ചെന്നൈ∙ ഉദ്വേഗ നീക്കത്തിനൊടുവിൽ 120 സീറ്റുമായി തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ അധികാരത്തിലേക്ക്. കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവരെക്കൂടാതെ മുസ്‌ലിം ലീഗും, വിടുതലൈ ചിരുതൈകൾ കക്ഷിയും (വിസികെ) പിന്തുണച്ചതോടെയാണ് 118 സീറ്റെന്ന കേവല ഭൂരിപക്ഷത്തിൽ ടിവികെ എത്തിയത്. ഗവർണറെ കണ്ട് പിന്തുണക്കത്ത് കൈമാറി. ടിവികെ പാർട്ടി ആസ്ഥാനത്ത് വൻ ആഘോഷം.
പിന്തുണച്ചവരുടെ സീറ്റുനില ഇങ്ങനെ: കോൺഗ്രസ് ( 5 എംഎൽഎമാർ), മുസ്‍ലിം ലീഗ് (2), സിപിഎം (2), സിപിഐ (2), വിടുതലൈ ചിരുതൈകൾ കക്ഷി (2). ഇവരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യ മറികടക്കാനായത്. ബുധൻ, വ്യാഴം ദിവസങ്ങളിലും വിജയ്‌യും ഗവർണറും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ സഭയിൽ ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് തവണയും വിജയിന്റെ അവകാശവാദം ഗവർണർ തള്ളുകയായിരുന്നു.
കഴിഞ്ഞമാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിന്റെ തമിഴക വെട്രി കഴകം മികച്ച മുന്നേറ്റമാണ് നടത്തിയത്. 234 സീറ്റുകളിൽ 108 എണ്ണം സ്വന്തമാക്കി. വിജയ് 2 മണ്ഡലങ്ങളിലാണ് വിജയിച്ചത്. അതിനാൽ കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കൂടി ടിവികെയ്ക്ക് ആവശ്യമായിരുന്നു. വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, 113 എംഎൽഎമാരെ മാത്രം വച്ച് നിങ്ങൾ എങ്ങനെ സർക്കാർ രൂപീകരിക്കുമെന്നും ഏതൊക്കെ പാർട്ടികൾ നിങ്ങളെ പിന്തുണയ്ക്കുമെന്നും ഗവർണർ ചോദിച്ചിരുന്നു. അന്ന് വിജയ് നൽകിയ മറുപടിയിൽ ഗവർണർ തൃപ്തനായിരുന്നില്ല.
തമിഴ്നാട്ടിൽ വിജയ്‌ക്ക് പിന്തുണ നൽകുന്നതിൽ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. സിപിഐ, വിസികെ പാർട്ടികളുടെ ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഈ നിലപാടിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകിട്ടോടെ സിപിഐ, സിപിഎം, വിസികെ പാർട്ടികളുടെ തമിഴ്നാട് നേതൃത്വങ്ങൾ ചർച്ച നടത്തും. തുടർന്ന് ഓരോ പാർട്ടികളും ആഭ്യന്തര തലത്തിലും കൂടിയാലോചനകൾ നടത്തിയ ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചില്ല. അദ്ദേഹം പിന്തുണയ്ക്കുന്നവരുടെ സംഖ്യ കാണിക്കാനാണ് പറയുന്നത്. അത് ഗവർണറുടെ ഉത്തരവാദിത്വമല്ല. 13 ദിവസം മാത്രം നീണ്ടുന്ന എ.ബി.വാജ്‌പേയ് സർക്കാരിന്റെ കാലത്ത് രാഷ്ട്രപതി വാജ്‌പേയിയോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടില്ല. അന്ന് വാജ്‌പേയിക്ക് ഒരു മാസം സമയം കൊടുത്തിരുന്നു. ഇന്ന് ഭൂരിപക്ഷം തെളിയിക്കുന്നതിന് വിജയ് വെറും ഒരാഴ്ച സമയം മാത്രമാണ് ആവശ്യപ്പെടുന്നത്. സിപിഐ, വിസികെ എന്നീ പാർട്ടികളുമായി സിപിഎം ചർച്ച നടത്തിയ ശേഷമാണ് തമിഴ്നാട്ടിൽ സംസ്ഥാനനേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന നിലപാടിലെത്തിയത്. ഏറ്റവും വലിയ ഒറ്റകക്ഷിക്ക് ഭൂരിപക്ഷം തെളിയിക്കാനാകുന്ന സാഹചര്യമുണ്ടാകണം’ – എം.എ.ബേബി പറഞ്ഞു.
അതിനിടെ, തമിഴ്നാട്ടിൽ സഖ്യസർക്കാരുണ്ടാക്കണമെങ്കിൽ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അണ്ണാ ഡിഎംകെയോട് ഡിഎംകെ ആവശ്യപ്പെട്ടതായി സൂചന. ബിജെപി ബന്ധം ഉപേക്ഷിച്ചാൽ മാത്രമേ സഖ്യചർച്ചകൾക്ക് സാധ്യതയുള്ളൂവെന്ന് ഡിഎംകെ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ടു ചെയ്തു. അങ്ങനെ സംഭവിച്ചാൽ അണ്ണാ ഡിഎംകെ നയിക്കുന്ന സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാൻ ഡിഎംകെ തയാറാകുമെന്നാണ് വിവരം. അതേസമയം, വിടുതലൈ ചിരുതൈഗൾ കച്ചിയെ (വിസികെ) പോലുള്ള ചെറു ഘടകകക്ഷികൾക്കടക്കം മന്ത്രിസ്ഥാനം നൽകണമെന്ന ഉപാധിയും ഡിഎംകെ മുന്നോട്ടുവച്ചേക്കും. രണ്ട് മന്ത്രിസ്ഥാനമാണ് വിസികെ ആവശ്യപ്പെടുന്നത്. അതേസമയം, വിജയ്‌യ്ക്ക് പിന്തുണ നൽകുന്നതിൽ ഇടതുപാർട്ടികളുടെ തീരുമാനം ഇന്നുണ്ടായേക്കും.
വിജയ് അധികാരത്തിലെത്തുന്നത് എഐഎഡിഎംകെ നേതാവ് എം.ജി.രാമചന്ദ്രൻ തമിഴ്നാട്ടിൽ ശക്തികേന്ദ്രമായതിനു സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്നും ഡിഎംകെയ്ക്ക് അധികാരത്തിൽ തിരിച്ചെത്താൻ തടസമുണ്ടാക്കുമെന്നും ഡിഎംകെ ഉദയനിധി സ്റ്റാലിൻ വിഭാഗം ഭയപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഡിഎംകെയുടെ പിന്തുണയോടെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. എംഎൽഎമാരുമായുള്ള ചർച്ചയുടെ ഭാഗമായി പളനിസ്വാമി ഇപ്പോൾ പുതുച്ചേരിയിലാണുള്ളത്. തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ മുൻകരുതലിന്റെ ഭാഗമായി എഐഎഡിഎംകെ എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു.
അതേസമയം, ഡിഎംകെ–എഐഎഡിഎംകെ സഖ്യസർക്കാരുണ്ടായാൽ ടിവികെയുടെ 107 എംഎൽഎമാരെയും രാജിവയ്പ്പിക്കാനാണ് വിജയ്‌യുടെ തീരുമാനം. എം.കെ.സ്റ്റാലിനോ പളനിസ്വാമിയോ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചാൽ എല്ലാവരും രാജിവയ്ക്കുമെന്ന് വിജയ് മുന്നറിയിപ്പു നൽകി. സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് തീരുമാനം. 118 പേരുടെ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ.






