
കൽപ്പറ്റ: സാമൂഹിക മാധ്യമങ്ങൾ വഴി വിവാഹാലോചനാ തട്ടിപ്പുകൾ നടത്തിവന്ന യുവാവിനെ വയനാട് ജില്ലാ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് റമീസ് (27) ആണ് പിടിയിലായത്. പ്രമുഖ മാട്രിമോണി വെബ്സൈറ്റുകളിൽ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇയാൾ തട്ടിപ്പ് നടത്തിവന്നതെന്ന് പോലീസ് അറിയിച്ചു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ മാട്രിമോണിയൽ ഗ്രൂപ്പുകളും വിവിധ സ്ഥാപനങ്ങളുടെ വ്യാജ അക്കൗണ്ടുകളും നിർമ്മിച്ചാണ് റമീസ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രശസ്ത മാട്രിമോണിയൽ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിൽ നിന്ന് സ്ത്രീകളുടെ ഫോട്ടോകളും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കി വ്യാജ അക്കൗണ്ടുകളിലൂടെ ഉപഭോക്താക്കളെ കണ്ടെത്തുകയും രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പണം വാങ്ങി കബളിപ്പിക്കുകയുമായിരുന്നു ഇയാളുടെ രീതി.
തട്ടിപ്പ് സംഘത്തിലെ സഹായികൾ സ്ത്രീകളുടെ ബന്ധുക്കളാണെന്ന് വ്യാജേന ഉപഭോക്താക്കളുമായി സംസാരിച്ച് വിശ്വാസം നേടിയെടുക്കുകയും ചെയ്തിരുന്നു. ചൂരൽമല സ്വദേശിയായ ഒരു യുവാവിന്റെ പരാതിയെ തുടർന്നാണ് ഈ തട്ടിപ്പ് പുറത്തായത്. തന്റെ ബന്ധുവിന്റെ വിവാഹാലോചനയ്ക്കായി ഈ സംഘവുമായി ബന്ധപ്പെട്ട യുവാവ് 1400 രൂപ നൽകി രജിസ്റ്റർ ചെയ്തിരുന്നു. പണം കൈപ്പറ്റിയ ശേഷം തട്ടിപ്പ് സംഘം യുവാവിനെ ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടർന്ന് മറ്റൊരു നമ്പറിൽ നിന്ന് ബന്ധപ്പെട്ടപ്പോൾ, മുൻപ് അയച്ച ഒരു പെൺകുട്ടിയുടെ ഫോട്ടോ മറ്റൊരു പേരിൽ അയച്ചുനൽകിയതോടെ തട്ടിപ്പ് തിരിച്ചറിയുകയും സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ, ഒരു മാസത്തിനുള്ളിൽ പ്രതിയുടെ അക്കൗണ്ടിലേക്ക് 1400 രൂപ വീതം ഏകദേശം 300 ഓളം ഇടപാടുകൾ നടന്നതായി കണ്ടെത്തി.
നിലവിൽ, നാഷണൽ സൈബർ റിപ്പോർട്ടിംഗ് പോർട്ടലിൽ (1930) ഇയാൾക്കെതിരെ 27 ഓളം പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൽ എസ്.ഐ ബിനോയ് സ്കറിയ, എസ്.സി.പി.ഒ അബ്ദുൽ സലാം, സി.പി.ഒമാരായ അരുൺ അരവിന്ദ്, മുഹമ്മദ് അനീസ് എന്നിവരും ഉണ്ടായിരുന്നു.