തമിഴ്നാട് തിരഞ്ഞെടുപ്പിൽ വിജയ് ചരിത്രം സൃഷ്ടിച്ച് മുന്നേറുമ്പോള്‍ സന്തോഷം പങ്കിടാൻ നടി തൃഷ നടന്റെ വീട്ടിലെത്തി. നടിയുടെ പിറന്നാൾ ദിനം കൂടിയായിരുന്നു. വിജയ്‌യുടെ പനയൂരിലെ വസതിയിലേക്കാണ് പ്രിയ സുഹൃത്ത് ഈ വലിയ നിമിഷത്തിൽ ഓടിയെത്തിയത്.
അതേസമയം പിറന്നാൾ ദിനത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ തൃഷ ദർശനം നടത്തിയിരുന്നു. തൃഷയുടെ ജന്മദിനം, തമിഴ്നാട്ടിൽ വോട്ടെണ്ണൽ ദിനം എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ കൂടിയുണ്ട് ഈ ദർശനത്തിനു പിന്നിൽ. നടൻ വിജയ‌്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ഈ തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തിയാണ് തൃഷ.
വിജയ്‌യ്ക്കൊപ്പം തന്നെ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് തൃഷയുടെത്. നടി രാഷ്ട്രീയ രംഗത്തില്ലെങ്കിലും വിജയ്‌യുമായി സൗഹൃദം എതിർപാർട്ടികൾ ആയുധമാക്കിയിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജിയില്‍ ഒരു നടിയെ കുറിച്ച് പരാമര്‍ശിച്ചത് തൃഷയെ ഉദ്ദേശിച്ചാണ് എന്ന പ്രചാരണവുമുണ്ടായി.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴക രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം കരുത്തുറ്റ മുന്നേറ്റം തുടരുകയാണ്. ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെ ചെന്നൈ പനയൂരിലെ വിജയ്‍യുടെ വസതിക്ക് മുന്നിൽ ആയിരക്കണക്കിന് പ്രവർത്തകരും ആരാധകരും തടിച്ചുകൂടി ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.





