
ഗുവാഹത്തി ∙ ആറാം ക്ലാസ് വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥികളായ 7 പേർ കസ്‌റ്റഡിയിൽ. 18 വയസ്സിൽ താഴെ പ്രായമുള്ളവരാണ് പ്രതികൾ. അസമിലെ കാംരൂപ് ജില്ലയിലാണ് സംഭവം. സ്കൂളിന്റെ പരിസരത്ത് വച്ച് ലൈംഗികാതിക്രമം നടത്തിയെന്നു കാട്ടി സ്കൂൾ അധികൃതർക്ക് വിദ്യാർഥിനിയുടെ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു. പൊലീസിന് പരാതി കൈമാറിയതിനു പിന്നാലെ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിന് ഏഴു വിദ്യാർഥികളെ കസ്‌റ്റഡിയിലെടുത്തെന്നു പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുമെന്നും സ്കൂൾ അധികൃതരുടെയും മറ്റു വിദ്യാർഥികളുടെയും മൊഴികൾ ശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു.