റൂർ അത്തൻപറമ്പിൽ റെയ്ഹാൻ (45), കൊപ്പം വിളയൂർ സ്വദേശി കണിയറക്കാവ് താമസിക്കുന്ന മുണ്ടുക്കാട്ടിൽ സുലൈമാൻ (47), കുന്നക്കാവ് പുറയത്ത് സൈനുൽ ആബിദീൻ (41), പയ്യനാട് തോരൻ വീട്ടിൽ ജസീല (27), ഇവരുടെ ഭർത്താവ് പള്ളിക്കൽ ബസാർ ചോലക്കൽ കൂറായി വീട്ടിൽ സനൂഫ് (36) എന്നിവരെയാണു പെരിന്തൽമണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, സിഐ സുമേഷ് സുധാകരൻ, എസ്ഐ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: രാമചന്ദ്രനും ജസീലയും സനൂഫും ഗൂഢാലോചന നടത്തി യുവതിയെ പെരിന്തൽമണ്ണയിലെ ലോഡ്‌ജിലെത്തിച്ചു. ഇവിടെവച്ചു രാമചന്ദ്രനും റെയ്ഹാനും സുലൈമാനും സൈനുൽ ആബിദീനും ചേർന്നു പീഡിപ്പിച്ചു. മറ്റു പ്രതികളിൽനിന്നു രാമചന്ദ്രൻ പണം കൈപ്പറ്റിയ ശേഷം ജസീലയും സനൂഫുമായി വീതിച്ചെടുത്തെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവ് തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതിയായാണു ജയിലിലായത്.