
മുംബൈ∙ അധോലോക രാജാക്കൻമാരുടെ പേടിസ്വപ്നമായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ദയാ നായിക്കിന് അസിസ്റ്റന്റ് കമ്മിഷണറായി സ്ഥാനക്കയറ്റം. വിരമിക്കാൻ രണ്ടു ദിവസം ബാക്കിയുള്ളപ്പോഴാണ് സ്ഥാനക്കയറ്റം. 1990–2000 കാലഘട്ടത്തിലാണ് ദയാനായിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ‘എൻകൗണ്ടർ സ്പെഷലിസ്റ്റുകളായി’ പേരെടുക്കുന്നത്.
ദാവൂദ് ഇബ്രാഹിം, അരുണ്‍ ഗാവ്‌ലി, ഛോട്ടാ രാജൻ അടക്കമുള്ള അധോലോക നേതാക്കളുടെ സംഘത്തിലെ 87 പേരെയാണ് ദയാനായിക്കും സംഘവും വധിച്ചത്. 1995ലാണ് ദയാനായിക്ക് പൊലീസ് സേനയിൽ പ്രവേശിക്കുന്നത്. ജൂഹു പൊലീസ് സ്റ്റേഷനിലായിരുന്നു ആദ്യ ജോലി. എൻകൗണ്ടറിൽ പേരെടുത്തതോെട നിരവധി സിനിമകൾ ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങി. 2006ൽ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തു. 2012ൽ സേനയിൽ തിരിച്ചെത്തി. അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റങ്ങൾ സുപ്രീംകോടതി റദ്ദാക്കി.
സൽമാന്‍ ഖാന്റെ വീടിനുനേരെ നടന്ന വെടിവയ്പ്, എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകം, സെയ്ഫ് അലിഖാന്റെ വീട്ടിലെ മോഷണം അടക്കമുള്ള കേസുകളുടെ അന്വേഷണ ചുമതല ദയാ നായിക്കിനായിരുന്നു. 21 വർഷമായി ദയാനായിക്കിന്റെ തോക്ക് വിശ്രമത്തിലാണ്. 2004ലാണ് അവസാനമായി അദ്ദേഹം ഒരു ഗുണ്ടാനേതാവിനെ എൻകൗണ്ടറില്‍ വധിച്ചത്.