ബോളിവുഡ് താരങ്ങളുടെ മക്കൾ എപ്പോഴും ആഡംബരങ്ങളുടെയും സുഖസൗകര്യങ്ങളുടെയും നടുവിലാണ് ജീവിക്കുന്നതെന്നും, അവർക്ക് ജീവിതത്തിൽ ഒരിക്കലും പ്രതിസന്ധികളോ പോരാട്ടങ്ങളോ നേരിടേണ്ടി വന്നിട്ടില്ലെന്നും ഉള്ളത് ഒരു പൊതുധാരണയാണ്. എന്നാൽ പുറമേ കാണുന്ന തിളക്കത്തിനപ്പുറം, ഓരോരുത്തരുടെയും ജീവിതത്തിലെ പ്രതിസന്ധികൾ വ്യത്യസ്തമാണെന്നാണ് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ മകൾ തൃഷാല ദത്ത് പറയുന്നു. അടുത്തിടെ ‘ഇൻസൈഡ് തോട്ട്സ് ഔട്ട് ലൗഡ്’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിലവിൽ ന്യൂയോർക്കിൽ തെറപ്പിസ്റ്റായ തൃഷാല മനസ്സ് തുറന്നത്.
സഞ്ജയ് ദത്തിന്റെയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും നടിയുമായിരുന്ന റിച്ച ശർമ്മയുടെയും മകളാണ് തൃഷാല. 1996ലാണ് റിച്ച ശർമ്മ മരിക്കുന്നത്. അമ്മയുടെ വിയോഗത്തിനു പിന്നാലെ ന്യൂയോർക്കിൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് തൃഷാല വളർന്നത്. ഇന്ത്യയിൽ സജീവ സിനിമാജീവിതം നയിച്ചിരുന്ന സഞ്ജയ് ദത്ത് പലപ്പോഴും മകളെ കാണാനായി ന്യൂയോർക്കിൽ എത്തിയിരുന്നു.
∙ കുട്ടിക്കാലത്തെ വംശീയതയും വിവേചനവും
വെറും 5 വയസ്സുള്ളപ്പോഴാണ് താൻ ആദ്യമായി മറ്റുള്ളവരിൽ നിന്ന് പീഡനങ്ങളും പരിഹാസങ്ങളും നേരിട്ടു തുടങ്ങിയതെന്ന് തൃഷാല ഓർക്കുന്നു. താനൊരു ഇന്ത്യക്കാരിയായതു കൊണ്ടുമാത്രമാണ് കുട്ടികൾ തന്നെ വേർതിരിച്ചു കണ്ടതെന്നും അവർ പറയുന്നു. ‘എന്റെ ചുറ്റുമുള്ള കുട്ടികളിൽ നിന്ന് എനിക്ക് ധാരാളം ബുദ്ധിമുട്ടുകളും പരിഹാസങ്ങളും നേരിടേണ്ടി വന്നു. ആ സമയത്ത് ഞാൻ വെറുമൊരു കുട്ടി മാത്രമായിരുന്നു. സങ്കടങ്ങൾ പങ്കുവയ്ക്കാൻ എനിക്കൊരു സുരക്ഷിതമായ ഇടം ഉണ്ടായിരുന്നില്ല. മിഡിൽ സ്കൂളിൽ എത്തിയപ്പോഴും ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. ആ സമയത്ത് ശരീരഭാരം അമിതമായി വർധിച്ചതായിരുന്നു പരിഹാസങ്ങൾക്ക് കാരണം.
പിന്നീട് ഹൈസ്കൂളിൽ എത്തിയപ്പോൾ, താൻ ആരാണെന്നും ഏത് പശ്ചാത്തലത്തിൽ നിന്നുള്ള കുടുംബമാണെന്നും ആളുകൾ തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. അന്ന് മാനസികമായി ആശ്രയിക്കാൻ ആരുമില്ലാതിരുന്നതിന്റെ വേദനയും, അന്ന് സംസാരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിരുന്നതായും അവർ തുറന്നു പറഞ്ഞു.
∙ അമ്മയുടെ വിയോഗം
തൃഷാലയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതങ്ങളിലൊന്ന് അമ്മയുടെ അസുഖവും അകാല വിയോഗവുമായിരുന്നു. ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെത്തുടർന്ന് 1980കളുടെ മധ്യത്തിൽ പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞ സഞ്ജയ് ദത്ത്, ജീവിതത്തിലേക്ക് തിരിച്ചുവന്ന ശേഷമാണ് നടി റിച്ച ശർമ്മയെ കണ്ടുമുട്ടുന്നത്. 1987ൽ ന്യൂയോർക്കിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. തൊട്ടടുത്ത വർഷം തൃഷാല ജനിച്ചു. എന്നാൽ അധികം വൈകാതെ തന്നെ റിച്ചയ്ക്ക് ബ്രെയിൻ കാൻസർ സ്ഥിരീകരിച്ചു.1989ൽ രോഗനിർണയം നടത്തുമ്പോൾ തന്നെ അത് നാലാം ഘട്ടത്തിൽ എത്തിയിരുന്നു.
1996ൽ തൃഷാലയ്ക്ക് 8 വയസ്സുള്ളപ്പോൾ റിച്ച ശർമ്മ മരണത്തിന് കീഴടങ്ങി. അമ്മയുടെ ചികിത്സാ കാലയളവിൽ സഞ്ജയ് ദത്തിന് പൂർണമായി മകൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞിരുന്നില്ല. സിനിമയിലെ തിരക്കുകൾ കാരണം അദ്ദേഹം ഇന്ത്യയ്ക്കും യുഎസിനും ഇടയിൽ നിരന്തരം യാത്ര ചെയ്യുകയായിരുന്നു. സഞ്ജയ് ദത്തിന്റെ അമ്മ നർഗീസ് ദത്തിനെ ചികിത്സിച്ച ന്യൂയോർക്കിലെ ‘മെമ്മോറിയൽ സ്ലോൺ കെറ്ററിങ് കാൻസർ സെന്ററിലാണ്’ റിച്ചയ്ക്കും ചികിത്സ നൽകിയത്. ന്യൂയോർക്കിൽ വച്ച് താൽക്കാലികമായി അസുഖം ഭേദമായെങ്കിലും മുംബൈയിലേക്ക് മടങ്ങിയതോടെ റിച്ചയുടെ ആരോഗ്യം വീണ്ടും വഷളാവുകയായിരുന്നു.
അമ്മ മരിച്ചതോടെ തൃഷാലയ്ക്ക് ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണ നഷ്ടമായി. അതേസമയം ഇന്ത്യയിൽ സഞ്ജയ് ദത്തും കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരുന്നു. 1993ലെ മുംബൈ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്ന് സഞ്ജയ് ദത്തിന് ദീർഘകാലം ജയിൽവാസം അനുഭവിക്കേണ്ടി വന്നതിനാൽ മകളുമായി കൂടുതൽ സമയം ചെലവഴിക്കാനും സാധിച്ചിരുന്നില്ല.
∙ ‘സ്റ്റാർ കിഡ്’ ഇമേജ്
വേദനകൾക്ക് ഒരു ആശ്വാസമായി തൃഷാല ഭക്ഷണത്തെ ആശ്രയിച്ചു. ഇത് അമിതവണ്ണത്തിന് കാരണമായി. ഒരു ബോളിവുഡ് സെലിബ്രിറ്റിയുടെ മകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ സങ്കൽപങ്ങൾക്ക് അനുയോജ്യയല്ലായിരുന്നു തൃഷാല. ‘ഒരു സെലിബ്രിറ്റിയുടെ മകളാണെങ്കിൽ ഒരു പ്രത്യേക രീതിയിൽ സുന്ദരിയായിരിക്കണമെന്ന് ആളുകൾ കരുതുന്നു. ‘എന്നാൽ ഞാൻ സഞ്ജയ് ദത്തിന്റെ മകളുടെ ആ വേഷപ്പകർച്ചയ്ക്ക് ചേർന്നവളായിരുന്നില്ല. കുട്ടിക്കാലത്ത് ഇന്ത്യ സന്ദർശിച്ചപ്പോഴൊക്കെ പാപ്പരാസികൾ നിരന്തരം പിന്തുടർന്ന് ചിത്രങ്ങൾ എടുക്കുകയും, അതിനെത്തുടർന്ന് മാധ്യമങ്ങളിലും സമൂഹത്തിലും മോശമായ അഭിപ്രായങ്ങൾ വരികയും ചെയ്തിരുന്നു. എന്നാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്തരം കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയതിനാൽ, വിമർശനങ്ങളെ നേരിടാൻ ഇന്ന് സാധിക്കുന്നുണ്ട്.’ തൃഷാല വ്യക്തമാക്കുന്നു.
സുഖസൗകര്യങ്ങൾ ഉണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും, തന്റെ ജീവിതം എപ്പോഴും കറുത്ത ഇരുണ്ട മേഘങ്ങളാൽ ചുറ്റപ്പെട്ടതായിരുന്നു എന്ന് തൃഷാല വ്യക്തമാക്കുന്നു. എല്ലാവരും കരുതുന്നത് പോലെ എല്ലാം തനിക്ക് താലത്തിൽ വച്ച് നീട്ടിയതല്ലെന്നും ഇന്നത്തെ നിലയിലെത്താൻ ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അവർ പറയുന്നു. ജീവിതത്തിൽ തളർന്നുപോകുന്നതിൽ തെറ്റില്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് താൻ ഒരു തെറാപ്പിസ്റ്റായതെന്നും തൃഷാല വ്യക്തമാക്കുന്നു.







