ഹരിപ്പാട് ∙ ജീവൻ തന്നെ നഷ്ടമായേക്കാവുന്ന സാഹചര്യത്തിൽനിന്നു രക്ഷപ്പെട്ടു വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് പള്ളിപ്പാട് പറയങ്കേരി കണ്ടത്തിൽ പുത്തൻ വീട്ടിൽ ജെറിൻ ജോർജ്. യുദ്ധത്തെത്തുടർന്ന് രണ്ടുമാസമായി ഇറാനിൽ ചരക്കുകപ്പലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ജെറിൻ. കെ.സി.വേണുഗോപാൽ എംപിയും രമേശ് ചെന്നിത്തല എംഎൽഎയും നടത്തിയ ഇടപെടലിലാണ് അർമീനിയയിൽ നിന്നു മുംൈബയിലും അവിടെനിന്നു കൊച്ചിയിലുമെത്തിയത്. കൊച്ചി വിമാനത്താവളത്തിലെത്തിയ ജെറിൻ പിതാവ് ജോർജ് ജേക്കബിനും മാതാവ് ലില്ലിക്കുമൊപ്പം വീട്ടിലെത്തി. വീട്ടിലെത്തിയ ഉടൻ സഹോദരി റീന ജോർജിനെ ചേർത്തുപിടിച്ച് സന്തോഷം പങ്കിട്ടു. തന്റെ മോചനത്തിനായി പ്രാർഥിച്ചവരോടും സഹായം ചെയ്തവരോടും നന്ദി അറിയിച്ചു.
യുദ്ധം കനത്ത സാഹചര്യത്തിൽ ഭയപ്പാടോടെയാണ് ഇറാനിലെ ചരക്കുകപ്പലിൽ കഴിഞ്ഞിരുന്നതെന്നു ജെറിൻ പറഞ്ഞു. ആകാശത്ത് മിസൈലുകൾ പോകുന്നതും താഴെ വീഴുന്നതും കാണാമായിരുന്നു. പേടി കാരണം മലയാളികളെല്ലാം അടുത്തടുത്തുള്ള കപ്പലുകളിൽ ഒന്നിച്ചാണു കഴിഞ്ഞിരുന്നത്. 40 ദിവസം ഒരുനേരം മാത്രമായിരുന്നു ആഹാരം. ഇറാനിയൻ കപ്പലിലെ എൻജിൻ ടെക്നീഷ്യനായിരുന്നു ജെറിൻ. ദുബായ് തുറമുഖത്ത് എത്തിയപ്പോഴാണ് ഇറാന്റെ ഡ്രോൺ ആക്രമണം തുടങ്ങിയത്.
ദുബായിൽ ഇറങ്ങി നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു എങ്കിലും യുദ്ധം ആരംഭിച്ചതോടെ അതിനുള്ള അവസരം നഷ്ടമായി. ദുബായിലേക്ക് ഇറാൻ മിസൈലുകൾ അയച്ചതിനെ തുടർന്ന് ചരക്ക് ഇറക്കാതെ കപ്പൽ ഇറാനിലേക്കു പുറപ്പെട്ടു. ഇറാനിൽ എത്തിയതോടെ യുദ്ധം രൂക്ഷമായി. ഇന്റർനെറ്റ് സൗകര്യമില്ലാത്തതിനാൽ വീട്ടുകാരുമായി ബന്ധപ്പെടാൻ ബുദ്ധിമുട്ടായിരുന്നു. എങ്ങനെയെങ്കിലും നാട്ടിൽ തിരിച്ച് എത്തണമെന്ന ചിന്തയായിരുന്നു മനസ്സിലെന്നു ജെറിൻ പറഞ്ഞു.
അർമീനിയ വഴി മാത്രമേ ജെറിൻ ജോണിന് നാട്ടിലെത്താനാകൂ എന്നു മനസ്സിലാക്കിയ കെ.സി.വേണുഗോപാൽ അർമീനിയ വീസയ്ക്കുള്ള നടപടി പൂർത്തിയാക്കി. പാസിനു വേണ്ടി ഒരു ദിവസം അവിടെ കാത്തുകിടന്നു. കയ്യിൽ ഭക്ഷണം വാങ്ങാനുള്ള പണം പോലുമില്ലെന്ന നിസ്സഹായത അറിയിച്ചതിനെ തുടർന്ന് കെ.സി.വേണുഗോപാൽ ഇടപെട്ട് വിമാനത്തിൽ കയറുന്നതു വരെയുള്ള ഭക്ഷണം ഏർപ്പാടാക്കി. എംപിയുടെ ചെലവിലാണ് ജെറിനെ നാട്ടിലെത്തിച്ചത്.






