
ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന സാഹചര്യങ്ങളും ഒടുവിൽ വമ്പൻ ട്വിസ്റ്റുമൊക്കെ സിനിമകളിൽ മാത്രമല്ല ജീവിതത്തിലും ഉണ്ടായെന്നു വരാം. അച്ഛൻ്റെ പേരിലുള്ള കോടികളുടെ സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിൽ കേസുമായി കോടതിയിൽ എത്തിയ ഒരു വ്യക്തിക്കും അത്തരമൊരു അനുഭവമാണ് ഉണ്ടായത്.
ചൈനയിലെ ടിയാൻജിൻ സിറ്റിയിൽ ജീവിച്ചിരുന്ന സൺ എന്ന വ്യക്തി ഇക്കഴിഞ്ഞ മാർച്ചിലാണ് മരണപ്പെട്ടത്. മരണസമയത്ത് അദ്ദേഹത്തിന് മൂന്നു മില്യൻ യുവാനിൻ്റെ (3.6 കോടി രൂപ) ആസ്തിയുണ്ടായിരുന്നു. മരിക്കുന്നതിന് മുൻപായി തന്റെ സ്വത്തുവകകളെല്ലാം പൂർണ്ണമായും മകന്റെ പേരിലാണ് അദ്ദേഹം എഴുതിവച്ചത്. 1966 ൽ താനും ഭാര്യയും ചേർന്ന് ദത്തെടുത്ത മകൾക്ക് ആസ്തിയിൽ നിന്നും ന്യായമായ ഒരു തുക മകൻ നൽകണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു.
ദത്തെടുത്തതാണെങ്കിലും സ്വന്തം മകളെ പോലെയാണ് താൻ അവളെ വളർത്തിയതെന്നും, എങ്കിലും അവസാനകാലത്ത് തന്നെ നോക്കിയത് മകനായതിനാൽ വീട് മകനു നൽകുകയാണെന്നും സ്വത്ത് ഭാഗം വച്ചുകൊണ്ടുള്ള രേഖകളിൽ അദ്ദേഹം വ്യക്തമാക്കി. സ്വത്തു പൂർണ്ണമായും മകനു നൽകുന്നതിനാലാണ് നഷ്ടപരിഹാരം എന്ന നിലയിൽ മകൾക്ക് തുക നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. ശിഷ്ടകാലം ഇരുവരും സഹോദരങ്ങളായി തന്നെ കഴിയണമെന്നുള്ള ആഗ്രഹവും അദ്ദേഹം പങ്കുവച്ചിരുന്നു.
എന്നാൽ അച്ഛന്റെ മരണശേഷം ഈ കൈമാറ്റത്തെ ചൊല്ലി മകൾ തർക്കമുന്നയിച്ചു. സ്വത്ത് കൈമാറ്റ രേഖകളിൽ അച്ഛന്റെ ഒപ്പ് മാത്രമാണുള്ളതെന്നും എസ്റ്റേറ്റിൽ അമ്മയുടെ പേരിലുള്ള സ്വത്തും ഉൾപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു എതിർപ്പ്. അമ്മയുടെ വിഹിതം അനന്തരാവകാശത്തിന്റെ ഭാഗമായി കണക്കാക്കണമെന്നും വീട് വിട്ടുകൊടുക്കില്ല എന്നും ചൂണ്ടിക്കാട്ടി മകൾ കോടതിയെ സമീപിച്ചു.
കേസുമായി ബന്ധപ്പെട്ട് മകൾ കോടതിയിൽ പുതിയൊരു രേഖ ഹാജരാക്കിയതോടെ സഹോദരൻ അമ്പരന്നുപോയി. വീടിന്റെ രജിസ്ട്രേഷൻ രേഖകളിൽ മകനെയും ദത്തെടുത്തതാണെന്ന് അടയാളപ്പെടുത്തിയിട്ടുള്ള തെളിവുകളാണ് മകൾ സമർപ്പിച്ചത്. അന്നോളം സ്വന്തമാണെന്ന് കരുതിയ അച്ഛനും അമ്മയും തന്റേതല്ല എന്ന് തിരിച്ചറിവിൽ മകൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. എങ്കിലും സ്വത്തു തർക്കത്തിൽ നിന്നും പിന്മാറാൻ ഇരുകൂട്ടരും തയാറായില്ല. 1990 നു ശേഷം സഹോദരി കുടുംബത്തിന്റെ ഭാഗമായി തുടർന്നിട്ടേയില്ലെന്നും അക്കാലത്തുതന്നെ സ്വത്തു തർക്കം കാരണം കുടുംബവുമായുള്ള ബന്ധം അവർ ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് മകന്റെ വാദം. അച്ഛനെ മരണംവരെ താൻ മാത്രമാണ് പരിപാലിച്ചിരുന്നതെന്നും മകൻ വ്യക്തമാക്കി.
ഒടുവിൽ കേസ് പരിഗണിച്ച കോടതി തർക്കത്തിന് പരിഹാരം ഉണ്ടാക്കിക്കൊടുത്തു. 2007 ൽ നിയമപരമായി കൈമാറ്റം ചെയ്തു ലഭിച്ച സ്വത്തായതിനാൽ ഇത് പാരമ്പര്യ സ്വത്തായി കണക്കാക്കാനാവില്ല എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. അതിനാൽ പിതാവിന്റെ ആഗ്രഹപ്രകാരം വീടും സ്വത്തും മകന് തന്നെ കൈവശം വയ്ക്കാം. മകൾക്ക് 550,000 യുവാൻ (66 ലക്ഷം രൂപ ) നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചു.