
മീററ്റ്∙ ഉത്തർപ്രദേശിലെ മീററ്റിൽ ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. ഏഴുമാസം ഗർഭിണിയായ ഭാര്യ സപ്നയെ (25) രവിശങ്കർ ജാദവ് (28) ആണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ചയാണ് സംഭവം. എട്ടുമാസം മുൻപായിരുന്നു രവിശങ്കറും സപ്നയും തമ്മിലുള്ള വിവാഹം. എന്നാൽ ഇരുവരും തമ്മിൽ ചില ദാമ്പത്യപ്രശ്നങ്ങളുണ്ടായിരുന്നു. പിന്നാലെ സപ്ന അംഹേരയിലുള്ള തന്റെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റി.
ശനിയാഴ്ച രാവിലെയാണ് രവിശങ്കർ സപ്നയുടെ സഹോദരി പിങ്കിയുടെ വീട്ടിലെത്തിയത്. സപ്നയോട് സംസാരിക്കണം എന്നുപറഞ്ഞ് അവളുമായി ഒരു മുറിയിൽ കയറി വാതിലടച്ചു. എന്നാൽ അൽപസമയത്തിനകം മുറിയിൽ നിന്ന് നിലവിളി കേൾക്കാൻ തുടങ്ങി. വീട്ടുകാർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അത് ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. മുറിക്കുള്ളിൽ വച്ച് ആദ്യം രവിശങ്കർ സപ്നയുടെ കഴുത്തറുത്തു. പിന്നാലെ നിരവധി തവണ കുത്തി അവളുടെ മരണം ഉറപ്പാക്കി.
രവിശങ്കർ തന്നെയാണ് സംഭവം പൊലീസിൽ അറിയിച്ചത്. ‘‘ഞാൻ എന്റെ ഭാര്യയെ കൊന്നു. അവളുടെ മൃതദേഹം വീട്ടിലുണ്ട്. വന്ന് അതെടുക്കു’’ എന്നാണ് രവിശങ്കർ പൊലീസിനെ അറിയിച്ചത്. സംഭവം അറിഞ്ഞയുടനെ പൊലീസ് അങ്ങോട്ടേക്കെത്തി. വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കയറിയത്. മുറിക്കുള്ളിലെത്തിയപ്പോൾ രക്തം പുരണ്ട കത്തിയുമായി സപ്നയുടെ മൃതദേഹത്തിനടുത്തിരിക്കുന്ന രവിശങ്കറിനെയാണ് പൊലീസ് കണ്ടത്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മറ്റൊരു ബന്ധുണ്ടെന്ന സംശയമാണോ കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.