
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജീവിതത്തിലെ സകലമേഖലകളിലേക്കും കടന്നുചെല്ലുമെന്നാണ് പറയപ്പെടുന്നത്. അധ്യാപനത്തിൽ വിദ്യാർഥികളെ പഠിപ്പിക്കാൻ എഐ സാങ്കേതികവിദ്യ വരുമെന്ന് പറയാറുണ്ട് എന്നാൽ വിദ്യാർഥിയായി എഐ റോബോട്ട് എത്തിയിരിക്കുകയാണ് ചൈനയിൽ. ഷാങ്ഹായ് തീയറ്റർ അക്കാദമി (എസ്ടിഎ) യാണ് ഷുവേബ 01 (Xueba 01) എന്ന് പേരുള്ള എഐ റോബോട്ടിന് നാല് വർഷത്തെ നാടകം, സിനിമ വിഷയങ്ങളിലെ പിഎച്ച്ഡി പ്രോഗ്രാമിൽ പ്രവേശനം നൽകിയിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു റോബോട്ട് പൂർണതോതിൽ പിഎച്ച്ഡി വിദ്യാർഥിയായി മാറുന്നത്.
ഡ്രോയ്ഡ്അപ്പ് റോബോട്ടിക്സ് എന്ന സ്ഥാപനവുമായി ചേർന്ന് ഷാങ്ഹായ് സയൻസ് ആന്റ് ടെക്നോളജി സർവകലാശാലയാണ് ഷുവേബ 01 വികസിപ്പിച്ചത്. ജൂലായ് 27 ന് ലോക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിൽ വെച്ചാണ് ഈ റോബോട്ടിന്റെ പിഎച്ച്ഡി പ്രവേശനത്തിന് എസ്ടിഎ അനുമതി നൽകിയത്.പരമ്പരാഗത ചൈനീസ് നാടകങ്ങളിൽ കേന്ദ്രീകരിച്ചാണ് ഷുവേബ 01 ന്റെ പിഎച്ച്ഡി പഠനം. വിർച്വൽ സ്റ്റുഡന്റ് ഐഡിയും റോബോട്ടിന് നൽകിയിട്ടുണ്ട്. ഷാങ്ഹായിൽ നിന്നുള്ള കലാകാരനായ യാങ് ക്വിങ്കിങ് ആണ് ഷുവേബയുടെ മെന്റർ.
ഒരു മുതിർന്ന പുരുഷന്റെ മുഖമാണ് ഈ ഹ്യൂമനോയ്ഡ് റോബോട്ടിന് നൽകിയിരിക്കുന്നത്. മുഖഭാവങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവുകളുണ്ട്. സിലിക്കൺ ചർമമാണ് ഇതിന്. സെപ്റ്റംബർ 14 മുതൽ ഈ റോബോട്ട് ക്യാമ്പസിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം മറ്റ് പിഎച്ച്ഡി വിദ്യാർഥികൾക്കൊപ്പം ക്ലാസുകളിൽ പങ്കെടുക്കും. ഓപ്പറകൾ പരിശീലിക്കും ഒടുവിൽ അന്തിമ പ്രബന്ധം പൂർത്തിയാക്കും.
സ്റ്റേജ് പെർഫോമൻസ്, തിരക്കഥാരചന, സെറ്റ് ഡിസൈൻ തുടങ്ങിയ കലാ വിഷയങ്ങളും മോഷൻ കൺട്രോൾ, ലാംഗ്വേജ് ജനറേഷൻ തുടങ്ങിയ സാങ്കേതിക വിഷയങ്ങളും ഷുവേബ പഠിക്കും. ഷുവേബ 01 ന് 1.75 മീറ്റർ ഉയരവും 30 കിലോഗ്രാം ഭാരവുമുണ്ട്. ആളുകളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഇതിനാവും.