നൂൽപ്പുഴ: മഴനനയാതെ കയറിക്കിടക്കാൻ ഒരിടമെന്ന സ്വപ്നം ഏഴു വർഷം പിന്നിടുമ്പോഴും നൂൽപ്പുഴ പഞ്ചായത്തിലെ കുമ്പ്രംകൊല്ലി കാട്ടുനായ്ക്ക ഉന്നതിയിലെ സിന്ധുവിനും കുടുംബത്തിനും അത് അപ്രാപ്യമായി തുടരുന്നു. പട്ടികവർഗ്ഗ വകുപ്പ് ഏഴു വർഷം മുൻപ് അനുവദിച്ച വീടിന്റെ പണി ഭിത്തി വരെ കെട്ടി നിർത്തിയതോടെയാണ് അഞ്ചുപേരടങ്ങുന്ന ഈ കുടുംബം താൽക്കാലിക ഷെഡിൽ ദുരിതത്തിലായത്.
പണി പൂർത്തിയാക്കാമെന്ന് പറഞ്ഞ് കരാറുകാരൻ മുങ്ങിയതോടെ സിന്ധുവും ഭർത്താവ് രവിയും
വിദ്യാർത്ഥികളായ മൂന്ന് മക്കളും പുല്ലുമേഞ്ഞ കൂരയിലാണ് വർഷങ്ങളായി കഴിയുന്നത്.
മഴക്കാലത്ത് ചോർന്നൊലിക്കുന്ന ഈ ഷെഡിൽ വൈദ്യുതി പോലുമില്ലാത്തതിനാൽ കുട്ടികളുടെ
പഠനവും വലിയ പ്രതിസന്ധിയിലാണ്. വീടുപണി തീരാത്തതിനാൽ വൈദ്യുതി കണക്ഷൻ
ലഭിക്കാത്ത സാഹചര്യമാണുള്ളത്.
പഞ്ചായത്തധികൃതർക്കും ട്രൈബൽ വകുപ്പിനും പലതവണ പരാതി നൽകിയിട്ടും വീടിന്റെ
മേൽക്കൂരയെങ്കിലും വാർത്തുനൽകാൻ നടപടിയുണ്ടായില്ലെന്ന് സിന്ധു
പറയുന്നു. കരാറുകാരനെ ഫോണിൽ പോലും ലഭിക്കാത്ത സ്ഥിതിയാണ്. വർഷങ്ങൾ
കഴിഞ്ഞതിനാൽ അനുവദിച്ച പഴയ തുക ഉപയോഗിച്ച് പണി തീർക്കാൻ
കഴിയില്ലെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ, സംഭവത്തിൽ ഫയലുകൾ
പരിശോധിച്ചുവരികയാണെന്നും കരാറുകാരനെ കണ്ടെത്തി ചർച്ച
നടത്തി പണി പൂർത്തിയാക്കാൻ നടപടിയെടുക്കുമെന്നും വാർഡംഗം സുമാ പ്രമോദ്
അറിയിച്ചു.






