തമിഴകത്തിന്റെ അടുത്ത ‘മുതലമൈച്ചർ’ (മുഖ്യമന്ത്രി) പദവിയിലേക്ക് മിന്നുന്ന വിജയവുമായി ചുവടുവയ്ക്കുന്ന വിജയിയുടെ ആസ്തിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവം. തിരഞ്ഞെടുപ്പിന് മുൻപായി സമർപ്പിച്ച സത്യവാങ്മൂല പ്രകാരം തമിഴക വെട്രി കഴകം (ടിവികെ) നേതാവ് സി. ജോസഫ് വിജയിയുടെ ആസ്തി 624 കോടി രൂപയാണ്. ഇതിൽ 404 കോടി രൂപയുടേത് ജംഗമ വസ്തുക്കളും (മൂവബിൾ അസറ്റ്സ്) 220 കോടിയുടേത് സ്ഥാവര വസ്തുക്കളുമാണ് (ഇമ്മൂവബിൾ അസറ്റ്സ്). 2024-25ലെ 184.5 കോടി രൂപയിൽ നിന്നാണ് കഴിഞ്ഞവർഷം (2025-26) അദ്ദേഹത്തിന്റെ ആസ്തി 600 കോടിക്ക് മുകളിലേക്ക് ഉയർന്നത്. വരുമാനത്തിൽ മുന്തിയപങ്കും നേടിയത് സിനിമയിൽ നിന്നുതന്നെ.
∙ ബാങ്ക് നിക്ഷേപം: വിജയിയുടെ മൊത്തം ആസ്തിയിൽ 313 കോടി രൂപയും ബാങ്ക് നിക്ഷേപമാണ്. 213.36 കോടി രൂപ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ (ഐഒബി) സാലിഗ്രാമം ശാഖയിലെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലാണെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു.
∙ ആക്സിസ് ബാങ്കിന്റെ ഇന്ദിരനഗർ ശാഖയിൽ 40 കോടി രൂപ, ഐഒബിയുടെ കോടമ്പാക്കം ശാഖയിൽ 25 കോടി രൂപ, എച്ച്ഡിഎഫ്സി ബാങ്കിന്റെ ബസന്റ് നഗർ ശാഖയിൽ 20 കോടി, എസ്ബിഐയുടെ ശാസ്ത്രി നഗർ ശാഖയിൽ 15 കോടി എന്നിങ്ങനെ സ്ഥിരനിക്ഷേപമുണ്ട് (എഫ്ഡി).
റിയൽ എസ്റ്റേറ്റും ഇഷ്ടം
വിജയിക്ക് മൈലാപ്പൂർ, എഗ്മോർ, സാലിഗ്രാമം, നീലാൻകരൈ എന്നിവിടങ്ങളിൽ വീടുകളുണ്ട്. ഇവയ്ക്ക് സംയോജിതമായി ഏതാണ്ട് 115 കോടി രൂപ മൂല്യംമതിക്കും. പാരിവാക്കം, കൊപ്പൂർ, ത്യാഗരാജ നഗർ, ശോലിങ്കനല്ലൂർ എന്നിവിടങ്ങളിലും ഭൂ ആസ്തികളുണ്ട്. സംയോജിതമൂല്യം 82.8 കോടി രൂപ. 1997ൽ കൊടൈക്കനാലിൽ 15,000 രൂപ വീതം ചെലവിട്ട് 0.25 ഏക്കർവീതം വരുന്ന 2 കാർഷിക ഭൂമികൾ വാങ്ങിയിരുന്നു. നിലവിൽ ഇവയുടെ മൂല്യം 10 ലക്ഷം രൂപ വീതമാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
ഓഹരിയോട് വലിയ പ്രിയമില്ല
ഓഹരി വിപണിയിലെ നിക്ഷേപത്തോട് വിജയിക്ക് വലിയ താൽപ്പര്യമില്ലെന്നാണ് കണക്ക് പറയുന്നത്. ആകെ 19.37 ലക്ഷം രൂപ മാത്രമാണ് ഓഹരി വിപണിയിലെ നിക്ഷേപം. ഇതിൽ 19.03 ലക്ഷവും ജയനഗർ പ്രോപ്പർട്ടി ലിമിറ്റഡ് എന്ന കമ്പനിയിലാണ്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഓഹരിയിൽ 9600 രൂപയും സൺ പേപ്പർ മിൽ ലിമിറ്റഡിൽ 25,000 രൂപയും നിക്ഷേപിച്ചിട്ടുണ്ട്. മ്യൂച്വൽഫണ്ട് നിക്ഷേപമില്ല.
കോടികളുടെ വാഹനശേഖരം
ടാറ്റ കാരവൻ, ടൊയോട്ട ലെക്സസ് 350, ബിഎംഡബ്ല്യു ഐ7, ടൊയോട്ട വെൽഫയർ, ബിഎംഡബ്ല്യു 530, മാരുതി സ്വിഫ്റ്റ് എന്നിവയ്ക്ക് പുറമേ ടിവിഎസിന്റെ എക്സ്എൽ സൂപ്പറും വിജയിയുടെ വാഹനശേഖരത്തിലുണ്ട്. ഇവയ്ക്ക് സംയോജിത മൂല്യം 13.5 കോടി രൂപ.
സ്വർണവും വെള്ളിയും
1.20 കോടി രൂപ മതിക്കുന്ന 883 ഗ്രാം സ്വർണം, 15 ലക്ഷം രൂപയുടെ വെള്ളി എന്നിവയാണ് തനിക്കുള്ളതെന്ന് വിജയ് സത്യവാങ്മൂലത്തിൽ പറയുന്നു. ഭാര്യ സംഗീതയുടെ കൈവശം 4.07 കോടിയുടെ 3132 ഗ്രാം സ്വർണമുണ്ട്. 4.75 ലക്ഷം രൂപയുടെ വെള്ളിയും. പുറമേ ഒരു കോടി രൂപമതിക്കുന്ന വജ്രാഭരണവും സംഗീതയ്ക്കുണ്ട്. സംഗീതയുടെ മൊത്തം ആസ്തി 15.76 കോടി രൂപയാണ്. ഇതിൽ 10 കോടി രൂപ എഫ്ഡിയും 43.41 കോടി രൂപ സേവിങ്സ് ബാങ്ക് നിക്ഷേപവുമാണ്. സ്ഥാവര സ്വത്തിന്റെ മൂല്യം 25 ലക്ഷം രൂപ.
∙ വിജയിക്ക് കുടുംബാംഗങ്ങൾ, വിവിധ സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ എന്നിവരിൽ നിന്നായി 75.5 കോടി രൂപ ലഭിക്കാനുണ്ട്.





