
മഡ്രിഡ്∙ മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ പത്ത് വയസ്സുകാരനെ വിമാനത്താവളത്തിൽ തനിച്ചാക്കി മാതാപിതാക്കൾ വിമാനയാത്ര നടത്തിയതായി റിപ്പോർട്ട്. യാത്രാതടസ്സം ഒഴിവാക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കൾ കുട്ടിയെ സ്പെയിനിലെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് യാത്രതുടർന്നത്. എയർ ഓപ്പറേഷൻസ് കോഓർഡിനേറ്ററായ ലിലിയൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഈ വിവരം പുറംലോകം അറിഞ്ഞത്. യാത്രാ രേഖകളിലെ പ്രശ്നം മൂലം പത്ത് വയസ്സുള്ള മകനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ എങ്ങനെ നിർവികാരതയോടെ യാത്ര ചെയ്യുന്നുവെന്ന് ലിലിയൻ വിഡിയോയിൽ ചോദിച്ചു.
വിമാനത്താവളത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടിയെ പൊലീസാണ് കണ്ടെത്തിയത്. അവധിക്കാലം ആഘോഷിക്കാൻ പോവുകയാണെന്നും മാതാപിതാക്കൾ വിമാനത്തിലുണ്ടെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ സഞ്ചരിച്ച വിമാനത്തിലെ പൈലറ്റുമായി വിമാനത്താവള അധികൃതർ ബന്ധപ്പെട്ടു.
പത്ത് വയസ്സുകാരന്റെ ഇളയ സഹോദരനുമായി യാത്ര ചെയ്യുകയായിരുന്ന ഇവരെ പിന്നീട് കണ്ടെത്തി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും കുട്ടിയെ അവർക്ക് കൈമാറുകയും ചെയ്തു. കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ഒരു ബന്ധുവിനെ വിളിച്ചിട്ടുണ്ടായിരുന്നുവെന്നാണ് മാതാപിതാക്കൾ അധികൃതരെ അറിയിച്ചത്.