പ്രസവശേഷം ഒരുവർഷത്തിനിടെ 60 ലിറ്റർ മുലപ്പാൽ സർക്കാർ ആശുപത്രികളിൽ സംഭാവന ചെയ്തു- ജ്വാല ഗുട്ട

Spread the love

എല്ലാവിധത്തിലുള്ള അസുഖങ്ങളിൽനിന്നും അലർ‌ജികളിൽനിന്നും അണുബാധയിൽനിന്നും കുഞ്ഞുങ്ങൾക്ക് പ്രതിരോധശേഷി നൽകുന്നതിൽ പ്രധാനമാണ് മുലപ്പാൽ. പലവിധ കാരണങ്ങളാൽ അമ്മമാരിൽനിന്ന് നേരിട്ട് മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് ആശ്വാസമാകുന്നത് ദാനമായി ലഭിക്കുന്ന മുലപ്പാലാണ്. അത്തരത്തിൽ മുലപ്പാൽ ദാനം ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. മുൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും മുലപ്പാൽ ദാനം ചെയ്യുന്നതിനേക്കുറിച്ച് നിരന്തരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രസവശേഷം ഒരുവർഷത്തിനിടെ ഏകദേശം 60 ലിറ്റർ മുലപ്പാൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികളിൽ സംഭാവന ചെയ്തതായി തുറന്നുപറഞ്ഞിരിക്കുകയാണ് ജ്വാല ഗുട്ട. ‘എക്സ്’ പോസ്റ്റിലൂടെയാണ് ജ്വാല ഇക്കാര്യം പങ്കുവെച്ചത്.

 

എന്തുകൊണ്ടാണ് ഇതേക്കുറിച്ച് പറയുന്നത് പ്രസക്തമാകുന്നതെന്നും ജ്വാല കുറിക്കുന്നുണ്ട്. വളർച്ച കുറഞ്ഞ ഒരു കിലോഗ്രാം ഭാരമൊക്കെയുള്ള കുഞ്ഞുങ്ങൾക്ക് 100 മില്ലി ലിറ്റർ മുലപ്പാൽ ദാനംചെയ്യുന്നത് ഏതാനും ദിവസങ്ങളിലേക്കുള്ളതാണ്. എൻഐസിയുവിൽ കിടക്കുന്ന കുട്ടികൾക്ക് ഇത് ഏറെ താങ്ങാകും. എൻഐസിയുവിലുള്ള പല കുഞ്ഞുങ്ങൾക്കും ആരോഗ്യസംബന്ധമായ സങ്കീർണതകൾ കാരണം സ്വന്തം അമ്മയുടെ മുലപ്പാൽ കുടിക്കാൻ കഴിയുന്നുണ്ടാവില്ല. ഇത്തരം സാഹചര്യങ്ങളിൽ ദാനംചെയ്ത മുലപ്പാൽ കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധശേഷിയും പോഷകവും നൽകുന്നുവെന്ന് ജ്വാല കുറിക്കുന്നു.

 

‘അസുഖം, മാനസികസമ്മർദ്ദം, പോഷകാഹാരക്കുറവ്, പൂർണവളർച്ചയെത്തും മുമ്പുള്ള പ്രസവം തുടങ്ങിയ സാഹചര്യങ്ങളിൽ അമ്മമാർക്ക് കുഞ്ഞുങ്ങളെ ഉടൻ മുലയൂട്ടാനാവില്ല. നിർണായകമായ ആദ്യദിവസങ്ങളിൽ ആ കുഞ്ഞുങ്ങൾക്ക് പോഷകവും പ്രതിരോധശേഷിയും ലഭിക്കുന്നത് ദാനമായി ലഭിക്കുന്ന മുലപ്പാലിലൂടെയാണ്. ‍’- ജ്വാല പറയുന്നു.

 

പ്രധാനമായും വളർച്ചയെത്താതെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന നെക്രോട്ടൈസിംഗ് എന്ററോകോളിറ്റിസ് (NEC) എന്ന ഗുരുതരമായ കുടൽ രോഗത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നതിൽ മുലപ്പാലിന്റെ പങ്ക് ഏറ്റവും വലുതാണെന്നും ജ്വാല കുറിക്കുന്നു. അടുത്തുള്ള സർക്കാർ ആശുപത്രിയിൽ അന്വേഷിച്ച് എങ്ങനെ നിങ്ങൾക്കും മുലപ്പാൽ ദാനം ചെയ്യാം എന്ന് നോക്കൂ എന്നുപറഞ്ഞാണ് ജ്വാല കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

കഴിഞ്ഞവർഷം ഒരു സർക്കാർ ആശുപത്രിയിലെ മുലപ്പാൽ ദാന കാമ്പെയ്ന്റെ ഭാഗമായതിനേക്കുറിച്ച് ജ്വാല തുറന്നുപറഞ്ഞിരുന്നു. അമ്മമാരില്ലാത്ത കുഞ്ഞുങ്ങളെയും ആശുപത്രിയിൽ കഴിയുന്ന മാസം തികയാതെ ജനിച്ചതോ ഗുരുതരാവസ്ഥയിലുള്ളതോ ആയ കുഞ്ഞുങ്ങളേയും സഹായിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അന്ന് പറഞ്ഞിരുന്നു.

 

‘മുലപ്പാൽ ജീവൻ രക്ഷിക്കുന്നു. മാസം തികയാതെയും അസുഖബാധിതരായും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്, ദാനം ലഭിക്കുന്ന മുലപ്പാൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾവരുത്തും. നിങ്ങൾക്ക് ദാനം ചെയ്യാൻ കഴിയുമെങ്കിൽ, സഹായം ആവശ്യമുള്ള ഒരു കുടുംബത്തിന് നിങ്ങളൊരു ഹീറോ ആകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുക, ഈ സന്ദേശം പങ്കുവെക്കുക, മിൽക്ക് ബാങ്കുകളെ പിന്തുണയ്ക്കുക’ ‌- എന്ന് കുറിച്ച് മുലപ്പാൽ ദാന ക്യാമ്പെയിനിനും ജ്വാല നേരത്തേ തുടക്കമിട്ടിരുന്നു.

 

സ്വമേധയാ മുലപ്പാൽ സംഭാവന ചെയ്യാൻ തയ്യാറുള്ള അമ്മമാരിൽ നിന്നാണ് അധികമുള്ള മുലപ്പാൽ ശേഖരിക്കുക. അമ്മമാർക്ക് അണുബാധകളോ പാലിലെ സുരക്ഷയെ ബാധിക്കുന്ന മറ്റ് അവസ്ഥകളോ ഇല്ലെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ പരിശോധന നടത്തിയതിനുശേഷമാണ് സംഭാവന ചെയ്യുക. ശേഷം പാൽ ശുചിത്വത്തോടെ ശേഖരിച്ച്, പാസ്ചറൈസ് ചെയ്ത്, സുരക്ഷ പരിശോധിച്ച് ആവശ്യമുള്ള കുഞ്ഞുങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുക.

 

ആർക്കെല്ലാം മുലപ്പാൽ ദാനംചെയ്യാം ?

 

ആരോഗ്യവതിയായ ഏതൊരമ്മയ്ക്കും മുലപ്പാൽ ദാനംചെയ്യാം. രക്തപരിശോധനയ്ക്കുശേഷമായിരിക്കും പാൽ ശേഖരിക്കുക. എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് ബി, കാൻസർ എന്നീ രോഗങ്ങൾ ഉള്ളവരാകരുത്. മാനസികരോഗങ്ങൾക്കും അപസ്മാരരോഗത്തിനും മരുന്നുകഴിക്കുന്നവർ, ഒരുവർഷത്തിനിടയിൽ രക്തമാറ്റചികിത്സകൾക്ക്‌ വിധേയരായവർ, ചിക്കൻപോക്സ്, അഞ്ചാംപനി പോലുള്ള രോഗങ്ങൾക്ക്‌ മൂന്നുമാസത്തിനുള്ളിൽ വാക്സിനെടുത്തവർ എന്നിവർക്ക് മുലപ്പാൽ ദാനംചെയ്യാൻ കഴിയില്ല. പുകവലി, മദ്യപാനം, ലഹരിമരുന്ന് എന്നിവ ഉപയോഗിക്കുന്നവരും ആവരുത് അമ്മമാർ.

  • Related Posts

    എടിഎമ്മിലും ഷോക്ക് വരുന്നു, മറ്റു ബാങ്കുകളുടെ എടിഎമ്മിൽ കയറിയാൽ കൂടുതൽ ഫീസ്, പുതിയ നീക്കം ഇങ്ങനെ

    Spread the love

    Spread the loveപെട്രോൾ , ഡീസൽ വിലവർധനയ്ക്കു പിന്നാലെ രാജ്യത്തെ എടിഎം ഇടപാടുകളുടെ ഫീസും കൂട്ടിയേക്കും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോൾ നൽകേണ്ട എടിഎം ഇന്റർചേഞ്ച് ഫീ ഉയർത്താനാണ് നീക്കം. നിലവിൽ 19 രൂപയാണിത്. 21 രൂപയാക്കി ഉയർത്തുമെന്നാണ് വിവരം.  …

    അഞ്ച് വയസ്സിൽ ആദ്യ പീഡനം, പലരും ശരീരം നോക്കി പരിഹസിച്ചു; അമ്മയുടെ വിയോഗം തളര്‍ത്തി: സഞ്ജയ് ദത്തിന്റെ മകൾ

    Spread the love

    Spread the loveബോളിവുഡ് താരങ്ങളുടെ മക്കൾ എപ്പോഴും ആഡംബരങ്ങളുടെയും സുഖസൗകര്യങ്ങളുടെയും നടുവിലാണ് ജീവിക്കുന്നതെന്നും, അവർക്ക് ജീവിതത്തിൽ ഒരിക്കലും പ്രതിസന്ധികളോ പോരാട്ടങ്ങളോ നേരിടേണ്ടി വന്നിട്ടില്ലെന്നും ഉള്ളത് ഒരു പൊതുധാരണയാണ്. എന്നാൽ പുറമേ കാണുന്ന തിളക്കത്തിനപ്പുറം, ഓരോരുത്തരുടെയും ജീവിതത്തിലെ പ്രതിസന്ധികൾ വ്യത്യസ്തമാണെന്നാണ് ബോളിവുഡ് താരം…

    Leave a Reply

    Your email address will not be published. Required fields are marked *